മാടമ്പി, ഗ്രാന്റ് മാസ്റ്റർ,മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന 'വില്ലൻ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളാവട്ടെ മലയാളത്തിലെയും തമിഴിലെയും മികച്ച നടിനടന്മാരും. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ചിത്രം നേടിയിരിക്കുകയാണ്. റിലീസിന് മുൻപേ ഓഡിയോ റൈറ്റ്‌സ് വില്പനയിൽ സ്വന്തമാക്കിയ നേട്ടത്തിന് പിന്നാലെ ഇപ്പോൾ പരിഭാഷാ പതിപ്പിന്റെ അവകാശം വിറ്റ വകയിലും റെക്കോർഡ് നേട്ടമാണ് മോഹൻലാലിന്റെ ബി.ഉണ്ണികൃഷ്ണൻ ചിത്രം 'വില്ലൻ' സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പരിഭാഷാ പതിപ്പിന്റെ അവകാശമാണ് ഉയർന്ന തുകയ്ക്ക് വിൽപന നടന്നത്.

ഒരു കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. മലയാളസിനിമയെ സംബന്ധിച്ച് ഈയിനത്തിൽ അപ്രതീക്ഷിത തുകയാണിത്.നേരത്തേ ഓഡിയോ റൈറ്റ്സ് വിൽപന വഴി 10-15 ലക്ഷം രൂപ നേടിയിരുന്നു. ഈയിനത്തിൽ സാധാരണയായി മലയാള സിനിമകൾക്ക് ലഭിക്കുന്നതെങ്കിൽ 50 ലക്ഷം രൂപയാണ് വില്ലന് ലഭിച്ചത്. ബോളിവുഡിലെ പ്രമുക മ്യൂസിക് ലേബലുകളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ഓഡിയോ അവകാശം വാങ്ങിയത്.

തമിഴിൽ നിന്ന് വിശാലും ഹൻസിക മോട്ട്വാനിയും തെലുങ്കിൽ നിന്ന് ശ്രീകാന്തും റാഷി ഖന്നയുമൊക്കെ അഭിനയിക്കുന്ന ചിത്രത്തിൽ നായിക മഞ്ജു വാര്യരാണ്. ആക്ഷൻ കൊറിയോഗ്രഫിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം പുലിമുരുകനിലൂടെ നേടിയ പീറ്റർ ഹെയ്ൻ വീണ്ടും മോഹൻലാലുമൊത്ത് എത്തുകയാണ് 'വില്ലനി'ൽ. പീറ്റർ ഹെയ്നിനൊപ്പം സ്റ്റണ്ട് സിൽവയും ഉണ്ടാവും.

ഇന്ത്യയിൽ 8കെ റെസല്യൂഷനുള്ള ക്യാമറയിൽ പൂർണമായും ചിത്രീകരിക്കുന്ന ആദ്യസിനിമയെന്ന പ്രത്യേകതയുള്ള വില്ലന്റെ ഛായാഗ്രാഹകൻ മനോജ് പരമഹംസയാണ്. സുഷിൻ ശ്യാമാണ് പശ്ചാത്തലസംഗീതം. രംഗനാഥ് രവി ശബ്ദസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഒപ്പം എന്ന സിനിമയ്ക്കായി ജനപ്രീതി സമ്പാദിച്ച ഗാനങ്ങളൊരുക്കിയ ഫോർ മ്യൂസിക്സ് ആണ് സംഗീത സംവിധാനം. റോക്ക്ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലാവും പൂർത്തിയാവുക.