മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന വില്ലൻ എന്ന സിനിമ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ചിത്രം ഏറെ പ്രത്യേകതകളോടെയാണ് എത്തിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ റിലീസ് ഒക്ടോബറിൽ ആണെന്നാണ് പുതിയ വിശേഷം.

സെപ്റ്റംബർ 28 ന് രാമലീല, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം വില്ലനും തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായിരുന്നു ഇത്. മലയാളം,തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും. രാജ്യത്തൊട്ടാകെ ഏകദേശം 1200 തിയേറ്ററുകളിലാണ് സിനിമ. മലയാളത്തിൽ മാത്രം 300 തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാനാണ് തീരുമാനം.

മോഹൻലാലിനൊപ്പം തമിഴ് താരങ്ങളായ വിശാൽ , ഹൻസിക എന്നിവരും, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന എന്നിവരും, മലയാളത്തിൽ നിന്ന് മഞ്ജു വാര്യർ, ചെമ്പൻ വിനോദ്,, അജു വർഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. ബിഗ് ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. ബജരംഗി ഭായിജാൻ , ലിംഗ പോലത്തെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച റോക്ക് ലൈൻ വെങ്കടേഷ് ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണ് വില്ലൻ.