മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. വില്ലൻ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഗുഡ് ഈസ് ബാഡ്, ഇതാണ് സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള കേന്ദ്രകഥാപാത്രമായിരിക്കും മോഹൻലാലിന്റേതെന്ന് സിനിമ സൂചന നൽകുന്നു. മോഹൻലാൽ സർവീസിൽ നിന്ന് പിൻവാങ്ങിയ പൊലീസ് ഓഫീസറുടെ റോളിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നിൽക്കുന്ന സോൾട്ട് ആൻഡ് പെപ്പർ ലുക്കാണ് സിനിമയിലേത്. മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് എന്നീ സിനിമകൾക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻലാൽ ചിത്രമാണ് വില്ലൻ.

മഞ്ജു വാര്യരാണ് നായിക. തമിഴ് താരം വിശാൽ, തെലുങ്ക് നടൻ ശ്രീകാന്ത്, ചെമ്പൻ വിനോദ് ജോസ്, സിദ്ദീഖ്, അജു വർഗ്ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. പീറ്റർ ഹെയിനും സ്റ്റണ്ട് സിൽവയുമാണ് ആക്ഷൻ കൊറിയോഗ്രഫി. വി എഫ് എക്സിന് പ്രാധാന്യം നൽകുന്ന ത്രില്ലർ കൂടിയാണ് വില്ലൻ. ബോളിവുഡിലെ മുൻനിര നിർമ്മാതാവായ റോക്ക് ലൈൻ വെങ്കിടേഷാണ് നിർമ്മാണം. തിരുവനന്തപുരത്ത് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന വില്ലൻ വാഗമണ്ണിലും കൊച്ചിയിലും ചിത്രീകരിക്കും. മനോജ് പരമഹംസയാണ് ക്യാമറ. ഒപ്പം എന്ന സിനിമയുടെ സംഗീതമൊരുക്കിയ മ്യൂസിക് ഫോർ ആണ് സംഗീത സംവിധാനം