കണ്ണൂർ: മോഹൻലാലിന്റെ പേരിൽ താനും ചെറിയൊരു താരമായതിന്റെ സന്തോഷത്തിലാണു മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ ജോബിഷ് തകിടിയേൽ. മോഹൻലാലിന്റെ പുതിയ പടം 'വില്ലൻ' റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലിൽ പകർത്തിയതിനാണു ജോബിഷിനെ പൊലീസ് പിടിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണ്ണൂർ സവിതാ തിയറ്ററിലായിരുന്നു ജോബിഷിനെ കുടുക്കിയ സംഭവം. ഒടുവിൽ 'ലാലേട്ടൻ ക്ഷമിച്ചതായി' അറിയിപ്പു കിട്ടിയതോടെ പൊലീസ് കേസെടുക്കാതെ വിട്ടയച്ചു.

സംഭവത്തെ കുറിച്ച് ജോബിഷ് പറയുന്നത് ഇങ്ങനെയാണ്: 'ലാലേട്ടന്റെ എല്ലാ പടവും റിലീസ് ദിവസം ആദ്യത്തെ ഷോ തന്നെ കാണും. കഴിഞ്ഞ? 18 കൊല്ലമായുള്ള ശീലമാണ്. 2000 ജനുവരി 26നു 'നരസിംഹം' കണ്ട ശേഷം ഇതുവരെ ലാലേട്ടന്റെ ഒരു പടവും ആദ്യത്തെ ഷോ കാണാതിരുന്നിട്ടില്ല. ലാലേട്ടന്റെ സിനിമയുടെ റിലീസ് ദിവസം പുലർച്ചെ വീട്ടിൽ നിന്നിറങ്ങും. മാരുതി സർവീസ് സെന്ററിലാണു ജോലി. അന്ന് ജോലിക്കു പോവില്ല. എനിക്കു ലാലേട്ടനോടുള്ള ആരാധനയെപ്പറ്റി വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം അറിയാം.

'വില്ലൻ്' ഇറങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കുള്ള ഷോ കാണാൻ ചെമ്പന്തൊട്ടിയിലെ വീട്ടിൽ നിന്നു പുലർച്ചെ ആറിന് ഇറങ്ങി. ഫാൻസ് അസോസിയേഷൻകാരിൽ നിന്നാണു ടിക്കറ്റ് കിട്ടിയത്. പടം തുടങ്ങിയപ്പോൾ തിയറ്ററിൽ വലിയ ആർപ്പു വിളിയും ബഹളവുമായിരുന്നു. സ്‌ക്രീനിൽ ലാലേട്ടന്റെ എൻട്രി വന്നപ്പോൾ ആവേശം നിയന്ത്രിക്കാനായില്ല. ആളുകൾ പൂക്കൾ വാരി വിതറുന്നതും മറ്റും ആവേശത്തോടെ മൊബൈലിൽ പകർത്തിയതാണ്. പടം പകർത്തുകയാണെന്ന് ആർക്കോ സംശയം തോന്നി. അങ്ങനെയാണു പൊലീസൊക്കെ വന്നത്.

എന്റെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിന് കാര്യം മനസ്സിലായിരുന്നു. എങ്കിലും വിതരണക്കാരിൽ നിന്നു പരാതി കിട്ടിയിട്ടുള്ളതിനാൽ പരാതി പിൻവലിക്കാതെ എന്നെ വിടാൻ പറ്റില്ലല്ലോ. പൊലീസുകാർ സംവിധായകനെ ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. സംവിധായകൻ ലാലേട്ടനോടു സംസാരിച്ചിട്ടു തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി അറിഞ്ഞു. ആരാധന കൊണ്ട് അൽപം ആവേശം കൂടിപ്പോയതാണ്. ലാലേട്ടൻ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഒടുവിൽ അതു തന്നെ സംഭവിച്ചു.

എന്നെ അറസ്റ്റ് ചെയ്‌തെന്നു ചില ടിവി ചാനലുകളിൽ പേരു സഹിതം വാർത്ത വന്നതു വീട്ടുകാരെ വിഷമിപ്പിച്ചിരുന്നു. ഞാൻ കാര്യം പറഞ്ഞപ്പോൾ അവർക്കു മനസ്സിലായി. ഇത്ര വലിയ ആരാധകനാണെങ്കിലും ജോബിഷിന് ഇതുവരെ മോഹൻലാലിനെ നേരിട്ടു ശരിക്കൊന്നു കാണാൻ കഴിഞ്ഞിട്ടില്ല. 'അയാൾ കഥയെഴുതുകയാണ്' എന്ന പടത്തിന്റെ ഷൂട്ടിങ് കണ്ണൂരിൽ നടക്കുമ്പോൾ ദൂരെ നിന്ന് ഒരു നോക്കു കണ്ടിട്ടുണ്ട്-ജോബിഷ് പറയുന്നു.