പത്തനംതിട്ട: ആറര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ജീവപര്യന്തം തടവുവരെ ശിക്ഷ കിട്ടാവുന്ന കുറ്റവുമാണ്. ഈ കേസിൽ പെരിങ്ങനാട് മുണ്ടപ്പള്ളി ബീനാഭവനിൽ വിൽസൻ പോളിന് (45) അഞ്ചു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും മാത്രമാണ് ശിക്ഷ. പിഴ ഒടുക്കാതെ വന്നാൽ മൂന്നുമാസം വെറും തടവും അനുഭവിക്കണമെന്ന് അഡീഷനൽ ജില്ലാ ജഡ്ജിയും പോക്‌സോ പ്രത്യേക കോടതി ജഡ്ജിയുമായ എസ്. സതീശ് ചന്ദ്രബാബു ഉത്തരവിട്ടു.

ലൈംഗികാതിക്രമങ്ങളിൽ നിന്നു കുട്ടികൾക്കു സംരക്ഷണം നൽകുന്ന പോക്‌സോ നിയമ പ്രകാരം ജില്ലയിൽ പ്രത്യേക കോടതി രൂപീകരിച്ച ശേഷമുള്ള ആദ്യ വിധിയാണിത്. അതുകൊണ്ട് തന്നെ കടുത്ത ശിക്ഷയും പ്രതീക്ഷിച്ചു. ലൈംഗിക ചൂഷണം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചതിന് പോക്‌സോ നിയമത്തിന്റെ എട്ട്, 10 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. പക്ഷേ അഞ്ച് വർഷം മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്.

2014 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂർ എസ്‌ഐയായിരുന്ന നന്ദകുമാർ, കൃഷ്ണൻകുട്ടി എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടാതെ വിൽസൻ പോൾ അന്നു മുതൽ ജയിലിലാണ്. ഈ കാലയളവ് കുറച്ച് അനുഭവിച്ചാൽ മതി. അതായത് ഏതാണ്ട് രണ്ട് വർഷത്തോളം പ്രതി അകത്തു കിടന്നു കഴിഞ്ഞു. ഇനി മൂന്ന് വർഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാൽ മോചിതനാകാനാകും. സമാനകേസുകളിൽ പ്രതികൾക്ക് കേരളത്തിലെ കോടതികൾ ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതൊന്നും ഇവിടെ പ്രതിഫലിച്ചില്ല.

അതിനിടെ വിധി കുറഞ്ഞു പോയ സാഹചര്യത്തിൽ അപ്പീൽ പോകണമെന്ന വാദവും സജീവമാണ്. എന്നാൽ പ്രോസിക്യൂഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.