- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കൊച്ചിയുടെ കുപ്പത്തൊട്ടിയായ കമ്മട്ടിപ്പാടത്ത് ജനിച്ചു; മൈക്കൽ ജാക്സനെ അനുകരിച്ച് ഫയർ ഡാൻസിലുടെ ശ്രദ്ധേയനായി; മാന്ത്രികത്തിലൂടെ അരങ്ങേറ്റം; രാജീവ് രവി ചിത്രത്തിലൂടെ അവാർഡും താരപദവിയും; ഇരവാദം പറയാത്ത അയ്യൻകാളിയിസ്റ്റ്; പുരോഗമനവാദികളുടെ കണ്ണിലുണ്ണി; സ്ത്രീവിരുദ്ധതയുടെ പേരിൽ ഇപ്പോൾ വില്ലൻ; 'വി'നായകൻ വികട നായകനായ കഥ!
''നിങ്ങളുടെ ആദ്യത്തെ സെക്സ് ഭാര്യയുമായി ആയിട്ടായിരുന്നോ, എന്നാൽ എന്റെത് അങ്ങനെയല്ല. ഞാൻ പത്തുസ്ത്രീകളുമായെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് പത്തും ഞാൻ ചോദിച്ച് വാങ്ങിയതാണ്. അല്ലാതെ സ്ത്രീകൾ ഇങ്ങോട്ട് സമീപിച്ചതല്ല.''- മാധവിക്കുട്ടിയുടെ എന്റെ കഥ ഇറങ്ങിയതിനുശേഷം മലയാളികൾ ഏറ്റവും കൂടുതൽ ഞെട്ടിച്ച പരസ്യമായ സെക്സ് ഡയലോഗ് പറഞ്ഞത് നടൻ വിനായകനാണ്. ലൈംഗിക വിഷയങ്ങളിൽ പകൽ മാന്യരും, കടുത്ത സദാചാരവാദിയുമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന മലയാളി ശരിക്കും ഞെട്ടിയ ഒരു വാർത്താ സമ്മേളനം ആയിരുന്നു അത്. അതോടെ ആ നടന്റെ കഥ ഫലത്തിൽ കഴിഞ്ഞ മട്ടാണ്. ഒരു കാലത്ത് പൊളിറ്റിക്കൽ നിലപാടുകളുടെ പേരിൽ, വിനായകനെ ആഘോഷിച്ച ലെഫെ്റ്റ് ലിബറൽ പ്രാഫൈലുകളുടെ കണ്ണിൽ അയാൾ ഇന്ന് വില്ലനാണ്.
പക്ഷേ വിനായകനെ അറിയുന്നവർക്ക് ഇതിലൊന്നും യാതൊരു അത്ഭുദവുമില്ല. തന്റെ മനസ്സിൽ എന്താണോ വരുന്നത് അത് എത്ര ശരിയാലും തെറ്റായാലും അതേപോലെ തുറന്നടിക്കുന്ന പ്രകൃതമാണ് വിനായകന്. 'ഞാൻ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞുപോകും. അത് പിന്നെ വെള്ളമടിച്ചാണ് കഞ്ചാവ് അടിച്ചിട്ടാണ് എന്നൊക്കെ പ്രചാരണം വരും. അതുകൊണ്ടാണ് ഞാൻ അധികം അഭിമുഖങ്ങൾക്കൊന്നും നിന്നുകൊടുക്കാത്തത്്'- ഒരിക്കൽ വിനായകൻ തന്നെ പറഞ്ഞ കാര്യമാണിത്. ഒരു കലാകാരന്റെ എല്ലാവിധ എക്സെൻട്രിസിറ്റീസും ഉള്ള, വികാര ജീവിയായ ഒരു സാധാരണക്കാരനാണ് വിനായകൻ. പക്ഷേ ചില സമയത്ത് അയാളുടെ ഉള്ളിലുള്ള ആൾട്ടർ ഈഗോ പുറത്തുചാടും. അതാണ് കഴിഞ്ഞ ദിവസവും സംഭവിച്ചത്.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ കേരളത്തിൽ ഒരു കൾട്ട് ഫിഗർ ആവുകയായിരുന്നു വിനായകൻ. തിടമ്പേറ്റിയ ആനപ്പുറത്ത് വിനാകന്റെ പടം കൊണ്ടുപോയത് അടക്കമുള്ള സംഭവങ്ങൾ കേരളത്തിലുണ്ടായിരുന്നു. അതിജീവനത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അയാൾ. എന്നാൽ ഇപ്പോൾ ഒറ്റയിടിക്ക് അയാൾ സ്ത്രീവിരുദ്ധനായി. നേരത്തെ ഫോണിലുടെ ഒരു സ്ത്രീയോട് അസഭ്യം പറയുകയും കൂടെക്കിടക്കാൻ ക്ഷണിക്കുയും ചെയ്തിന്റെ പേരിൽ വിനായകനെതിരെ നേരത്തെ കേസ് ഉണ്ട്. ഇതും കൂടിയായതോടെ അയാൾ സോഷ്യൽ മീഡിയിൽ വില്ലനായി മാറുകയാണ്. ഒരു കാലത്ത് 'വി' നായകൻ എന്ന വിക്ടറിയുടെ ചിഹ്നമായിരുന്നു അയാൾ. ഇപ്പോൾ നാക്ക് വില്ലനായതോടെ അയാൾ വികടനായകനായി.
കൊച്ചിയുടെ ചവറ്റുകുട്ടയെന്ന് അറിയപ്പെടുന്ന കമ്മട്ടിപ്പാടത്താണ് വിനായകൻ ജനിച്ചത്. അവിടുത്തെ ഒരു പുലയ കുടുംബത്തിൽ ജനിച്ച്, യാതൊരു ഗോഡ്ഫാദറുമില്ലാതെ സ്വയം വളർന്ന് വലുതായ വിനായകന്റെ ജീവിതം അപ്പോഴും ഒരു അതിശയം തന്നെയാണ്. പക്ഷേ തന്റെ പശ്ചാത്തലം വെച്ച് ഒരു പരിഗണയും വിനായകൻ ആവശ്യപ്പെടുന്നില്ല. മാത്രമല്ല ജാതി- സ്വത്വവാദത്തിന് ഒരിക്കലും അയാൾ വഴങ്ങുന്നുമില്ല.
കമ്മട്ടിപ്പാടത്തിൽ കുരുത്ത കരുത്ത്
രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമ വിനായകനെ സംബന്ധിച്ച് ഒരു വെറും സിനിമായിരുന്നില്ല. അത് അയാളുടെ ജീവിതം കൂടിയായിരുന്നു. എറണാകുളം കെഎസ്ആർടി.സി സ്റ്റാന്റിനു പിന്നിലുള്ള റെയിൽവേ ട്രാക്ക് കടന്നാൽ, ഉദയ കോളനിയായി. അവിടെയാണ് വിനായകൻ എന്ന നടൻ ജനിച്ചുവളർന്ന ഇടം. വിനായകന്റെ ഭാഷയിൽ പറഞ്ഞാൽ മഴക്കാലത്ത് എറണാകുളം നഗരത്തിലെ സകല മാലിന്യങ്ങളും ഒഴുകി ഇവിടെ എത്തും. ഇന്നും ഏതാണ്ട് അത് അങ്ങനെ തന്നെയാണ്. അതിൽ ചവുട്ടിവേണം പിന്നെ കുറേക്കാലം യാത്ര.
രാജീവ് രവിയുടെ 'കമ്മട്ടിപ്പാടം' എന്ന സിനിമ പറഞ്ഞത്, ഉദയ കോളനി അടക്കമുള്ള കോളനികളിൽ ഒതുങ്ങേണ്ടിവന്ന കീഴാള ജീവിതങ്ങളുടെ കഥയായിരുന്നു. നഗരത്തിന്റെ യഥാർത്ഥ ഉടമകൾ എങ്ങനെയാണ് സ്വന്തം ഇടങ്ങളിൽനിന്നും പുറത്തായതെന്ന് ഉദയകോളനിക്കാരോട് ആരും പറയേണ്ടതില്ല. നഗരം വളർന്നപ്പോൾ കോളനികൾക്കുള്ളിലെ അരണ്ട ജീവിതങ്ങളിലേക്കു നിലംപതിച്ചതിന്റെ ആഘാതം ജീവിതം കൊണ്ട് അനുഭവിച്ചവരാണ് അവർ.
ഈ ഉദയകോളനിയിൽ പട്ടിണിയോട് പടവെട്ടിത്തന്നെയായിരുന്നു വിനായകന്റെ ജീവിതം. പക്ഷേ അക്കാര്യം പറയാൻ ഈ നടൻ ഇഷ്ടപ്പെടാറില്ല. അമ്മ ഏറെ കഷട്പ്പെട്ടിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞത്. ''ഞാൻ ഒരു പുലയനാണ്. ഞങ്ങൾ ഓണക്കാലത്ത് സംഘം ചേർന്ന് ഓണക്കളി കളിക്കും. എന്റെ അമ്മയും ഞാനുമൊക്കെ അതിലുണ്ടാവും. അതാണ് സത്യത്തിൽ എനിക്ക് താളബോധം തന്നത്. ചെറുപ്പത്തിലേ ഞാൻ ഡാൻസറാണ്. അന്ന് മൈക്കൽ ജാക്സൻ കത്തിനിൽക്കുന്ന കാലമാണ്. ഞങ്ങൾ ജാക്സന്റെ ആരാധകരായി. അങ്ങനെ തുടങ്ങിയ ഡാൻസ് ഗ്രൂപ്പ് വളർന്നു. അതാണ് എന്നെ ഇവിടെ എത്തിച്ചത്.'- ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറയുന്നു.
ഫയർ ഡാൻസിലൂടെ സിനിമയിലേക്ക്
ജാതിവാദികൾക്കും സ്വത്വാവാദികൾക്കും, പലപ്പോഴും അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള മറുപടിയല്ല വിനായകനിൽനിന്ന് കിട്ടുക. താൻ ദലിതൻ എന്ന അപകർഷാതാബോധത്തിൽ ഒരിക്കലും ജീവിച്ചിട്ടില്ല എന്നാണ് വിനായകൻ പറയുക. അയ്യൻകാളിയെപ്പോലെ കീരീടം വെച്ച് ഫെരാരി കാറിൽ വന്നിറങ്ങുന്ന ജീവിതമാണ് താൻ ആഗ്രഹിച്ചത്. ''എന്റെ സുഹൃത്തുക്കൾ എല്ലാം സമ്പന്നർ ആയിരുന്നു. ഞങ്ങൾക്കിടയിൽ ജാതിയും മതവുമൊന്നും ഒരു പ്രശ്നമായിരുന്നില്ല. എന്റെ ഫയർ ഡാൻസ് വളരെ പെട്ടെന്ന് പ്രശസ്തമായി. അതിലുടെയാണ്. ഇന്നും സംഗീതവും നൃത്തവുമാണ് എന്റെ ജീവൻ. അതുകഴിഞ്ഞേ സിനിമയുള്ളൂ''- വിനായകൻ പറയുന്നു. വിനായകന്റെ സംഗീതാഭിമുഖ്യമാണ് കമ്മട്ടിപ്പാടത്തിലെ 'പുഴുപുലികൾ' എന്ന ഗാനത്തിൽ കാണുന്നത്. പ്രമുഖ കവി അൻവർ അലി എഴുതിയ വരികൾക്ക് ഈണമിട്ടത് വിനായകനായിരുന്നു. ഉടുക്കും പുള്ളുവർ കുടവും അകമ്പടി പകരുന്ന ആ ഗാനം മലയാള സിനിമയ്ക്ക് അത്ര പരിചിതമായ ഒന്നായിരുന്നില്ല. മുഖ്യഗായകർക്കൊപ്പം വിനായകനും കോറസ് പാടുന്നുണ്ട് ഈ ഗാനത്തിൽ. താൻ ജനിച്ച അന്നുമുതൽ കേൾക്കുന്ന ബസ്സ്്റ്റാൻഡിന്റെ സംഗീതം എന്നാണ് ഇതിനെ വിനായകൻ വിശേഷിപ്പിച്ചത്.
ബ്രേക്ക് ഡാൻസിലുടെയും ഫയർഡാൻസിലുടെയും വിനായകൻ വളരെ പെട്ടന്നാണ് നാട്ടിലെ താരമായത്. അങ്ങനെ പ്രമുഖ കോളജുകളിലൊക്കെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നതിനുള്ള അവസരവും, ഈ ഡ്യൂപ്ലിക്കേറ്റ് മൈക്കൾ ജാക്സന് കൈവന്നു. മഹാരാജാസ് കോളജിന്റെ കാമ്പസിനകത്തുകയറി പെൺകുട്ടികളെ ബ്രേക്ക് ഡാൻസ് കളിച്ച് വിസ്മയിപ്പിച്ച വിനായകനെ മതിൽക്കെട്ടിനകത്തിട്ട് ഓടിച്ചിട്ട് തല്ലിയിട്ടുമുണ്ട്്. ഇന്ന് മലയാള സിനിമയിലെ പ്രമുഖനായ സംവിധാകയന്റെ നേതൃത്വത്തിലാണ് തല്ല് നടന്നത്. അതേക്കുറിച്ച് ഒരു പോർട്ടലിൽ വന്ന വാർത്ത ഇങ്ങനെയാണ്.
'അന്നു ഞങ്ങൾ മഹരാജാസിൽ ഡിഗ്രി വിദ്യാർത്ഥികൾ. രാഷ്ട്രീയവും സിനിമയുമൊക്കെയായി കാമ്പസിൽ സജീവം. ഒരു ദിവസം പെൺകുട്ടികളടക്കമുള്ള ഒരു കൂട്ടത്തിനു നടുവിൽ കറുത്തു മെലിഞ്ഞ ഒരുത്തൻ ബ്രേക്ക് ഡാൻസ് സറ്റെപ്പ് കാണിക്കുന്നു. എല്ലാവരും കൈയടിച്ച് അവനെ പ്രോത്സാഹിപ്പിക്കുന്നു. സ്വഭാവികമായൊരു അസൂയ ഞങ്ങളിലുണ്ടായി. പ്രീഡിഗ്രിക്കാരനായ ഏതെങ്കിലും പയ്യനായിരിക്കുമെന്നാണ് കരുതിയത്. പിന്നീടും അവന്റെ പ്രകടനങ്ങൾ കാണേണ്ടി വന്നു. അങ്ങനെയൊരു ദിവസമാണ് ആ സത്യം ഞങ്ങൾ അറിഞ്ഞത്. ആ പയ്യൻ കോളേജിൽ പഠിക്കുന്നവനല്ല. പുറത്തു നിന്നും വരുന്നതാണ്. കോളേജിലെ പിള്ളേരെ ഡാൻസ് പഠിപ്പിക്കാൻ. അത്രമാത്രം കേട്ടാൽ മതിയായിരുന്നു. പെൺകുട്ടികൾക്കു നടുവിൽ കിടന്നു ഡാൻസ് കളിച്ചു കയ്യടി വാങ്ങിച്ച് അവൻ ഞങ്ങളുടെ രക്തയോട്ടം കൂറെ കൂട്ടിയതാണ്. ഇനിയവനെ അതിനനുവദിക്കരുതെന്ന ഉറച്ച തീരുമാനത്തിൽ അന്നു മഹാരാജാസിന്റെ മതിൽക്കെട്ടിനകത്ത് ഓടിച്ചിട്ട് തല്ലി. അന്നവൻ എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല. വിജഗീഷുക്കളെ പോലെ നടന്ന നീങ്ങിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അപ്പോൾ ഒരു വാർത്ത കിട്ടി.
ആ പയ്യൻ ഉദയാ കോളനിയിലേതാണ്? ഉദയ കോളനിയിലേത് എന്ന സൂചനയിൽ എല്ലാമുണ്ട്. പിന്നീട് കുറച്ചു ദിവസം ഞങ്ങൾ കോളേജിൽ കയറാതെ നടന്നു; പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല''- അങ്ങനെ മഹാരാജസിൽ അടക്കം ശരിക്കും ഹീറോ ആയിരുന്നു വിനായകൻ. മൈക്കിൾ ജാക്സന്റെ വേഷമിട്ട് ദേഹമാസകലം പന്തമുഴിഞ്ഞ് നടത്തുന്ന ഫയർ ഡാൻസ് ആയിരുന്നു അക്കാലത്തെ മാസ്റ്റർ പീസ്. അതുകാരണമാണ് സിനിമയിലേക്ക് വിളിയും വന്നത്.
വെള്ളിത്തിരയിൽ എത്തിയത് ലാൽജോസ് വഴി
മോഹൻലാൽ - തമ്പി കണ്ണന്താനം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ മാന്ത്രികം എന്ന സിനിമയുടെ ചിത്രീകരണ സമയം. അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നത് ഇന്ന് മലയാളത്തിന്റെ പ്രിയ സംവിധായകനായ ലാൽ ജോസാണ്. സിനിമയുടെ ചിത്രീകരണത്തിനായി മദ്രാസിലേക്ക് പോകും വഴി യാദൃശ്ചികമായാണ് ലാൽ ജോസ് കൊച്ചിയിൽ ഒരു ബാച്ചിലേഴ്സ് പാർട്ടിയിൽ എത്തിപ്പെട്ടത്. പാർട്ടിക്കിടെ ഒരു മുഖം അദ്ദേഹത്തിന്റെ കണ്ണിലുടക്കി; കറുത്ത് മെലിഞ്ഞു, മുടി നീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ.
കെട്ടിലും മട്ടിലുമെല്ലാം മൈക്കിൾ ജാക്സൺ. നാട് കാണാനെത്തിയ ആഫ്രോ-അമേരിക്കൻ വംശജനായിരിക്കും എന്ന് കരുതിയ ലാൽ ജോസിനു തെറ്റി. നൃത്തം കഴിഞ്ഞപ്പോഴതാ മൈക്കിൾ ജാക്സൺ നല്ല കിടുക്കാൻ കൊച്ചി ഭാഷയിൽ സംസാരിക്കുന്നു. ആളെക്കുറിച്ചു അദ്ദേഹം അന്വേഷിച്ചു. കുറച്ചു വിവരങ്ങൾ കിട്ടി. വിനായകൻ എന്നാണ് പേര്. കെ.എസ്.ആർ.ടി.സിക്കപ്പുറത്തെ റെയിൽവേ ട്രാക്കിനടുത്താണ് വീട്. നന്നായി ഡാൻസ് ചെയ്യും. സ്റ്റേജ് പ്രോഗ്രാമിലൊക്കെ പങ്കെടുക്കാറുണ്ട്.
മാന്ത്രികം സിനിമയിലേക്ക് ആവശ്യമുള്ള ജിപ്സികളെ തെരെഞ്ഞെടുക്കുകയാണ്. അപ്പോഴാണ് ലാൽ ജോസിന് കഴിഞ്ഞ ദിവസം കൊച്ചിയിൽ കണ്ട വിനായകന്റെ മുഖം ഓർമ വന്നത്. സംവിധായകനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും പൂർണ സമ്മതം. അങ്ങനെ കൊച്ചിയിലെ സൂഹൃത്ത് വഴി വിനായകനെ വിവരമറിയിച്ചു. വിനായകൻ മദ്രാസിലേക്ക് വണ്ടി കയറി. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന മദ്രാസ് റയിൽവേ സ്റ്റേഷനിൽ നിന്ന് മൈക്കിൾ ജാക്സൺ സ്റ്റൈലിലെത്തിയ വിനായകനെ കണ്ടുപിടിക്കാൻ മാനേജർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കണ്ടു കഴിഞ്ഞപ്പോൾ തമ്പി കണ്ണന്താനത്തിനും തൃപ്തി - ജിപ്സിയായി വിനായകൻ നിറഞ്ഞാടി. പിന്നീടങ്ങോട്ടുള്ളത് ഒരു പുതിയ നടന്റെ പിറവിയായിരുന്നു.
മൊന്തയിൽനിന്ന് ഗംഗയിലേക്ക്
തുടക്കത്തിൽ നിസ്സാരമായ വേഷങ്ങളാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് വിനായകൻ തന്നെ പറയാറുണ്ട്. അപ്പോളും നൃത്തം തന്നെ ആയിരുന്നു വരുമാന മാർഗം. ആയിടക്ക് കലാഭവൻ മണിക്ക് തിരക്കായപ്പോൾ കുറച്ച് വേഷങ്ങളിൽ വിനായകൻ പകരക്കാരനായി എത്തി. മണിയുടെ കുറത്ത നിറമായിരുന്നു അയാളുടെ സിനിമകളെ നിർണയിച്ചത്. വിനായകൻെ വേഷങ്ങളെ നിർണയിച്ചതും അയാളുടെ രൂപവും നിറവുമൊക്കെ ആയിരുന്നു.
എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ് വയലൻസിലെ മൊന്ത എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് വിനായകനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കുന്നത്. പിന്നീട് വന്ന സിനിമകളിൽ സ്ഥിരം ക്വട്ടേഷൻ ടീമുകളിലെ അംഗമായി വിനായകൻ. ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ് വിനായകന്റെ പ്ളസ് പോയിന്റ്. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
2012ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി. ഇയ്യോബിന്റെ പുസ്തകം, ആട് , കലി, ഈ മ യൗ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങൾ വിനായകന് ഭാഗ്യം കൊണ്ടുവന്നു. തുടർന്ന് 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെ വിനായകൻ പ്രേക്ഷകരെ ഞെട്ടിച്ചു. നായകനായും പ്രതിനായകനായും തനിക്ക് ഇനിയും മലയാള സിനിമയിൽ ഏറെ ദൂരം പോവാനുണ്ടെന്ന് വിനായകൻ ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ.
ലോക ചരിത്രത്തിലെ തന്നെ അപൂർമായ ഒരു സംഭവത്തിനും കമ്മട്ടിപ്പാടം സാക്ഷ്യം വഹിച്ചു. കാരണം ഈ ചിത്രത്തിന് അവാർഡ് ലഭിക്കുന്നത്, ജനങ്ങളുടെ സമ്മർദത്തെ തുടർന്നാണ്. വിനായകന് അവാർഡ് കൊടുത്തേ മതിയാവു്, എന്ന് സോഷ്യൽ മീഡിയ പറഞ്ഞു. അവസാനം അത് അധികൃതരുടെ ചെവിയിലുമെത്തി. അവാർഡ് ലഭിച്ച വിനായകനും പറഞ്ഞത് ഇത് എന്തോ ഒരു പ്രതിഷേധത്തിന്റെ തുടർച്ചയാണെന്നാണ്. സോ കോൾഡ് നായകന്മാർക്ക് കിട്ടുന്ന അവാർഡുകൾ ഒരു പാരമ്പര്യവുമില്ലാത്ത ഒരാളിലേക്ക് മാറി.
കമ്മട്ടിപ്പാടത്തിലെ ഗംഗ വിനായകന്റെ ജീവിതവും മാറ്റിമറിച്ചു. ശരിക്കും ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെ അയാൾക്ക് കിട്ടി. അവാർഡ് അറിഞ്ഞ് വീട്ടിലെത്തിയ മാധ്യമങ്ങൾ ലഡു അമ്മയുടെ വായിൽവെച്ച് കെട്ടിപ്പിടിക്കുന്ന ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ വിനായകൻ വ്യത്യസ്തനായി. താൻ ഇതുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്നും ഇനി ഇത്തരം പരിപാടിക്ക് ഇല്ലെന്നും. കണ്ടില്ലേ ആ സത്യസന്ധതയാണ് വിനായകൻ എന്ന് അന്ന് ജനം പറഞ്ഞു. തുടർന്ന് നടന്ന ഒന്ന് രണ്ട് അഭിമുഖങ്ങളും പരിപാടികളും വിവിനായകനെ ശരിക്കും ഒരു സാംസ്കാരിക നായകനിലേക്ക് ഉയർത്തി.
'എന്റെ ബന്ധുക്കൾ ഇപ്പോളും ചെളിക്കുളിയിൽ'
അവാർഡിന് ശേഷം വിനായകൻ ആദ്യം പ്രത്യക്ഷപ്പെട്ട ഒരു പൊതുപരിപാടി കമ്മട്ടിപ്പാടവുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു. പൊതുപരിപാടിക്ക് പങ്കെടടുക്കാത്ത താനിവിടെ എത്തിയത്, ഒരൊറ്റ ചോദ്യം ചോദിക്കാനാണ് എന്നാണ് വിനായകൻ പറഞ്ഞത്.
'ആരാണ് ഗംഗയുടെ ഡെഡ് ബോഡി കൊണ്ടുപോവുമ്പോ ആ വഴി അത്രയ്ക്കും ചെറുതാക്കിയത്' എന്നതായിരുന്നു ആ ചോദ്യം. ഗംഗയുടെ മരണമെത്തുമ്പോഴേക്കും കമ്മട്ടിപ്പാടം ആർത്തിപൂണ്ട കച്ചവടക്കാരും നഗരവും ചേർന്ന് വീതം വെച്ചെടുത്തിരുന്നു. മണ്ണിന്റെ യഥാർത്ഥ അവകാശികളെ ഓരങ്ങളിലേക്ക് വകഞ്ഞു മാറ്റിയാണ് നഗരം വളർന്നത്. അങ്ങനെയാണ് ഗംഗയുടെ ശവയാത്രയ്ക്കുള്ള വഴി ഇടുങ്ങിയതായത്. തികച്ചും രാഷ്ട്രീയമായ ചോദ്യമായിരുന്നു അത്.
പിന്നീട് ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസുമായി നടന്ന അഭിമുഖത്തിലും വിനായകൻ കപട വികസന സങ്കൽപ്പങ്ങളെ പൊളിച്ച് തന്റെ നിലപാടുകൾ ആവർത്തിച്ചു. '' ആദ്യം ഒരു പാലമാണ് പലയിടത്തേക്കും വരിക. പിന്നെ പാലത്തിന്റെ ചുവട് ഒരു ഡാർക്ക് ഏരിയ ആകുന്നു. ഇങ്ങനെ എത്രയോ സ്ഥലങ്ങളുണ്ട്. ഞാൻ എന്റെ വീട്ടിൽനിന്ന് രാവിലെ എണീക്കുമ്പോൾ കാണുന്നത് ഒരുത്തൻ വെളിക്കിരിക്കുന്നതാണ്. അപ്പോൾ എനിക്ക് സംസ്ക്കാര സമ്പന്നമായ ഭാഷ നാക്കിൽ വരുമോ. അങ്ങനെ തെറിപറയുമ്പോൾ ഇത്തരം മോശം വാക്കുകൾ പറയാമോ എന്നാണ് ചോദ്യം. അല്ലാതെ നിങ്ങൾ എന്നോട് ചെയ്തതല്ല പ്രശ്നം'- വിനായകൻ തുറന്നടിക്കുന്നു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി പല നിലപാടുകളും എടുത്ത് ഞെട്ടിച്ചിട്ടുണ്ട് വിവായകൻ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും അയാൾ കൊച്ചി കൊർപ്പറേഷനെതിരെ രൂക്ഷ വിമർശനം ഉയർത്തി. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടാണ് വിമർശനം. കൊച്ചിയിൽ കായൽ നികത്താൻ ഇനി കുറച്ചുകൂടിയെ ഉള്ളൂവെന്നും അതുകൂടി അധികാരികൾ ചെയ്യണമെന്നും വിനായകൻ പരിഹസിച്ചു. ഇവിടെ ഒരു കാര്യവും നന്നാകാൻ പോകുന്നില്ലെന്നും വികസനത്തിന്റെ പേരിൽ തോടും കായലും നികത്തുകയാണെന്നും വിനായകൻ തുറന്നടിച്ചു.
'ആദ്യം ഇവിടെയൊരു മറൈൻഡ്രൈവ് ഉണ്ടാക്കി. ആർക്കോ വേണ്ടിയാണ് ഓരോന്ന് പണിയുന്നത്. ബോൾഗാട്ടിയുടെ പിന്നിൽ കുറേ സ്ഥലം നികത്തി. കൊച്ചി കായൽ ഇനി കുറച്ച് കൂടിയെ നികത്താൻ ഉള്ളൂ. അതും കൂടി ചെയ്ത് തരണം. അല്ലാതെ ഇവിടെ വേറെയൊന്നും ശരിയാകാൻ പോകുന്നില്ല. ആരും ഒന്നും നന്നാക്കാൻ പോകുന്നില്ല. ഇവിടെയൊരു ടൗൺ പ്ലാനിങ്ങില്ല. ആർക്കോ വേണ്ടിയാണ് ഓരോന്ന് ചെയ്യുന്നത്. വിദ്യാഭ്യാസമില്ലാത്ത എനിക്ക് പോലും മനസിലാകുന്നുണ്ട്. എന്നിട്ടും അറിവും വിദ്യാഭ്യാസവുമുള്ള അധികാരികൾക്ക് ഇതൊന്നും മനസിലാകുന്നില്ലേ?' വിനായകൻ ചോദിച്ചു.
കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയമായെന്ന് വിനായകൻ പറഞ്ഞു. കൊച്ചിയിലുണ്ടായിരുന്ന തോടുകളൊന്നും കാണാനില്ല. ചെളിക്കുണ്ടിലാണ് ജനങ്ങൾ കിടക്കുന്നത്. പനമ്പള്ളിനഗറിൽ തന്റെ ബന്ധുക്കളടക്കം ചെളിക്കുണ്ടിൽ കിടക്കുകയായിരുന്നു. ഭരിക്കുന്നത് ഇടതോ വലതോ എന്നുള്ളതല്ല ഇവിടെ എല്ലാവരും കട്ടുമുടിക്കുകയാണ്. അടിച്ചുമാറ്റലാണ് മൊത്തം നടക്കുന്നത്. കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയമായി. ജി.സി.ഡി.എ തല്ലിപ്പൊളിച്ച് കളയണം. അടിച്ചുമാറ്റി ഭരിക്കുന്നവരുടെ വീട്ടിലേക്ക് ജനങ്ങളിറങ്ങുമെന്നും വിനായകൻ രോഷം കൊണ്ടു.
നായകനിൽനിന്ന് വില്ലനിലേക്ക്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തൊക്കെ ഇടതുപക്ഷത്തിനുവേണ്ടി പരസ്യമായി നിലപാട് എടുത്ത നടനാണ് വിനായകൻ. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു. ഇതിന്റെ പേരിൽ സൈബർ ആക്രമണം നടന്നപ്പോൾ, ദദ്രകാളിയുടെ പടം പ്രൊഫൈൽ പിക്കായതും ചർച്ചയായി.നടിയെ ആക്രമിച്ച കേസിൽ ഇരക്കൊപ്പം നിന്ന നടന്മാരിൽ ഒരാളാണ് വിനായകൻ. ഇതെല്ലാം ചേർന്നതോടെ ലെഫ്റ്റ്-ലിബറൽ സൈബർ പോരാളികളുടെ പ്രിയപ്പെട്ടവനായി വിനായകൻ. അവരാണ് 'വി' നായകൻ എന്ന പേരിട്ടതും. എന്നാൽ ഈ കീർത്തി അധികനാൾ നീണ്ടുനിന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റിട്ടും ബിജെപിയുടേയും സംഘപരിവാറിന്റേയും അജണ്ട കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കും ആർഎസ്എസിനും കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും നമ്മളൊക്കെ മിടുക്കന്മാരാണെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വിനായകൻ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനായി കളത്തിൽ ഇറങ്ങില്ല, പക്ഷേ എപ്പോഴും കമ്മ്യൂണിസ്റ്റായിരിക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നും വിനായകൻ സൈബർ ആക്രമണം നേരിട്ടു.
അന്നും ഇന്നും വിനായകന്റെ ഏറ്റവും വലിയ പ്രശ്നം അദ്ദേഹത്തിന്റെ നാക്കുതന്നെയാണെന്നാണ് ബാല്യകാല സുഹൃത്തുക്കൾ പറയുന്നത്. ചില സമയത്ത് വിനായകൻ എന്താണ് പറയുക എന്നത് അദ്ദേഹത്തിന് തന്നെ അറിയില്ല. അങ്ങനെയാണ് ദലിത് ആക്റ്റീവിസ്റ്റ് മൃദുലാദേവി എന്ന സ്ത്രീയൊട് ഫോണിൽ തെറിപറഞ്ഞതും കൂടെക്കിടക്കാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണം വരുന്നത്. ഇതിന്റെ പേരിൽ മീടു ആരോപണം വന്നു. കേസ് ആയി. വിനായകൻ കെട്ടിപ്പൊക്കിയ എല്ലാ ഇമേജും തകർന്നു.
''നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.-ഇതാണ് മൃദുല ഫെയ്സ് ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ വിനായകനെതിരെ വ്യാപക പ്രതിഷേധവും എത്തി.
തുടർന്ന് സംഭവത്തിൽ പ്രതികരണവുമായി വിനായകൻ രംഗത്തെത്തി. താൻ ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ലെന്നും ഫോണിൽ തന്നെ വിളിച്ചവരാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്നുമായിരുന്നു വിനായകൻ പറഞ്ഞത്. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞെന്നും ആ പരിപാടിക്ക് വരിക എന്നത് എന്റെ ബാധ്യതയാണെന്ന മട്ടിൽ അവൻ തന്നോട് സംസാരിച്ചെന്നുമായിരുന്നു വിനായകൻ പറഞ്ഞത്.
ഇതുപിന്നാലെ വിനായകന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ദളിത് ആക്ടിവിസ്റ്റായ കെ ദിനുവും രംഗത്ത് എത്തി. കേൾക്കാനറക്കുന്നതും പറയാനറക്കുന്നതുമായ തെറികളാണ് വിനായകൻ നിരന്തരം ഫോണിൽ വിളിച്ച് പറഞ്ഞതെന്നും ദിനു വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദൃക്സാക്ഷിയായ ദിനു ആ സമയത്ത് മൃദുലാദേവിക്ക് ഒപ്പമുണ്ടായിരുന്നു. വാഹനത്തിൽ ഇരുന്ന് തന്നെയാണ് ദിനു ആദ്യമായി വിനായകനെ വിളിച്ചത്. തന്റെ പേര് പേര് ദിനു എന്നാണെന്നും താനൊരു ദളിത് ചെറുപ്പക്കാരനാണെന്നും ക്യാമ്പിന്റെ വിവരങ്ങളും കോളനിയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടിയാണെന്നും വിശദമായി പറഞ്ഞപ്പോൾ തിരിച്ചു ചോദിച്ചത് കേട്ട് താൻ അമ്പരന്നുപോയി എന്ന് ദിനു പറയുന്നു. 'നീ കുണ്ടനാണോടാ' എന്നാണ് വിനായകൻ അപ്പോൾ തിരിച്ചു ചോദിച്ചത്. തുടർന്ന് ലൈംഗികതയെ സൂചിപ്പിക്കുന്ന തരത്തിലുള്ള തെറിയഭിഷേകമായിരുന്നു എന്നും ദിനു പറയുന്നു.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
അതുപോലെ സിനിമ ഒരു സംഭവം അല്ലെന്നും തനിക്ക് ഇത് വെറും ഒരു ജോലിമാത്രമാണെന്നുമാണ് വിനായകന്റെ നിലപാട്. കാശ്മാത്രമാണ് എനിക്ക് പ്രധാനം എന്ന് ഇത്രയും തുറന്നടിച്ച് പറയാൻ വേറെ ആർക്ക് കഴിയും. പക്ഷേ ചെയ്യുന്നത് ആത്മാർത്ഥമായി ജോലി ചെയ്യുമെന്നും ഒരഭിമുഖത്തിൽ വിനായകൻ പറയുന്നു. ഡാൻസും പാട്ടുമാണ് തന്റെ ലോകമെന്ന് വിശ്വസിച്ച താനിപ്പോൾ സിനിമയിൽ ലോക്ക് ആയിപ്പോയിട്ടുണ്ടെന്നും ഇത്രയേറെ സിനിമയിൽ അഭിനയിച്ചതിനു ശേഷം അയാൾ പറയുന്നു. കിട്ടുന്ന സമയം വീട്ടിലിരിക്കാൻ ഇഷ്്ടപ്പെടുന്ന ഒരാളാണ് താനെന്നാണ് വിനായകൻ തുറന്നു പറയുന്നത്. 25 ദിവസമൊക്കെ വീട്ടിൽത്തന്നെ ഇരിക്കാനാണ് ഇഷ്ടം. '''പുറത്തിറങ്ങിയാൽ എന്തു കാണാനാണ്. എന്ത് സംസാരിക്കാനാണ്? ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന ഒരാളാണ്''- ഈ രീതിയിൽ സാധാരണ ഒരാൾ പറയുമോ. അതാണ് വിനായകൻ.
അതുപോലെ സിനിമയിലെ താരങ്ങളെയും ആരാധകരെയുമൊന്നും അയാൾ തരിമ്പും വിലകൽപ്പിക്കുന്നില്ല. ഒരു സൂപ്പർതാരത്തിന്റെ ഒന്നിനും കൊള്ളാത്ത പടം ആദ്യ ദിനം ഒന്നരക്കോടിയെന്ന് തള്ളുന്നതിനെ പരിഹസിക്കാൻ വേറെ ആർക്കുക കഴിയും. അതുപോലെ ഫാൻസുകാരെ ഒരു പണിയുമില്ലാത്ത തെണ്ടികൾ എന്ന് പരിഹസിക്കാനും.
എന്തൊക്കെ ആയാലും സാമ്പ്രദായിക രീതിയിൽ ജീവിക്കുന്ന ഒരാളല്ല വിനായകൻ എന്ന് വ്യക്തം. തനിക്ക് നേരെയുണ്ടായ മീ ടു ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി, സെക്സ് ചോദിച്ചുവാങ്ങുമെന്ന് പറയുന്നത് ഇപ്പോൾ അതിലേറെ പൊല്ലാപ്പായി. 'വി' നായകൻ കേരളത്തിൽ അതോടെ വികടസരസ്വതിയുടെ നായകനായി. ആൺ അഹന്തയുടെ സ്ത്രീവിരുദ്ധയയുടെയും കേന്ദ്രമായി മാറി. വിമർശകരെ കുറ്റം പറയാൻ കഴിയില്ല. വിനായകന്റെ ശരീര ഭാഷ അങ്ങനെയായിരുന്നു.
കലാകാരന്മാരെ മാതൃകയാക്കു എന്നത് തീർത്തും തെറ്റായ ഒരു ധാരണയാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് ഒക്കെ പറയാറുണ്ട്. ലോകത്തിൽ എവിടെയും കാലകാരൻ മാതൃകയല്ല. ബാലപീഡകൻ എന്ന ആരോപണം വന്ന മൈക്കിൽ ജാക്സൻ തൊട്ട് നിരവധി സ്ത്രീകൾ ആരോപണം ഉന്നതിച്ച് മാർലൻ ബ്രാന്റോ അടക്കമുള്ള കലാകാരന്മാരുടെ ജീവിതം അതാണ് തെളിയിക്കുന്നത്. കേരളത്തിൽ തന്നെ വിനായകൻ ഇത് തുറന്നു പറയുന്നുവെന്നെയുള്ളൂ. നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയുക എന്ന് പറഞ്ഞാൽ വിനായകനെ കല്ലെറിയാൻ എത്രപേർക്ക് കഴിയും. തനിക്ക് സെ്കസ് വേണമെങ്കിൽ ഇഷ്ടം തോന്നിയ പെൺകുട്ടിയോട് ഞാൻ നേരിട്ട് ചോദിക്കുമെന്നാണ് വിനയകൻ പറയാൻ ഉദ്ദേശിച്ചത്. വളഞ്ഞവഴിയിലുടെയും, കോക്കസുകളിലുടെയും, അവസരങ്ങൾ വാഗ്ദാനം ചെയ്തും, വിവാഹവാഗ്ധാനങ്ങളും നടത്തി ലൈംഗികത നിർവ്വഹിക്കുന്നവരേക്കാൾ എത്രയോ ഭേദമായിരുന്നില്ലേ അത്.
പക്ഷേ ആ രീതിലേക്ക് ആരും ചർച്ച കൊണ്ടുപോകുന്നില്ല. വിനായകന് ഒരു സ്ത്രീവിരുദ്ധൻ എന്ന ചാപ്പ കിട്ടിക്കഴിഞ്ഞു.സിനിമയിൽ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ, ഇനി സംവിധായകന്റെ മേലങ്കി അണിയാനിരിക്കുന്ന സമയത്താണ് ഇടിത്തീപോലെ 'ഒരുത്തീ' വിവാദം വരുന്നത്. അനാവശ്യവിവാദങ്ങളിൽ പെടാതെ സ്വന്തം കരിയറിൽ ശ്രദ്ധിക്കുകയാണെങ്കിൽ വിനായകൻ എന്ന കലാകാരന് ഇനിയും എത്രേയോ സഞ്ചരിക്കാനുണ്ട്.
വാൽക്കഷ്ണം: എന്തൊക്കെയായലും ഒരു കാര്യത്തിൽ വിനായകന് നന്ദി പറയണം.െൈ ലംഗികതയുടെ കാര്യത്തിൽ ഇപ്പോഴും ഒരു അടഞ്ഞ സമൂഹമാണ് നാം. അവിടെ എന്താണ് സെക്ഷ്വൽ കൺസെന്റ്, ഉഭയസമ്മതപ്രകാരം ലൈഗികത ആവാമോ, തുടങ്ങിയ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ ഒക്കെ ചർച്ചയായല്ലോ. ഫലത്തിൽ ഇതൊരു ലൈംഗിക വിദ്യാഭ്യാസ ചർച്ചയായി മാറട്ടെ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ