- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആശങ്കപ്പെടേണ്ട; ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും'; പരോക്ഷ വിമർശനവുമായി വിനായകൻ; ഫേസ് ബുക്കിലൂടെ പ്രതികരണം മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ
കൊച്ചി: പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അവ്യക്തതകൾക്കും അനിശ്ചിതത്വങ്ങൾക്കുമെതിരെ തുറന്നടിച്ച് നടൻ വിനായകൻ. ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
'ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും,' എന്നാണ് വിനായകന്റെ പോസ്റ്റ്. ആരെക്കുറിച്ചാണ് താരം പോസ്റ്റിൽ പ്രതിപാദിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
മരക്കാർ വിഷയം കത്തിനിൽക്കുന്ന സാഹചര്യത്തിൽ, അക്കാര്യം തന്നെയാണ് വിനായകൻ സൂചിപ്പിക്കുന്നതെന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്
മരക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വിനായകന്റെ പോസ്റ്റ് എന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ചർച്ചകളാണ് മലയള സിനിമാലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
വിനായകന്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമന്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാഗം പേരും രേഖപ്പെടുത്തിയിരിക്കുന്നത്.പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ കുറച്ച് ദിവസമായി മലയാള സിനിമാ മേഖലയിൽ സജീവമാണ്.
ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥതയിൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചർച്ച നടത്തി സമവായത്തിലെത്താൻ ഫിലിം ചേംബർ ശ്രമിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
അതേസമയം, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതിയ റിലീസുകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബൽ എന്ന മാധ്യമം മരക്കാർ ഒ.ടി.ടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോർട്ട് ചെയ്തു. ചിത്രം ആമസോൺ പ്രൈമിലൂടെയാവും റിലീസ് ചെയ്യുകയെന്നും കരാർ ഒപ്പിട്ടുവെന്നും അവർ ട്വീറ്റ് ചെയ്തു.
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോകും, ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ ചർച്ച പരാജയമായതോടെയാണ് ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള സാധ്യതയും ഏറുന്നത്.
ആന്റണി മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാൻ തിയേറ്റർ ഉടമകൾക്ക് സാധ്യമായിരുന്നില്ല. തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകൾ വേണമെന്നുമുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചത്.
ഇതോടൊപ്പം സിനിമാപ്രദർശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂർ ചേംബർ ഭാരവാഹികളെ അറിയിച്ചിരുന്നു. ഓരോ തിയേറ്റർ ഉടമകൾ 25 ലക്ഷം രൂപ അഡ്വാൻസ് നൽകണം. നഷ്ടം വന്നാൽ തിരികെ നൽകില്ല. എന്നാൽ ലാഭം ഉണ്ടായാൽ അതിന്റെ ഷെയർ വേണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മിനിമം ഗ്യാരണ്ടി എന്ന സമ്പ്രദായം കേരളത്തിൽ ഇല്ലാ എന്നും 10 കോടി രൂപ അഡ്വാൻസായി നൽകാമെന്നുമാണ് തിയേറ്റർ ഉടമകൾ പറഞ്ഞിരുന്നത്.
ന്യൂസ് ഡെസ്ക്