തൃശ്ശൂർ: മുഖ്യപ്രഭാഷണം നടത്തവേ, സംവിധായകൻ വിനയനോട് പ്രസംഗം നിർത്താൻ സംഘാടകൻ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച വിനയൻ അൽപ്പസമയംകൂടി പ്രസംഗിച്ച് ഉടൻ വേദി വിട്ടു. കലാഭവൻ മണി അനുസ്മരണം 'മണിക'ത്തിലായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുക്കാൻ വിനയൻ വൈകി എത്തി എന്ന് ആരോപിച്ചായിരുന്നു പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്.

മുഖ്യപ്രഭാഷകനായെത്തിയ വിനയൻ സംസാരിച്ചുകൊണ്ടിരിക്കേയാണ് സംഘാടകൻ ഇടപെട്ടത്. എന്നാൽ, പരിപാടി തുടങ്ങാൻ വൈകിയത് തന്റെ കുഴപ്പമല്ലെന്നും പറയാനുള്ളത് പറയുമെന്നും താൻ സമയത്തിനുതന്നെ എത്തിയെന്നും പറഞ്ഞാണ് വിനയൻ പ്രസംഗം തുടർന്നത്. പ്രസംഗം നിർത്തിയയുടനെ അദ്ദേഹം വേദി വിടുകയും ചെയ്തു.

വിനയൻ വേദിയിൽനിന്ന് ഇറങ്ങിയയുടനെ, സ്വന്തം കഴിവുകൾ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും സംഘാടകൻ മൈക്കിലൂടെ പറഞ്ഞു. ആറരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏഴരയോടെയാണ് തുടങ്ങിയത്.