തിരുവനന്തപുരം: രജനികാന്തിന്റെ കബാലിക്ക് മാദ്ധ്യമങ്ങളും തിയേറ്റർ ഉടമകളും നൽകിയ പിന്തുണ മലയാള സിനിമകൾക്കു നൽകിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് സംവിധായകൻ വിനയൻ. മലയാളസിനിമയ്ക്കു വേണ്ടിയാണോ തമിഴ് സിനിമയ്ക്ക് വേണ്ടിയാണോ മലയാളം ഫിലിം ഇൻഡസ്ട്രിയും കേരളത്തിലെ മീഡിയകളും പ്രവൃത്തിക്കുന്നത് എന്ന കാര്യം ഗൗരവമായി തന്നെ വിലയിരുത്തേണ്ടതാണെന്നും വിനയൻ പറഞ്ഞു.

രജനീകാന്ത് എന്ന മഹാനായ കലാരന്റെ മഹത്വം മറന്നല്ല ഞാൻ പറയുന്നതെന്നും നമ്മുടെ ഫിലിം ഇൻഡസ്ട്രിയുടെയും സംഘടനകളുടെയും പിടിപ്പുകേടിനെക്കുറിച്ചാണു താൻ പറയുന്നതെന്നും വിനയൻ വ്യക്തമാക്കി. ഇവിടുത്തെ ബ്രഹ്മാണ്ഡചിത്രം പഴശ്ശിരാജയ്ക്ക് തമിഴ്‌നാട്ടിൽ 10 തീയറ്റർ പോലും കിട്ടിയില്ല. ഒരു തമിഴ് ചാനലും ഒരു മിനിട്ട് ന്യുസു പോലും കൊടുത്തതുമില്ല. നമ്മളും അങ്ങനെ ചെയ്യണമെന്നല്ല പറഞ്ഞത്. നമ്മുടെ ചാനലുകൾ കബാലിക്കു കൊടുത്ത പരിഗണനയുടെ പത്തു ശതമാനമെങ്കിൽ മലയാള സിനിമകൾക്കു കൂടി നൽകണം- വിനയൻ നിലപാടു വ്യക്തമാക്കി.

'കബാലി ഹിറ്റാകട്ടെ 100 ദിവസം ഓടട്ടെ - നല്ല കാര്യം തന്നെ. പക്ഷേ കബാലിയുടെ റിലീസോടുകൂടി വളരെ സീരിയസ്സായ ഒരു പ്രശ്‌നം മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ചർച്ചചെയ്യപ്പെടേണ്ടതാണ്. മലയാളസിനിമയ്ക്കു വേണ്ടിയാണോ തമിഴ് സിനിമയ്ക്ക് വേണ്ടിയാണോ മലയാളം ഫിലിം ഇൻഡസ്ട്രിയും കേരളത്തിലെ മീഡിയകളും പ്രവൃത്തിക്കുന്നത് എന്ന കാര്യം ഗൗരവമായി തന്നെ വിലയിരുത്തേണ്ടതാണ്. ഇവിടുത്തെ സൂപ്പർസ്റ്റാർസായ മമ്മൂട്ടിയുടെയൊ മോഹൻലാലിന്റെയോ ഒരു ചിത്രത്തിനും കിട്ടാത്ത അഭൂതപൂർവ്വമായ പബ്ലിസിറ്റിയാണ് ഒരു സാധാരണ ചിത്രമായ 'കബാലിക്ക്' നമ്മുടെ മീഡിയ കൊടുത്തത്.

ചാർജ്ജ് ചെയ്യുന്ന പരസ്യമായിട്ട് കണക്കാക്കുകയാണെങ്കിൽ പത്രങ്ങളും ചാനലുകളും കൂടി നൽകിയത് ഏതാണ്ട് പത്തു കോടിയിൽപരം രൂപയുടെ പരസ്യമാണത്രെ - ഇതിന്റെ പത്തിലൊന്ന് വാർത്താപ്രാധാന്യം പത്രങ്ങളും ചാനലുകളും ഏതെങ്കിലും മലയാളസിനിമയ്ക്കു കൊടുക്കുകയാണെങ്കിൽ എത്ര മോശം സിനിമയാണെങ്കിൽ കൂടി മൂന്നാലു ദിവസം എൻകിലും ഹൗസ് ഫുള്ളായിട്ട് ഓടും. അതുകൊണ്ടാ നിർമ്മാതാവു രക്ഷപെടുകേം ചെയ്യും. ചിത്രം ഇറങ്ങിയിട്ട് സമ്മിശ്രപ്രതികരണം വന്നിട്ടു പോലും അതു മറച്ചുവച്ച് ഈ സിനിമ ഭയൻകരമാണ് ലോകാത്ഭുതമാണെന്ന് പറയുന്നതിനെ ഒരു ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ഞാൻ അഭിനന്ദിക്കുന്നു. സിനിമയ്ക്ക് ഗുണകരമാകുന്ന കാര്യമാണത്. പക്ഷേ ഈ സ്‌നേഹം മലയാളസിനിമയോട് മാത്രം എന്തുകൊണ്ടാണ് നമ്മുടെ മീഡിയകൾ കാണിക്കാത്തത്.സിനിമാക്കാരുടെ കോടിക്കണക്കിനു രൂപ പബ്ലിസസിറ്റി ഇനത്തിൽ ഇവർ വാങ്ങുന്നില്ലേ..
മലയാളത്തിന്റെ താരങ്ങളെക്കൊണ്ട് പരിപാടികൾ ചെയ്യിച്ച് കാശുണ്ടാക്കുന്ന ചാനലുകൾ, അവരുടെ മുഖചിത്രം അടിച്ചും ജീവിതകഥ എഴുതിയും സർക്കുലേഷൻ കൂട്ടുന്ന പത്രക്കാർ - ഇവരാരും കബാലിക്കോ അതുപോലുള്ള തമിഴ് ചിത്രത്തിനോ കൊടുക്കുന്ന പ്രാധാന്യം മലയാള സിനിമയ്ക്ക് കൊടുക്കുന്നില്ല എന്നു മാത്രമല്ല പരമ പുഛമാണ് പലപ്പോഴും.. ഇതിനെതിരെ പ്രതികരിക്കാൻ മലയാള സിനിമയിലെ ഒരു സംഘടനയുമില്ല, അതാണ് ഏറെ രസകരം.

ഇനിയും രണ്ടോ മൂന്നോ ആഴ്ചകൾ ഓടുമായിരുന്ന കസബയും, അനുരാഗ കരിക്കിൻ വെള്ളവും, ഒക്കെ എടുത്തു മാറ്റി മുഴുവൻ സ്‌ക്രീനുകളും കബാലിക്കായി മാറ്റിവച്ച നമ്മുടെ സിനിമാ ഇൻഡസ്ട്രിയും - മീഡിയകളേ പോലെ തന്നെ മലയാള സിനിമയോടു കാണിച്ചത് നന്ദികേടാണ്.ഉണ്ട ചോറിനോടു കാണിച്ച കൂറുകേടാണ്.. മീടിയകളിലൂടെയുള്ള അസാധാരണ 'ഹൈപ്പ്' ഏതു മോശം സാധനത്തെയും ഒരാഴ്‌ച്ചത്തേക്കെങ്കിലും ജനപ്രിയമാക്കാം. സിനിമയെ സംബന്ധിച്ച് അതുമതിയാകും സാമ്പത്തിക വിജയത്തിന്. തമിഴിന് കൊടുത്തോളു ഈ 'ഹൈപ്പ്' പക്ഷേ അതിന്റെ പത്തിലൊന്നെങ്കിലും സ്വന്തം ഭാഷയ്ക്ക് കൊടുത്തുകൂടെ? മലയാള സിനിമയെ സംരക്ഷിക്കാനായി ധാരാളം സംഘടനകളുണ്ടല്ലോ - ഇത്തരം കാര്യങ്ങളിൽ അവർക്ക് ഒരഭിപ്രായവും ഇല്ലേ?'- വിനയൻ ചോദിക്കുന്നു.