കോഴിക്കോട്: ചികിത്സാ സഹായം നൽകാൻ സിനിമാക്കാർക്കു സ്റ്റേജ് ഷോ നടത്തണോ? പണവും താരമാമാങ്കവും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്? ചോദിക്കുന്നതു സംവിധായകൻ വിനയനാണ്.

തിരക്കഥാകൃത്ത് ടി എ റസാഖിനോട് സിനിമാലോകം കാട്ടിയ അനാദരവിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഹപ്രവർത്തകനായ ഒരു പ്രിയ കലാകാരന് അന്ത്യ യാത്രാമൊഴി നൽകുന്നതും, ആദരവു നൽകുന്നതുമൊക്കെ എങ്ങനെ വേണമെന്ന് പ്രഗത്ഭരും ബുദ്ധിമാന്മാരുമായ നമ്മുടെ സിനിമാപ്രവർത്തകരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷേ ടി. എ. റസാഖ് എന്ന ചലച്ചിത്രകാരന്റെ മരണവാർത്ത മണിക്കൂറുകളോളം തമസ്‌കരിക്കപ്പെടുകയും, ശവശരീരം വഹിച്ച വാഹനം റോഡിൽ പിടിച്ചിട്ട് താമസിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ടു നടന്ന താരമാമാങ്കം തടസ്സമില്ലാതെ പൂർത്തീകരിക്കാൻ വേണ്ടിയായിരുന്നു എന്ന് അറിഞ്ഞപ്പോൾ സാംസ്‌കാരിക കേരളമേ നീ ലജ്ജിച്ചു തലതാഴ്‌ത്തൂ ഈ വിവരദോഷികളുടെ മുന്നിൽ എന്നു പറയാനാണ് തോന്നിയതെന്നും വിനയൻ വ്യക്തമാക്കി.

'ടി. എ. റസാഖിനെ പോലുള്ളവർക്ക് ചികിത്സാ സഹായം ചെയ്യാൻ വേണ്ടി നടത്തിയ കലാപരിപാടി ആയതുകൊണ്ടാണ് ശവശരീരം വഴിയിലിട്ടിട്ടാണെങ്കിലും ഞങ്ങൾ അതാഘോഷിച്ചത് എന്നാണ് ഇപ്പോൾ അവർ പറയുന്ന ന്യായം. എന്താണിതിന് മറുപടി പറയേണ്ടത്? പണവും താരഷോയും ആണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്?

കോഴിക്കോട്ടെ സഹൃദയരായ ജനങ്ങൾ ടിക്കറ്റെടുത്ത് പരിപാടി കാണാൻ വന്നതിനു ശേഷം ഇന്നീ പരിപാടി നടക്കില്ല കാരണം നമ്മുടെ ടി. എ. റസാഖ് ഇപ്പോൾ നമ്മെ വിട്ടുപിരിഞ്ഞു എന്ന് ആ ജനസഞ്ചയത്തോട് പറഞ്ഞാൽ അവർ പ്രശ്‌നമുണ്ടാക്കുമെന്നാണൊ - ഇതിന്റെ സംഘാടകർ പറയുന്നത്. അതോ അവർ കൊടുത്ത ടിക്കറ്റിന്റെ പൈസ തിരിച്ചു ചോദിക്കുമെന്നോ?
അതുമല്ലെങ്കിൽ ചാനലുകാരുമായി പറഞ്ഞുറപ്പിച്ച തുക നഷ്ടമാകുമെന്നോ? അതൊക്കെ പരിഹരിക്കാൻ പറ്റുന്ന വല്യ വല്യ താരങ്ങളും സംവിധായകരും ഒക്കെ അല്ലെ നിങ്ങൾ? വേറൊരു ദിവസത്തേക്ക് ഈ പ്രോഗ്രാം മാറ്റിവച്ചാലുണ്ടാകുന്ന അസൗകര്യങ്ങൾ ടി. എ. റസാഖിനെ പോലെ മനുഷ്യസ്‌നേഹിയായ ഒരു സുഹൃത്തിനു വേണ്ടി നിങ്ങൾ സഹിക്കാൻ ബാദ്ധ്യസ്ഥരല്ലേ? അതല്ലെ അമ്മയുടെയും ഫെഫ്കയുടെയും ഒക്കെ കടമ.

ഇവിടെയാണ് സംവിധായകൻ അലി അക്‌ബർ പറഞ്ഞതിന്റെ പ്രസക്തി - നിങ്ങൾക്ക് ടി. എ. റസാഖിന്റെ മരണത്തേക്കാൾ വലുത് നിങ്ങളുടെ ഷോ ആയിരുന്നു.സ്വയം ഷോമാന്മാരാകാനും ജനത്തിന്റെ ആദരവ് ചോദിച്ചു വാങ്ങി സ്വയം ആഘോഷിക്കാനുമുള്ള നിങ്ങടെ തീരുമാനം ആരു മരിച്ചാലും നിങ്ങൾ മാറ്റില്ല. അതിനെന്തു ന്യായവും നിങ്ങൾ പറയും. കുറെ പണം കൊടുത്താൽ അത് ഏത് ആദരവിനെക്കാട്ടിലും വലുതാണെന്നു പറയുന്ന നിങളോട് തർക്കിച്ചിട്ടു കാര്യമില്ല.
ഗിരീഷ് പുത്തഞ്ചേരിയെ സഹായിക്കാനായി ഇതുപോലെ പരിപാടി നടത്തി സമാഹരിച്ച തുകയിൽ 25 ലക്ഷത്തോളം രൂപ പുത്തഞ്ചേരിയുടെ കുടുംബത്തിനു കോടുക്കാതെ വച്ചിരിക്കുന്നു എന്ന് അതിന്റെ കമ്മിറ്റിയിൽ തന്നെ അംഗമായ ശ്രീ അലി അക്‌ബർ പറയുന്നു. തത്കാലം ആ തുക ടി. എ. റസാഖിന്റെ ചികിത്സക്കായി ചെലവാക്കാൻ പാടില്ലായിരുന്നോ? കോഴിക്കോട്ടെ കലാസ്‌നേഹികളായ നല്ല മനുഷ്യരുടെ കയ്യിൽ നിന്നും പലതിനും ഇതുപോലെ സാമ്പത്തിക സമാഹരണം നടത്തുന്ന കോഴിക്കോട്ടെ ചലച്ചിത്രപ്രവർത്തകരും സംഘാടകരുമൊക്കെ ഇത്തരം ചോദ്യങ്ങൾക്കു കൂടി ഉത്തരം പറയണം.

നമ്മുടെ പ്രമുഖ ദൃശ്യമാദ്ധ്യമ ചാനലുകൾ ശ്രീ ടി. എ. റസാഖിന്റെ മരണവാർത്ത മണിക്കൂറുകളോളം തമസ്‌കരിച്ചു എന്നത് ഇതിനെക്കാളൊക്കെ എന്നെ ഞെട്ടിച്ചു.വക്കീലന്മാർ ഉൾപ്പെടെ പലരും പല ആരോപണങ്ങളും പറയുമ്പോഴും, സത്യസന്ധമായും, കൃത്യമായും വാർത്തകൾ പുറത്തുകൊണ്ടുവരാൻ അക്ഷീണം ശ്രമിക്കുന്ന മാദ്ധ്യമങ്ങളെ കണ്ണടച്ചു പിന്തുണച്ചവനാണു ഞാൻ. മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ എതിരെയുള്ള വാർത്തകൾ കൊടുക്കാം അവരെ വിമർശിക്കാം പക്ഷെ താരപ്രമുഖരുടെയും അവരുടെ സംഘടനയുടെയും സഹായം ഞങ്ങളുടെ ചാനലുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമായതിനാൽ അവരെ വിട്ടുള്ള കളി ഞങ്ങൾക്ക് ഇല്ലാ എന്ന് ചില ചാനൽ മേധാവികൾ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. അതു ഞാൻ മറക്കുന്നില്ല. എങ്കിലും ഇതുപോലെ ഉള്ള ഒരു കലാകാരന്റെ വിടവാങ്ങൽ വാർത്ത ഏതു വമ്പന്മാർ പറഞ്ഞിട്ടാണെങ്കിലും കുറേ നേരത്തേക്കു തമസ്‌കരിക്കപ്പെട്ടു എങ്കിൽ അതു മാദ്ധ്യമധർമ്മമല്ല. ഏതു വാർത്തയും ചികഞ്ഞെടുക്കുന്നവർ ഇതറിഞ്ഞില്ല എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. നിങ്ങൾ പറയുന്നത് വാദത്തിനു സമ്മതിച്ചാൽ പോലും രാത്രി 11 മണിക്ക് റസാഖിന്റെ മൃതദേഹം കോഴിക്കോടെത്തണമെങ്കിൽ വൈകിട്ട് 6 മണിക്കെങ്കിലും എറണാക്കുളത്തൂന്ന് പുറപ്പെടണം. അങ്ങനെയാണെങ്കിൽ കൂടി 4 മണിക്ക് മരണം സംഭവിച്ചിരിക്കണം. പക്ഷേ ചാനലുകളിൽ സ്‌ക്രോളിങ് വന്നതു തന്നെ രാത്രി 10 മണിക്കാണ്. മാത്രമല്ല അലി അക്‌ബർ പറയുന്നു.. ഇന്നു വൈകുന്നേരം വരെ മൃതദേഹം പൊതുദർശനത്തിനു വച്ചുകൂടെ, ധാരാളം സുഹൃത്തുക്കൾ അറിഞ്ഞു വരാനുണ്ട് എന്നു ചോദിച്ചപ്പോൾ 24 മണിക്കൂറിൽ കൂടുതൽ മൃതദേഹം വെക്കാൻ പാടില്ല എന്നാണത്രെ ഉത്തരം കിട്ടിയത്. അതിനർത്ഥം പതിഞ്ചാം തീയതി ഉച്ചയോടു കൂടി പ്രിയ റസാഖ് അന്തരിച്ചു എന്നാണ്. എന്തിനാണ് ആദരണീയനായ ഒരു സുഹൃത്തിന്റെ മൃതദേഹം വച്ച് ഇങ്ങനെയൊരു പ്ലേ നടത്തിയത്. ഇന്നലത്തെ ആ ഷോ നടത്തിയില്ലായിരുന്നെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ? ആ ഷോ ഇല്ലാതെ തന്നെ കുറച്ചു പണം പിരിച്ചു കൊടുക്കാൻ കഴിവില്ലാത്തവരാണോ ഈ സിനിമാപ്രമാണിമാർ. ഇതു തമസ്‌കരിച്ച മാദ്ധ്യമസുഹൃത്തുക്കൾക്ക് എന്താണ്' പറയാനുള്ള മറുപടി. മനസ്സിന് തോന്നിയ പ്രയാസം കൊണ്ട് ഇത്രയും പ്രതികരിച്ചതിന്റെ പേരിൽ ഇനിയിപ്പൊ ഫാൻസുകാരെ ഇറക്കി സോഷ്യൽ മീഡിയയിൽ എനിക്കെതിരെ തെറിയഭിഷേകം നടത്തിയേക്കാം ഞാനതു കാര്യമാക്കുന്നില്ല. പറയാനുള്ളതു പറഞ്ഞു എന്നുള്ളതിലാണ് എന്റെ സംതൃപ്തി.

പ്രിയ റസാഖ്, ആരോഗ്യപരമായ കാരണങ്ങളാൽ ദൂരയാത്ര ചെയ്യാൻ പറ്റാത്ത അവസഥയായതിനാൽ കൊണ്ടോട്ടിയിൽ വന്നു കാണാൻ കഴിഞ്ഞില്ല. ഇന്നലെ വിവരമറിഞ്ഞപ്പോൾ തന്നെ അമൃതാ ഹോസ്പിറ്റലിൽ വന്ന് അവസാനമായി ഒന്ന് കാണാമെന്ന് കരുതി. പക്ഷേ താങ്കളെ അവിടുന്ന് കോഴിക്കോട്ടു കോണ്ടുപോയി മണീക്കൂറുകൾക്ക് ശേഷം മാത്രമാണ് ചാനലുകളിൽ വാർത്ത വന്നത് എന്നതുകൊണ്ടു തന്നെ അതും തരമായില്ല. മണ്ണിന്റെയും മനുഷ്യന്റെയും കഥ പറഞ്ഞ താങ്കൾ പണത്തിനെക്കാൾ കൂടുതൽ മാനവികതയ്ക്ക് വില കൽപ്പിച്ചിരുന്നു എന്നെനിക്കറിയാം. താങ്കളെ പോലൊരു കലാകാരന് തന്റെ അന്ത്യയാത്രയിൽ ഇതുപോലൊരു യാത്രയയപ്പല്ലായിരുന്നു കിട്ടേണ്ടിയിരുന്നത്. മനസ്സുകൊണ്ടു മാപ്പു ചോദിക്കുന്നു.. ബാഷ്പാഞ്ജലികൾ.'- വിനയൻ പറയുന്നു.