തിരുവനന്തപുരം: സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക അന്തരിച്ച നടൻ തിലകന് വിലക്കേർപ്പെടുത്തിയതിന്റെ രേഖകൾ പുറത്തുവിട്ട് സംവിധായകൻ വിനയൻ. സംഘടനയോട് മാപ്പ് പറയുന്നതുവരെ ഫെഫ്കയിലെ ഒരു അംഗങ്ങളും തിലകനുമായി സഹകരിക്കരുതെന്ന് കാട്ടി ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ 2010 ഫെബ്രുവരി 27ന് അംഗങ്ങൾക്ക് അയച്ച കത്താണ് വിനയൻ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ തിലകന് വിലക്കേർപ്പെടുത്തിയിരുന്നില്ലെന്ന ഫെഫ്കയുടെ വാദം പൊളിഞ്ഞു.

ഫെഫ്കയെ മാഫിയാ സംഘമെന്ന് വിളിച്ചതിനും സംഘടനയിലെ നേതാക്കൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനുമാണ് തിലകനുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് കത്തിലുണ്ട്. അഭിപ്രായം തുറഞ്ഞു പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കപ്പെട്ട മഹാനടന്റെ ആത്മാവിനോടെങ്കിലും മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു ഫെഫ്ക കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാൻ ഇറങ്ങേണ്ടിയിരുന്നതെന്ന് വിനയൻ പറയുന്നു. എം ടി. വാസുദേവൻ നായരും കമലും മോഹൻലാലും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നതിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച ഫെഫ്കയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് വിനയന്റെ വിമർശനം. വർഗീയതയെയും ഫാസിസത്തെയും എതിർക്കുന്നത് നല്ലപിള്ള ചമയലാണെന്നും അവസരവാദികളായ കലാകാരന്മാരെ തുറന്നുകാട്ടാൻ നമ്മൾ തയാറാകണമെന്നും വിനയൻ ആവശ്യപ്പെടുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന മലയാളസിനിമയിലെ ഫെഫ്ക ആണെന്ന് ആദ്യം പറഞ്ഞത് തിലകൻ ചേട്ടനായിരുന്നു. അതിനദ്ദേഹം അനുഭവിച്ച പീഡനവും വിലക്കുമൊക്കെ നമ്മൾ കണ്ടതാണ്. അങ്ങനെയൊന്നും ഞങ്ങൾ ചെയ്തിട്ടേ ഇല്ല എന്ന് ഫെഫ്ക നേതാക്കൾ ആണയിട്ടു പറയും എന്നുറപ്പുള്ളതിനാലാണ് ഉണ്ണികൃഷ്ണനും കമലും ഒപ്പിട്ട രണ്ടു രേഖകളുടെ കോപ്പി താൻ പുറത്തുവിടുന്നതെന്നു വിനയൻ വ്യക്തമാക്കി. സംഘടനയേയും അതിന്റെ നേതാവിനെയും പറ്റി മോശമായി സംസാരിച്ചതിന്റെ പേരിൽ തിലകനുമായി ഫെഫ്കയിലെ ഒരാളു പോലും സഹകരിക്കാൻ പാടില്ല എന്ന് നിർദ്ദേശിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ ഇറക്കിയ ഉത്തരവിന്റെ കോപ്പിയാണ് അതിലൊന്ന്.

2010ൽ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തിലുൾപ്പെട്ട് തിലകൻ സംഘടനയിൽ നിന്നു പുറത്തു പോയിരുന്നു. ഒരു വർഷത്തോളം ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകൾ വിലക്കി പുറത്തുനിർത്തി. പിന്നീട് താരസംഘടനയായ അമ്മയും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിലക്ക് ഏറ്റെടുത്തു. തുടർന്ന് നിരവധി സിനിമകളിൽ നിന്ന് തിലകനെ മാറ്റിയിരുന്നു. ജോഷി ചിത്രമായ ക്രിസ്റ്റിയൻ ബ്രദേഴ്സ് എന്ന സിനിമയിൽ തന്നെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം വിലക്കിനെതുടർന്ന് മാറ്റുകയായിരുന്നുവെന്ന് തിലകൻ വെളിപ്പെടുത്തിയിരുന്നു.

സിനിമയിലും സീരിയലിലും വിലക്ക് നേരിട്ടതിനെത്തുർന്ന് തിലകൻ നാടകരംഗത്തേക്കു മാറുകപോലുമുണ്ടായി. സുകുമാർ അഴീക്കോട് ഉൾപ്പെടെ സാഹിത്യനായകന്മാരും മനുഷ്യാവകാശ സംഘടനയുമെല്ലാം ഇടപെട്ടതിനെത്തുടർന്നാണു വിലക്ക് നീക്കിയത്. 2011ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്റുപ്പി എന്ന ചിത്രത്തിലൂടെയാണ് തിലകൻ വീണ്ടും സിനിമയിലെത്തുന്നത്. 2012ൽ അൻവർ റഷീദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ഉസ്താദ് ഹോട്ടലിലും തിലകൻ മികച്ച കഥാപാത്രമായി.