കൊച്ചി: സംവിധായകൻ വിനയന്റെ മകൾ നിഖിലയുടേയും ഗൂഗിളിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നിഖിൽ മേനോന്റേയും വിവാഹം എറണാകുളത്ത് നടന്നു. സംവിധാന രംഗത്തുനിന്ന് വിലക്ക് നീങ്ങിയതിന് ശേഷം നടന്ന വിവാഹത്തിൽ നടൻ ദിലീപ് അടക്കമുള്ള സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അതേ സമയം, മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾ വിവാഹ ചടങ്ങിന് നേരിട്ടെത്തിയില്ല. എന്നാൽ ചില താരങ്ങൾ ടെലിഫോൺ മുഖേനയും ആശംസ നേർന്നു.

പരമ്പരാഗത ഹിന്ദു ആചാരങ്ങൾക്കനുസരിച്ച് 12 മണിയോടെ കലൂർ ഭാസ്‌ക്കരീയത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹപ്പെണ്ണിനെ വിനയനും കുടുംബവും നിഖിലയുടെ സുഹൃത്തുക്കളും ചേർന്ന് മണ്ഡപത്തിലേക്ക് ആനയിച്ചു. ചടങ്ങിന് ശേഷം നവ ദമ്പതികൾക്കൊപ്പം ഫോട്ടോ സെഷനിൽ ക്ഷണിക്കപ്പെട്ടവർ പങ്കെടുത്തു. ഒരു മണിയോടെ നടൻ ദിലീപ് വേദിയിലെത്തി.

കാലിഫോർണിയ ഗൂഗിളിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് വരൻ നിഖിൽ മേനോൻ. തൃപ്പൂണിത്തുറയാണ് നിഖിലിന്റെ ജന്മനാട്. എന്നാൽ ഇവരുടെ കുടുംബം ബോബെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ബോബെയിലെ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കുമായി ഏപ്രിൽ 30 ന് ബോബെയിലെ പ്രമുഖ ഹോട്ടലിൽ വെച്ച് റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച തൃപ്പൂണിത്തുറയിൽ തങ്ങുന്ന ദമ്പതിമാർ അടുത്ത ആഴ്ച ബോബെയ്ക്ക് പോകും. റിസപ്ഷന് ശേഷം ഇരുവരും കാലിഫോർണിയയിൽ സ്ഥിരതാമസമാക്കുമെന്നാണ് വിവരം.

നിഖില വിനയ് ടിസിഎസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇന്നലെ ലെ മെറിഡിയനിൽ സൽക്കാരം ഒരുക്കിയിരുന്നു. അനൂപ് മേനോൻ, ബാലചന്ദ്രമേനോൻ, ജഗദീഷ് തുടങ്ങിയ താരങ്ങൾ ഇന്നലെ സൽക്കാരത്തിൽ പങ്കെടുത്തു.

സംവിധായകരായ ഷാജി കൈലാസ്, ജോഷി, ഫാസിൽ, മേജർ രവി, നിർമ്മാതാവ്- ആന്റോ ജോസഫ്, താരങ്ങളായ ക്യാപ്റ്റൻ രാജു, ഇന്ദ്രജിത്ത്, മല്ലിക സുകുമാരൻ, ചിപ്പി, ജനാർദ്ധനൻ, മണിയൻപിള്ള രാജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും വിവിധ സീരിയൽ താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ, മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, ഹൈബി ഈഡൻ എംഎൽഎ, ബെന്നി ബെഹന്നാൻ തുടങ്ങിയ രാഷ്ടീയ രംഗത്തെ പ്രമുഖരും സിനിമ രംഗത്തെ പിന്നണി പ്രവർത്തകരും നേരിട്ടെത്തി ആശംസ നേർന്നു.

ദേശീയ കോമ്പറ്റീഷൻ കമ്മീഷന്റെ വിധി വന്നതിനു പിന്നാലെ വിനയൻ മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ളവർക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ താരങ്ങളുടെ കാശ് കൊണ്ടാണ് തനിക്കെതിരെ കേസ് നടത്തിയതെന്നും വിനയൻ ആരോപിച്ചു. ദൈവങ്ങളായ സൂപ്പർ താരങ്ങൾ പറയുന്നതല്ല ശരിയെന്നും, അധർമ്മത്തിന് മേൽ ധർമ്മം നേടിയ വിജയമാണ് തന്റേതെന്നുമാണ് അന്ന് വിനയൻ തുറന്നടിച്ചത്.