കൊച്ചി: ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനില വിശദീകരിച്ചുകൊണ്ടുള്ള മകൻ വിനീത് ശ്രീനിവാസന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹാസവുമായി സോഷ്യൽ മീഡിയ. പ്രകൃതി ചികിത്സയുടെയും ജൈവ കൃഷിയുടെയും വക്താവായ ശ്രീനിവാസന് രക്തസമ്മർദം നേരെയാക്കാൻ പ്രകൃതി ചികിത്സ തന്നെ നൽകണമെന്നാണ് പരിഹസിക്കുന്നവർ പറയുന്നത്. അടിസ്ഥാനരഹിതമായ വാർത്തകൾ പരത്തി പലരുടെയും ചികിത്സ പാതി വഴിക്ക് ഉപേക്ഷിക്കാൻ ശ്രീനിവാസൻ കാരണമായതായും പോസ്റ്റിന് കീഴിൽ കമന്റുകളായി പരിഹസിക്കുന്നു.

ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു. എല്ലാവർക്കും നന്ദി..ഇതാണ് വിനീതിന്റെ പോസ്റ്റ്. ഇതിന് താഴെ അടിസ്ഥാന രഹിതമായി കാര്യങ്ങൾ ഇനിമേലാൽ അച്ഛനോട് പ്രചരിപ്പിക്കരുത് എന്ന് പറയണം എന്നാണ് ആളുകൾ പരിഹസിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ ശ്രീനിവാസൻ ആശുപത്രിയിലാണെന്ന് കേൾക്കുന്നു. സാമാന്യ ബുദ്ധിയേയും ശാസ്ത്ര ബോധത്തേയും ആധുനിക ചികിത്സാ സമ്പ്രദായത്തേയും അദ്ദേഹം നിരന്തരം പരിഹസിച്ചിരുന്നു. മുള്ളാത്തയും ലക്ഷ്മി തരുവുമൊക്കെ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് പരിഹാരമാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചവർ അനേകരാണ്. അവസാനം അദ്ദേഹം അഭയം തേടിയത് താൻ പരിഹസിച്ചിരുന്ന ചികിത്സാ പദ്ധതിയേയും. ഈ വൈരുദ്ധ്യത്തെ ആളുകൾ പരിഹസിക്കുന്നത് സ്വാഭാവികം. അറു പിന്തിരിപ്പനായ ആ നല്ല കലാകാരൻ വേഗം സുഖം പ്രാപിച്ചു വരട്ടെ. മണ്ണിന്റെ മണമുള്ള സിനിമകൾ സൃഷ്ടിക്കാൻ അദ്ദേഹം ഇനിയും ജീവിച്ചിരിക്കണം എന്ന് ചിലർ പറയുന്നു.

ഇതു പോലെ അടിസ്ഥാന രഹിതമായ പല പ്രസ്താവനകളും അദ്ദേഹത്തിന്റെ വായിൽ നിന്നുതിർന്നു വീണതും, കേട്ടപാതി കേൾക്കാത്ത പാതി എടുത്തു കൊണ്ടിരിക്കുന്ന കീമോ പാതി വഴിയിൽ ഉപേക്ഷിച്ചവരും ഉണ്ട് വിനീത്.... അച്ഛന് ഇനിയെങ്കിലും പറഞ്ഞത് മാറ്റിപ്പറയാനുള്ള തിരിച്ചറിവുണ്ടാകട്ടെയെന്ന് ഒരാൾ വിമർശിക്കുന്നു.

ഇപ്പൊ ശ്രീനിവാസനോട് ദയ കാണിക്കാൻ പറയുന്നവർ ഓർക്കുന്നില്ല; ശ്രീനിവാസൻ ഇരുട്ടിലേക്ക് തള്ളിവിട്ടവരുടെ കണക്ക്. അവർ അനുഭവിച്ച വേദന. ശ്രീനിവാസൻ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ഇപ്പഴത്തെ ഈ പൊങ്കാല. മുള്ളാത്തയും ലക്ഷ്മിത്തരുവുമൊക്കെ കഴിച്ചാൽ ക്യാൻസർ മാറും എന്ന പോലുള്ള പ്രചരണങ്ങൾ കൊണ്ട് ചിലരുടെ ജീവിതത്തിലേക്കുള്ള സാധ്യതകൾ അടച്ചു കളഞ്ഞയാളാണ് അദ്ദേഹം. ഞാൻ സിനിമയേയും അദ്ദേഹത്തേയും ബഹുമാനിക്കുന്നു. അതേപോലെ ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ കേട്ട് കീമോ ചെയ്യാതെ ഇരിക്കുന്നവരുടെ വേദനയിലും പങ്കുകൊള്ളുന്നു, മറ്റൊരാൾ പറയുന്നു.

അനവസരത്തിലുള്ള പരിഹാസമാണെങ്കിലും ഈ വിമർശനങ്ങളിൽ കഴമ്പുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം തെറ്റാണെന്നും പ്രകൃതി ചികിത്സ കൊണ്ട് മാരക അസുഖങ്ങൾ വരെ മാറ്റാമെന്നും പറഞ്ഞ് ശ്രീനിവാസൻ നിരന്തര ക്യാമ്പെയിനുകൾ നടത്തിയിരുന്നു. ഇതിനെതിരയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളുകൾ നിറയുന്നത്.