തലശേരി: തന്റെയും അച്ഛൻ ശ്രീനിവാസന്റെയും പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കി വിനീത് ശ്രീനിവാസൻ. തന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ല. അത്തരത്തിൽ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെന്ന് വിനീത് ഫേക്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

''അച്ഛൻ എനിക്ക് ആദ്യം നൽകിയ ഉപദേശം കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോൾ അച്ഛൻ പറഞ്ഞു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന്'' എന്ന് വിനീത് പറഞ്ഞതായാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

കൂടാതെ, ശ്രീനിവാസൻ കമ്മ്യൂണിസത്തിനെതിരെ പറഞ്ഞു എന്ന രീതിയിലും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ''കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലർക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങൾ അതിൽ കൊത്തി അതിൽ കുരുങ്ങുന്നു. നേതാക്കൾ അത് ആഹാരമാക്കുന്നു'' എന്നാണ് ശ്രീനിവാസന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ.

ഇത്തരത്തിൽ ശ്രീനിവാസൻ പറഞ്ഞോ, തന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പലരും ചോദിച്ച് തുടങ്ങിയപ്പോഴാണ് വിനീത് പ്രതികരണവുമായി ഫേസ്‌ബുക്കിൽ എത്തിയിരിക്കുന്നത്.കമ്മ്യൂണിസത്തെ പറ്റി പറഞ്ഞുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് കാണിച്ച് അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നതാണ്. അച്ഛൻ തന്നോട് ഇങ്ങനെ ഒരിക്കൽപോലും പറഞ്ഞിട്ടില്ലെന്നും വിനീത് കുറിച്ചു.