- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മെഡൽ നഷ്ടത്തോടെ പലരും കൊല്ലാകൊല ചെയ്യുകയാണ്; ഒളിമ്പിക്സിലെ പ്രകടനത്തിന് ശേഷം മനസ്സുതുറന്ന് വിനേഷ് ഫോഗട്ട്; ഗുസ്തി നിർത്തി പോയാലോയെന്നുവരെ ചിന്തിച്ചു; താൻ വിനയായത് ശാരീര ബുദ്ധിമുട്ടുകളെന്ന് താരം
ന്യൂഡൽഹി: ഒളിംപിക്‌സിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനമാണ് ടോകിയോയിൽ കണ്ടത്. എന്നാൽ ഏറെ മെഡൽ പ്രതീക്ഷ വെച്ച് പുലർത്തിയ പല താരങ്ങൾക്കും നിരാശപ്പെടുത്തിയതിന്റെ പേരിൽ പരസ്യമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവുമധികം കുറ്റപ്പെടുത്തലുകൾ നേരിട്ട താരമാണ് വിനേഷ് ഫോഗട്ട. രാജ്യത്ത് തിരിച്ചെത്തിയപ്പോഴും താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികസംഘർഷങ്ങൾ തുറന്ന് പറയുകയാണ് താരം.
'ഒരാഴ്ചയോളമായി വളരെയധികം ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ എന്നെതന്നെ ഗുസ്തിക്ക് സമർപ്പിച്ചതാണ്. എന്നാലിപ്പോൾ ഗുസ്തി നിർത്തിയാലോ എന്ന് പോലും ചിന്തിച്ചു പോവുകയാണ്. പക്ഷേ അത് ചെയ്താൽ പൊരുതാതെ കീഴടങ്ങുന്നത് പോലെയാവും.എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ പുറത്തുനിന്നുള്ള പലരും എന്റെ വിധിയെഴുതി കഴിഞ്ഞു. എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരു മെഡൽ നഷ്ടത്തോടെ അവർ എനിക്കെതിരെ നിരന്തരം വിമർശനങ്ങൾ അഴിച്ചുവിടുകയാണ്.
കൂടെയുള്ള താരങ്ങളൊന്നും തന്നെ എന്ത് പറ്റിയെന്ന് ചോദിക്കില്ല. നിങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന കുറ്റപ്പെടുത്തലുകൾ മാത്രമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. നിങ്ങളെന്തിനാണ് വാക്കുകൾ എന്റെ വായിൽ അടിച്ചുകയറ്റുന്നത്? എന്നെ കുറിച്ച് എനിക്കല്ലാതെ മറ്റാർക്കും അറിയില്ല. എനിക്ക് ചുറ്റും എന്ത് സംഭവിക്കുന്നുവെന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എന്നാൽ മനഃപൂർവമുള്ള കുറ്റപ്പെടുത്തലുകൾ ഇപ്പോഴുമുണ്ടാകുന്നു. എന്റെ തോൽവിയെ കുറിച്ച് എനിക്ക് പഠിക്കണം. റിയോയിൽ പുറത്തായപ്പോൾ എന്നെ പലരും എഴുതിത്ത്തള്ളിയിരുന്നു. എന്നിട്ടും ഞാൻ ഗുസ്തിയിലേക്ക് തിരിച്ചെത്തി.
എല്ലാ താരങ്ങളും ഒളിംപിക്സ് പോലുള്ള വലിയ വേദികളിൽ കടുത്ത സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഞാനും അത്തരത്തിലായിരുന്നു. എന്നാൽ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഞാനൊരിക്കലും സമ്മർദ്ദം കൊണ്ടു തോറ്റുപോയിട്ടില്ല. ഞാൻ ടോകിയോയിൽ ഏത് മത്സരത്തിനും തയ്യാറായിരുന്നു. എന്നാൽ അവസാന നിമിഷത്തെ ശാരീരിക പ്രശ്നങ്ങൾ എന്നെ തോൽവിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും താരം പറയുന്നു.
സ്പോർട്സ് ഡെസ്ക്