- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിഹിതം സംശയിച്ച പ്രസാദ് ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ആവശ്യപ്പെട്ടു; ഫോൺ നൽകാൻ വിനിഷ വിസമ്മതിച്ചതോടെയുണ്ടായ വാക് തർക്കത്തിനിടയിൽ പ്രസാദ് വിനിഷയുടെ തല ചുമരിൽ ഇടിച്ചു; മൂക്കിൽ നിന്ന് രക്തം വാർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം; ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: മഞ്ചേരി കോവിലകംകുണ്ടിൽ ഭാര്യക്ക് അവിഹിതമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ വിനിഷ വിസമ്മതിച്ചതോടെയുണ്ടായ വാക് തർക്കത്തിനിടയിൽ ഭർത്താവ് പ്രസാദ് വിനിഷയുടെ തല ചുമരിൽ ഇടിച്ചു. മൂക്കിൽ നിന്ന് രക്തം വാർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം. ഭർത്താവ് അറസ്റ്റിൽ
ഭർതൃവീടിന്റെ മുറ്റത്ത് വീണു മരിച്ച നിലയിൽ കണ്ടെത്തിയ കൂമംകുളം നല്ലൂർക്ഷേത്രത്തിന് സമീപം കളത്തിങ്ങൽ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30)യുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം. ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് മൊബൈൽ ഫോൺ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ വിനിഷ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക് തർക്കത്തിനിടയിൽ ഭർത്താവായ പ്രസാദ് വിനിഷയുടെ തല ചുമരിൽ ഇടിക്കുകയായിരുന്നു.
മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് വീട്ടുകാർ ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മഞ്ചേരി അഡീഷണൽ എസ് ഐ ഉമ്മർ മേമന ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
മകളുടെ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് മഞ്ചേരി സിഐയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തു നിന്ന് ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. തുടർന്ന് അയൽവാസികളിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രസാദിനെ ചോദ്യം ചെയ്യുകയായിരുന്നു. പതിനൊന്നു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഈ ബന്ധത്തിൽ വൈഗ (9) , ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മഞ്ചേരി സി ഐ സി അലവി അറസ്റ്റ് ചെയ്ത പ്രസാദിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 304 പ്രകാരം കുറ്റകരമായ നരഹത്യ നടത്തിയതിനാണ് കേസ്.
മറുനാടന് ഡെസ്ക്