മുംബൈ: കാൻസർ ബാധിതനായ ബോളിവുഡിലെ ആദ്യകാല സൂപ്പർ താരം വിനോദ് ഖന്നയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിലെത്തിയത് കണ്ട് ഏവരും ഞെട്ടി. ഉരുക്കു പോലുള്ള ശരീരവുമായി ബോളിവുഡിലെ എല്ലാമെല്ലാമായിരുന്ന നടന്റെ ദുരവസ്ഥയിൽ ഏവരും വേദനിച്ചു.

ബ്ലഡ് ക്യാൻസർ ബാധിതനായ വിനോദ് ഖന്നയുടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം കണ്ട് താൻ ഞെട്ടിപോയെന്നും ബോളിവുഡിലെ ഏറ്റവും സുന്ദരനായ അഭിനേതാക്കളിൽ ഒരാളാണ് വിനോദ് ഖന്നയെന്നും ഇർഫാൻ ഖാനെ പോലുള്ളവർ പോലും അഭിപ്രായപ്പെട്ടു. ഇതിനിടെ വിനോദ് ഖന്നയുടെ മരണവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു. തെറ്റായ വാർത്ത വിശ്വസിച്ച് ഒരു ചടങ്ങിൽ ബിജെപി മൗനമാചരിച്ചതും വാർത്തകളിലെത്തി. ഇതോടെയാണ് വിനോദ് ഖന്നയുടെ രോഗാവസ്ഥ പുറംലോകം തിരിച്ചറിഞ്ഞത്.

പിന്നീട് പ്രാർത്ഥനകളായിരുന്നു, അച്ഛൻ വളരെ വേഗം രോഗത്തെ അതിജീവിക്കുന്നുണ്ടെന്നും രണ്ടാഴ്‌ച്ചക്കുള്ളിൽ തന്നെ ആശുപത്രി വിടുമെന്നും ബോളിവുഡ് നടൻ കൂടിയായ മകൻ രാഹുൽ ഖന്ന അറിയിച്ചു. ഇതോടെ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. ഇതെല്ലാം അസ്ഥാനത്താക്കിയാണ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സൂപ്പർ താരത്തിന്റെ മരണവാർത്ത ഇന്നെത്തിയത്. ആരോഗ്യം ക്ഷയിച്ച വിനോദ് ഖന്ന കൊച്ചുമക്കളുടെ സമീപത്തു നിൽക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചു. മെലിഞ്ഞുണങ്ങിയ വിനോദ് ഖന്നെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

1968ൽ അരങ്ങേറ്റം കുറിച്ച വിനോദ് ഖന്ന കുറഞ്ഞ കാലം കെണ്ട് തന്റെ മികച്ച പ്രകടനത്തിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഓഷോയുടെ ആത്മീയ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായി സിനിമ ഉപേക്ഷിക്കുകയും വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയും ചെയ്തു. സൽമാൻ ഖാൻ ചിത്രങ്ങളായ വാണ്ടഡ്, ദബാങ്ങ് എന്നീ ചിത്രങ്ങളിൽ നായകന്റെ പിതാവായി വേഷമിട്ട ഖന്ന പുതുതലമുറയ്ക്കും സുപരിചിതനായി. 2015ൽ പുറത്തിറങ്ങിയ ദിൽവാലെ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

നൂറ്റി നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1970 - 80 കാലഘട്ടത്തിലെ ഒരു മുൻ നിര നായകനാകാൻ വിനോദ് ഖന്നക്ക് കഴിഞ്ഞു. 1999 ൽ ഫിലിംഫെയർ ജീവിതകാല പുരസ്‌കാരം ലഭിച്ചു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ ദീവാനപൻ (2002), റിസ്‌ക് (2007) എന്നിവയാണ്. 1997 ൽ തന്റെ മകനായ അക്ഷയ് ഖന്നയെ ചലച്ചിത്രമേഖലയിലേക്ക് കൊണ്ടു വന്നു.

പെഷവാറിൽ ജനിച്ച വിനോദ് ഖന്ന വിഭജനത്തിനുശേഷം കുടുംബത്തോടൊപ്പം ഇന്ത്യയിലേയ്ക്ക് കുടിയേറുകയായിരുന്നു. സൊൾവ സാൽ, മുഗൽ ഇ അസം തുടങ്ങിയ അക്കാലത്തെ ഹിറ്റുകൾ കണ്ടാണ് സിനിമാമോഹം ഉദിച്ചത്. 1968ൽ പുറത്തിറങ്ങിയ അധ്രുതി സുബ്ബ റാവു സംവിധാനം ചെയ്ത സുനിൽ ദത്തിന്റെ മൻ ക മീത്തിൽ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഏറെക്കാലം വില്ലനും സഹനടനുമായി തിളങ്ങിനിന്ന വിനോദ് ഖന്നയ്ക്ക് ബ്രേക്കായത് 1997ൽ പുറത്തിറങ്ങിയ ഹം തും ഔർ വോ ആയിരുന്നു.

പിന്നീട് ഗുൽസാറിന്റെ മേരെ അപ്‌നെ ആജാനക്, ഫരെബി, സലിം, ദി ബേണിങ് ട്രെയിൻ, ഖുർബാനി എന്നിവയിലും മികവുറ്റ വേഷങ്ങൾ ചെയ്തു. അക്കാലത്തെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായരുന്നു വിനോദ് ഖന്ന. ഓഷോയുടെ ശിഷ്യത്വം സ്വീകരിച്ച് സിനിമയിൽ നിന്ന് വിട്ടുനിന്ന വിനോദ് ഖന്ന പിന്നീട് എൺപതുകളിൽ സിനിമാലോകത്ത് തിരിച്ചെത്തി. ഇൻസാഫ്, ജും, മുസഫർ തുടങ്ങിയവയായിരുന്നു തിരിച്ചുവരവിലെ ശ്രദ്ധേയമായ ചിത്രങ്ങൾ.

ദി ഫെയ്സ്സ് ഓഫ് ട്രത്ത്, പാക്കിസ്ഥാനി ചിത്രം ഗോഡ്ഫാദർ, റിസ്‌ക്, ദിൽവാലെ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഖന്ന ആദ്യം വിവാഹം ചെയ്തത് ഗീതാഞ്ജലിയെ ആണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. അക്ഷയ് ഖന്ന, രാഹുൽ ഖന്ന. രണ്ട് പേരും ബോളിവുഡിൽ താരങ്ങളായി. 1990 ൽ ഇവരുടെ വിവാഹ മോചനം നേടി. പിന്നീട് കവിതയെ വിവാഹം ചെയ്യുകയും ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്. സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന.

1997ൽ ബിജെപിയിൽ ചേർന്ന വിനോദ് ഖന്ന പഞ്ചാബിലെ ഗുരുദാസ്പുരിൽ നിന്ന് ജയിച്ച് ലോക്‌സഭാംഗമായി. 1999ലും ജയം ആവർത്തിച്ച ഖന്ന 2002-ൽ കേന്ദ്രമന്ത്രിയുമായി. വിദേശകാര്യം, സാംസ്‌കാരിക, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തു. 2004ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരിൽ നിന്ന് ജയം ആവർത്തിച്ച ഖന്ന 2009ലെ തിരഞ്ഞെടുപ്പൽ പരാജയപ്പെട്ടു. 2014ൽ ഗുരുദാസ്പുരിൽ നിന്നു തന്നെ വീണ്ടും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.