തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലി എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ വകുപ്പിന്റെ കീഴിൽ വരുന്ന കസ്റ്റംസിന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇച്ഛാശക്തിയുള്ള ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും കേന്ദ്രത്തിലുള്ളതുകൊണ്ടാണ് വിദേശ പൗരന്മാരുമായി ചേർന്ന് പിണറായി വിജയൻ നടത്തിയ കള്ളക്കടത്ത് കൈയോടെ പിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിനോദിനി ബാലകൃഷ്ണനെ വി. മുരളീധരൻ വേട്ടയാടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ എന്ന ആശ്വാസമുണ്ടെന്നും അതിൽ സത്യസന്ധത പുലർത്തി എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

വി. മുരളീധരൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ചുമതലയിൽ വന്നതിന് ശേഷമല്ലേ നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. അതേ സഹമന്ത്രിതന്നെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.