- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസ് മേത്തയോ ലോക്നാഥ് ബെഹ്റയോ അതോ വേണു രാജാമണിയോ? മൂന്നു പേരും സർക്കാരിന് വേണ്ടപ്പെട്ടവർ; കലാവധി പൂർത്തിയാക്കി വിൻസൻ എം പോൾ വിരമിക്കുമ്പോൾ പിൻഗാമി ആരെന്ന ചർച്ച സജീവം; സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിലേക്ക് പ്രമുഖർ കണ്ണെറിയുമ്പോൾ
തിരുവനന്തപുരം: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ (സിഐസി) വിൻസൻ എം.പോൾ നാളെ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുമ്പോൾ പകരം ആരെത്തുമെന്നതിൽ അനിശ്ചിതത്വം അതിശക്തം. അടുത്ത വർഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ, നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവർ സിഐസിയായി പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. അതിശക്തമായ മത്സരമാണ് ഇതിനായി നടക്കുന്നത്.
മുൻ ഡിജിപിയായ അദ്ദേഹം 2016ൽ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണു സിഐസിയായി വിൻസൻ എം പോൾ നിയമിതനായത്. മന്ത്രിസഭാ രേഖകൾ വിവരാവകാശ നിയമപ്രകാരം ജനങ്ങൾക്കു ലഭ്യമാക്കണമെന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾ ഇതിനിടെ നടപ്പാക്കി. പുതിയ സിഐസിയെ തിരഞ്ഞെടുക്കാൻ സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് കേന്ദ്രസർക്കാർ നിയമഭേദഗതിയിലൂടെ സിഐസിയുടെ കാലാവധി 5 വർഷത്തിൽ നിന്നു 3 ആയി കുറച്ചിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജി പദവിയും ഉണ്ടാകില്ല. ഇത് ഈ പദവിയുടെ ഗ്ലാമർ കുറയ്ക്കും.
ഡിസംബർ 28ന് അകം അപേക്ഷിക്കണമെന്നാണു പൊതുഭരണവകുപ്പിന്റെ അറിയിപ്പ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുതിർന്ന മന്ത്രിയും അടങ്ങുന്ന സമിതി അപേക്ഷകരിൽ നിന്നു ചുരുക്കപ്പട്ടിക തയാറാക്കി ഗവർണർക്കു സമർപ്പിക്കും. ഈ പട്ടികയിൽ നിന്നു ഗവർണറാണു നിയമനം നടത്തേണ്ടത്. പുതിയ സിഐസിയെ നിയമിക്കുന്നതുവരെ 5 കമ്മിഷണർമാരിലെ മുതിർന്ന അംഗത്തിനായിരിക്കും ചുമതല. പുതിയ ആളെ കണ്ടെത്തുക സർക്കാരിന് വെല്ലുവിളിയാണ്. തെരഞ്ഞെടുക്കൽ സമിതിയിൽ സർക്കാരിന് മുൻതൂക്കമുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അതിനിർണ്ണായകമാകും.
ബെഹ്റയും വേണു രാജാമണിയും സർക്കാരിന് വേണ്ടപ്പെട്ടവരാണ്. വിശ്വാസ മേത്തയോടും താൽപ്പര്യമുണ്ട്. എന്നാൽ സർക്കാർ തീരുമാനങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട വിവാദം ഐഎഎസുകാരെ ലക്ഷ്യമിട്ടാണെന്ന ആരോപണം ഉയർന്നിരുന്നു. പൊലീസ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത് ഐഎഎസുകാർക്ക് സിഐസി പദവി കിട്ടാതിരിക്കാനെന്നാണ് വിലയിരുത്തൽ. ഇതോടെ സർക്കാർ എന്തു തീരുമാനം എടുക്കുമെന്നത് നിർണ്ണായകമാണ്. ബെഹ്റയും അടുത്ത വർഷം വിരമിക്കും.
പൊലീസ് മേധാവിയായി നാല് കൊല്ലം ആയതു കൊണ്ട് ആ സ്ഥാനം ഉടൻ ഒഴിയേണ്ടതുമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം കാരണമാണ് ഇത്. അതുകൊണ്ട് തന്നെ ബെഹ്റയ്ക്കും പകരം പദവി നൽകണമെന്ന ചർച്ച ഇടതു പക്ഷത്തുണ്ട്.
മറുനാടന് മലയാളി ബ്യൂറോ