തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന സർക്കാർ അന്വേഷണ റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ 24 ന്യൂസ് ചാനലിന്റെ മലബാർ റീജനൽ ചീഫ് ദീപക് ധർമടത്തിനെതിരെ മാനേജ്മെന്റ് നടപടി സ്വീകരിച്ചിരുന്നു. ദീപക്കിനെ സസ്പെൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ദീപക്കിന്റെ പങ്ക് വെളിപ്പെടുത്തിയുള്ള വനംവകുപ്പ് അന്വേഷണ റിപ്പോർട്ടും പ്രതികളുമായുള്ള ദീപക്കിന്റെ അടുത്ത ബന്ധം തെളിയിക്കുന്ന ഫോൺ സംഭാഷണ രേഖകളും പുറത്തുവന്നിരുന്നു.

കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനും മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ഇക്കാലയളവിൽ നിരവധി തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. എൻ.ടി സാജനും കേസിലെ പ്രതികളും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഫോൺ വിളി വിവരങ്ങളുള്ളത്. ദീപക് മരംമുറി വിവാദത്തിൽ ഉൾപ്പെട്ടത് മറ്റു ചാനലുകളും വാർത്തയാക്കിയിരുന്നു. സാധാരണ ഗതിയിൽ മാധ്യമപ്രവർത്തകർ ഉൾപ്പെട്ട വാർത്തകൾ മറ്റുചാനലുകൾ നൽകാറില്ലെങ്കിലും മുട്ടിൽ മരംമുറിക്കേസ് പിണറായി സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതായതുകൊണ്ട് ഒഴിവാക്കാനും ആയിരുന്നില്ല. മാത്രമല്ല, ഓൺലൈൻ മീഡിയയുടെ കാലത്ത് വാർത്തകൾ മുക്കുക എളുപ്പവുമല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും മാധ്യമ പ്രവർത്തകരുടെ അഴിമതികൾ ഇനി മേൽ 24 ന്യൂസ് ചാനൽ മൂടി വയ്ക്കില്ലെന്നും തുറന്നു കാട്ടാൻ മടിക്കില്ലെന്നും ശ്രീകണ്ഠൻ നായർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ശ്രീകണ്ഠൻ നായരുടെ വെല്ലുവിളി ഏറ്റെടുത്ത് ഏഷ്യാനെറ്റ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി.ജോൺ രംഗത്തെത്തി.

24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി.പി. ജയിംസിന്റെ പ്രസ് ക്ലബ് അഴിമതി റിപ്പോർട്ട് ട്വിറ്ററിലൂടെ പുറത്തു വിട്ടാണ് ഏഷ്യാനെറ്റിന്റെ വിനു വി.ജോൺ തിരിച്ചടിച്ചത്.'കണ്ടോ... കണ്ടോ....പ്രസ് ക്ലബ് കുത്തിപ്പൊക്കൽ'' എന്നു കളിയാക്കിയാണ് വിനു രേഖകൾ ട്വിറ്ററിലിട്ട് വെല്ലുവിളിച്ചത്. 2014-15 കാലത്തെ തിരുവനന്തപുരം പ്രസ് ക്ലബ്് ഭാരവാഹികളായിരുന്നു 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി.പി.ജയിംസും മനോരമയിലെ ജയൻ മേനോനും, പ്രസ് ക്ലബ് ജനറൽ ബോഡി കണക്കുകൾ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ പി.പി.ജയിംസിനും മനോരമയിലെ ജയൻ മേനോനുമെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ട്. ഭാരവാഹികളായിരുന്ന ജയൻ മേനോനും പി.പി.ജയിംസും അതി ഗുരുതരമായ സാമ്പത്തിക ക്രമവിരുദ്ധ നടപടികൾ സ്വീകരിച്ച് ക്ലബ്ബിനു വൻ നഷ്ടമുണ്ടാക്കി. ഇവരിൽ നിന്നു നഷ്ടപ്പെട്ട തുക നിശ്ചയിച്ചു തിരിച്ചു പിടിക്കണമെന്ന് ഈ കമ്മിറ്റി ശുപാർശ ചെയ്യുന്നു.''

പ്രസ് ക്ലബ് ഭാരവാഹികൾ പിന്നീട് ഒത്തുതീർപ്പിലെത്തി പൂഴ്‌ത്തി വച്ച റിപ്പോർട്ടാണ് വിനു വി.ജോൺ പുറത്തു വിട്ടത്. അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തതു പോലെ തുകയൊന്നും പി.പി.ജയിംസ് ജയൻ മേനോൻ ടീമിൽ നിന്നു തിരിച്ചു പിടിച്ചില്ല. പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ മൂന്നു ടേമിലേക്ക് ഇവർക്കു വിലക്ക് ഏർപ്പെടുത്തി ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു.

അതിനിടെ പ്രമുഖ അഭിഭാഷകനായ കൃഷ്ണരാജും ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് രംഗത്തെത്തി. പത്രക്കാർ കോടികളുടെ സർക്കാർ പണം അടിച്ചു മാറ്റിയ വിഷയത്തിൽ പിണറായി പൊലീസ് അന്വേഷിക്കാത്തത് കാരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ ഫയൽ ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കാര്യം ശ്രീകണ്ഠൻ നായർക്ക് അറിയുമോ എന്ന് കൃഷ്ണരാജ് ചോദിക്കുന്നു. ഈ വിഷയത്തിൽ ഒരുചർച്ച നടത്താൻ ശ്രീകണ്ഠൻ നായർക്ക് നട്ടെല്ലുണ്ടോ എന്നും അഡ്വ.കൃഷ്ണരാജ് ഫേസബുക്ക് കുറിപ്പിൽ വെല്ലുവിളിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

വെല്ലുവിളി.

24 ചാനലിലെ ദീപക് ധർമടത്തിന്റെ മരം മുറി കേസിലെ ഇടപെടലിനെ കുറിച്ച് മറ്റ് ചാനലുകൾ ചർച്ച നടത്തിയപ്പോൾ ശ്രീകണ്ഠൻ നായർക്ക് കേറി കൊണ്ടു. അദ്ദേഹത്തിന്റെ വികാര വിസ്‌ഫോടനം കണ്ട് കോരിത്തരിച്ചു മല്ലൂസ്.
അതിനിടെ ഒരു തുറന്ന് പറച്ചിലും വെല്ലുവിളിയും നായർ അങ്ങു നടത്തി.

പത്രക്കാർ നടത്തുന്ന തെമ്മാടിത്തരങ്ങൾ ചർച്ച ചെയ്യാൻ പാടില്ല എന്ന് ഒരു അലിഖിത നിയമം മാധ്യമങ്ങളിൽ ഉണ്ട് എന്ന് തുറന്നങ്ങു പറഞ്ഞു നായര്. ഇതൊട് കൂടി 24 ചാനൽ ആ നിയമം ഇനി പാലിക്കില്ല എന്ന വെല്ലുവിളിയും.'നായരേ'...അങ്ങു ഉൾപ്പെടെയുള്ള പത്രക്കാർ കോടികളുടെ സർക്കാർ പണം അടിച്ചു മാറ്റിയ വിഷയത്തിൽ പിണറായി പൊലീസ് അന്വേഷിക്കാത്തത് കാരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ ഫയൽ ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യം നായർക്ക് അറിയുമോ ആവോ.

ഇല്ലെങ്കിൽ W.P.(c).No.14929/21 എന്ന കേസിന്റെ കോപ്പി ഞാൻ നായർക്ക് അയച്ച് തരാം. ചുണയുണ്ടെങ്കിൽ ഈ വിഷയത്തിൽ 'നായർ' ഒരു ചർച്ച നടത്തി കാണിക്കൂ. നായർക്ക് നട്ടെല്ല് ഉണ്ടോ എന്ന് നമുക്ക് നോക്കാം.ഇത് നായർക്ക് നട്ടെല്ലുണ്ടോ എന്ന് തെളിയിക്കാനായുള്ള ഒരു ചിന്ന വെല്ലുവിളിയായി കണ്ടാൽ മതി.