- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചയ്ക്ക് മുമ്പ് ഹർത്താലിന്റെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന മൂന്ന് രാഷ്ട്രീയ പാർട്ടിക്കാരുടെ അക്രമ ചിത്രങ്ങൾ എടുത്തുകാട്ടി; പുറ്റിങ്ങൽ ദുരന്തത്തിൽ നെഞ്ചത്തടിച്ചു കരഞ്ഞവർ കടമ നിറവേറ്റാതെ വാമൂടിയ കാര്യം ചൂണ്ടിക്കാട്ടി; രാഷ്ട്രീയക്കാരുടെ കാപട്യത്തിന്റെ തൊലിയുരിച്ച് വിനു വി ജോൺ ന്യൂസ് അവറിൽ
തിരുവനന്തപുരം: പൊതുവേ ഖദർ ധരിക്കുന്നവരാണ് രാഷ്ട്രീയക്കാർ. സാമൂഹ്യപ്രവർത്തകർ ചമയുന്നവരുടെ യൂണിഫോമിനെ അത്രയ്ക്ക് അങ്ങ് വിശ്വാസമില്ലാത്തവരാണ് പൊതുജനം. രാഷ്ട്രീയത്തെ പ്രൊഫഷനായി കണ്ടാൽ വാക്കുപാലിക്കാത്ത, നുണ പറയുന്ന, അവസരവാദം മുഖമുദ്ര ആക്കിയവരാണ് നമ്മുടെ രാഷ്ട്രീയക്കാർ എന്നതാണ് നല്ലൊരു ശതമാനത്തിന്റെയും അഭിപ്രായം. പല വിഷയങ്ങളിൽ വാചകമടിക്ക് അപ്പുറത്തേക്ക് ക്രിയാത്മകമായി ഇടപെടൽ നടത്താൻ തയ്യാറാകാത്ത ഈ രാഷ്ട്രീയ കാപട്യത്തെ തുറന്നു കാട്ടുകയായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ വിനു വി ജോൺ. സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയുടെ പേരിൽ ഇന്നലെ നടത്തിയ ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത്. എന്നാൽ, ഹർത്താലിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളെയാണ് വിനു എതിർത്തു സംസാരിച്ചത്. ഇക്കാര്യത്തിൽ സിപിഐ(എം) എന്നോ ബിജെപിയെന്നോ കോൺഗ്രസ് എന്നോ വ്യത്യാസമില്ലെന്ന ചൂണ്ടിക്കാണിക്കാൻ മൂന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളും വിനു പ്രേക്ഷകർക്ക് മുമ്പിൽ വച്ചു. ചർച്ചകളിലേക്ക് കടക്കും മുമ്പാണ് വിനു ഇക്കാര്യം വിശദമാക്കിയത്. ച
തിരുവനന്തപുരം: പൊതുവേ ഖദർ ധരിക്കുന്നവരാണ് രാഷ്ട്രീയക്കാർ. സാമൂഹ്യപ്രവർത്തകർ ചമയുന്നവരുടെ യൂണിഫോമിനെ അത്രയ്ക്ക് അങ്ങ് വിശ്വാസമില്ലാത്തവരാണ് പൊതുജനം. രാഷ്ട്രീയത്തെ പ്രൊഫഷനായി കണ്ടാൽ വാക്കുപാലിക്കാത്ത, നുണ പറയുന്ന, അവസരവാദം മുഖമുദ്ര ആക്കിയവരാണ് നമ്മുടെ രാഷ്ട്രീയക്കാർ എന്നതാണ് നല്ലൊരു ശതമാനത്തിന്റെയും അഭിപ്രായം. പല വിഷയങ്ങളിൽ വാചകമടിക്ക് അപ്പുറത്തേക്ക് ക്രിയാത്മകമായി ഇടപെടൽ നടത്താൻ തയ്യാറാകാത്ത ഈ രാഷ്ട്രീയ കാപട്യത്തെ തുറന്നു കാട്ടുകയായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ വിനു വി ജോൺ.
സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയുടെ പേരിൽ ഇന്നലെ നടത്തിയ ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത്. എന്നാൽ, ഹർത്താലിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളെയാണ് വിനു എതിർത്തു സംസാരിച്ചത്. ഇക്കാര്യത്തിൽ സിപിഐ(എം) എന്നോ ബിജെപിയെന്നോ കോൺഗ്രസ് എന്നോ വ്യത്യാസമില്ലെന്ന ചൂണ്ടിക്കാണിക്കാൻ മൂന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളും വിനു പ്രേക്ഷകർക്ക് മുമ്പിൽ വച്ചു. ചർച്ചകളിലേക്ക് കടക്കും മുമ്പാണ് വിനു ഇക്കാര്യം വിശദമാക്കിയത്. ചർച്ചയുടെ തുടക്കത്തിൽ വിനു പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്:
''രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കയാണ്. ഇന്ന് കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ നടന്നു. നോട്ടു പ്രതിസന്ധിയിൽ ഉഴറുന്ന ജനങ്ങൾക്ക് പ്രതിഷേധത്തിന്റെ മറ്റൊരു സമ്മാനമായി അത് മാറി. രാജ്യമാകെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയർന്നിട്ടും ബംഗാളിൽ അടക്കം ബന്ദിന് ആഹ്വാനം ചെയ്തിട്ടും ജനജീവിതം സ്തംഭിച്ചത് കേരളത്തിൽ മാത്രമാണ്. എൽഡിഎഫിന്റെ സമരം മാത്രമല്ല, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ, അതിന് മുമ്പ് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ. ഇതിലെല്ലാം പൊതുജനം പീഡിപ്പിക്കപ്പെടുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ ജനങ്ങൾക്കുമുണ്ട്. സ്വയം ജോലിക്ക് പോകുന്നില്ലെന്ന് തീരുമാനിക്കാം, അനുയായികളോട് ജോലിക്ക് പോകരുതെന്ന് പറയാം, സ്വയം വാഹനം തെരുവുകളിൽ ഇറക്കാതിരിക്കാം, പക്ഷേ പേടിപ്പിച്ച് ജനങ്ങളെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ, പേടിപ്പിച്ച് നിരത്തിൽ ഇറങ്ങാതിരിക്കാനും ആർക്കും അവകാശമില്ല.. എന്നാൽ കേരളത്തിൽ നിർഭാഗ്യവശാൽ ഇത് തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നു. നോട്ട് അസാധുവാക്കലിന്റെ പേരിൽ ഇന്ന് കേരളം സ്തംഭിപ്പിച്ചവരും ഇതു തന്നെയാണ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കകം കേരളത്തിലെ മൂന്ന് മുന്നണികളും നടത്തിയ ഹർത്താലിലേക്ക്.. അവ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിലേക്ക് ഏതാനും നിമിഷങ്ങൾ...'(തുടർന്ന് ഹർത്താലിലെ മൂന്ന് സംഘർഷ ദൃശ്യങ്ങളും കാണിച്ചു)
പുൽപ്പള്ളിയിൽ കുടുംബത്തോടൊപ്പം ഇറങ്ങിയ യാത്രക്കാരനെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങളും യുഡിഎഫ് സമരത്തിലെ മർദ്ദന ദൃശ്യങ്ങലും ബിജെപിക്കാരുടെ സമരത്തിലെ വഴിതടയലും അക്രമവുമാണ് തുടർന്ന് കാണിച്ചത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലൊന്നും ഹർത്താൽ വിജയിച്ചില്ലെന്ന കാര്യവും അദ്ദഹം വ്യക്തമക്കി. രാജ്യത്തെ മഹാനഗരങ്ങളിലും സാധാരണ ഗതിയിൽ പ്രവർത്തിച്ചു. എന്നാൽ, കേരളത്തിൽ മാത്രമാണ് ഹർത്താലുണ്ടായത്- വിനു പറഞ്ഞു. ഇതിന് ശേഷമാണ് വിനു രാഷ്ട്രീയക്കാരുടെ കാപട്യത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം എടുത്തു കാട്ടിയത്. പുറ്റിങ്ങൽ ദുരന്തമായിരുന്നു വിഷയം.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലെ ജൂഢീഷ്യൻ അന്വേഷണ കമ്മീഷൻ രാജിവച്ച വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. പണവും സൗകര്യങ്ങളും അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ രാജിവച്ചത്. ഇതിൽ ഒരു രാഷ്ട്രീയക്കാരും പ്രതിഷേധിക്കാത്ത കാര്യമാണ് വിനു ചൂണ്ടിക്കാട്ടിയത്. നൂറിലേറെ പേരുടെ ജീവനെടുത്ത സംഭവത്തിൽ സർക്കാർ എത്രത്തോളം ഉദാസീനമായ സമീപമാണ് സ്വീകരിച്ചതെന്നും വിനു വ്യക്തമാക്കി.
ഏത് വിഷയവും ഉണ്ടാകുമ്പോൾ ഓടിയെത്തുന്നവരുടെ തനിനിറം പുറത്താകുന്ന സംഭവമാണ് ഇതെന്നാണ് വിനു പറഞ്ഞത്. അപകടം ഉണ്ടായ ഉടനെ അന്നത്തെ യുഡിഎഫ് സർക്കാർ കൊല്ലത്ത് ഗസ്റ്റ്ഹൗസിൽ മന്ത്രിസഭാ യോഗം ചേർന്ന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. അന്വേഷണ വിഷയങ്ങളും പണവും പിന്നീട് വന്ന എൽഡിഎഫ് സർക്കാറും നൽകിയില്ല. ഇതേ തുടർന്നാണ് സ്വയം അപഹാസ്യമായി കമ്മീഷൻ രാജിവച്ചത്. ഇതിൽ ഒരു പ്രതിഷേധവും ആരും കണ്ടില്ല. എൽഡിഎഫും യുഡിഎഫും ബിജെപി നേതാക്കളും ഓടിയെത്തിയിരുന്നു. കേന്ദ്ര ധനസഹായം പോലും ഒരാഴ്‌ച്ച മുമ്പാണ് ലഭിച്ചത്. യൂസഫലി നൽകിയ ധനസഹായം പോലും മുഖ്യമന്ത്രയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയാണ് നടന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കുറ്റവാളികൾ പുറത്തിറങ്ങി സുഖമായി ക്ഷേത്രഭരണം നടത്തി ജീവിക്കുന്നു. ഇതുവരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം കൊടുത്തില്ല. പ്രതിഷേധിക്കുന്ന ആത്മാർത്ഥയുടെ രണ്ട് ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചു തരുന്നു എന്നു മാത്രം- വിനു വ്യക്തമാക്കി.
വിനുവിന്റെ നിലപാടിന് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. അതേസമയം തന്നെ വിനുവിനെ വിമർശിക്കുന്നവരും കുറവല്ല. എങ്കിലും ഓരോ കേരളീയരും പറയാൻ ആഗ്രഹിച്ച വാക്കുകളാണ് ഏഷ്യാനെറ്റ് അവതാരകൻ പറഞ്ഞതെന്നാണ് പൊതുവികാരം.