- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകൻ വിനു വി ജോൺ ഇടതുപക്ഷത്തിന്റെ വിശേഷിച്ച് സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. അടുത്തിടെ സിഐടിയു നേതാവ് എളമരം കരീമിനെ തല്ലാൻ വിനു വി ജോൺ ആഹ്വാനം ചെയ്തു എന്ന് ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സമരാനുകൂലികൾ പ്രതിഷേധിക്കാൻ രംഗത്തുവന്നത്. വിനു തുറന്നടിച്ച് അഭിപ്രായം പറയുകയും സഖാക്കൾക്ക് അത് വല്ലാതെ നോവുകയും ചെയ്യുന്നതാണ് പ്രശ്‌നത്തിന്റെ കാതൽ. പലവട്ടം സിപിഎമ്മിന്റെ ബഹിഷ്‌കരണം നടന്നു. ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് എന്നുവേണ്ട, അടവുകൾ പതിനെട്ടും പയറ്റി. വിനുവിനെ പുറത്താക്കണമെന്ന് വരെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു, സൈബർ സഖാക്കൾ.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചത് വിവാദമായതോടെ സിപിഎം ആകെ പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസിന്റെ കടുത്ത പ്രതിഷേധങ്ങളും അരങ്ങേറി. ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെ കല്ലേറുണ്ടായി. ഈ സംഭവത്തെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. പ്രകോപനപരമായി അസഭ്യമായ മുദ്രാവാക്യം വിളിച്ചാണ് വയനാട് ബ്യൂറോക്ക് നേരെ കല്ലേറ് നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ, ഈ വിഷയം, വിനു വി ജോൺ എടുത്തിട്ടു. തനിക്ക് നേരേ വ്യക്തിഹത്യയും, സൈബറാക്രമണവും, പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ചും ഒക്കെ ഉണ്ടായപ്പോൾ അനങ്ങാതെ, പ്രതികരിക്കാതെ ഇരുന്ന കെയുഡബ്ല്യുജെ, ദേശാഭിമാനിക്ക് നേരേ ആക്രമണം ഉണ്ടായപ്പോൾ മാത്രം പ്രതികരിച്ചതാണ് വിനു വി ജോണിനെ ചൊടിപ്പിച്ചത്. അടിമ സംഘടന ആയതുകൊണ്ടാണ് ഇത് എന്നാണ് വിനുവിന്റെ ആക്ഷേപം.
വിനുവിന്റെ വാക്കുകൾ ഇങ്ങനെ:
'ഒറ്റ കാര്യമൊന്ന് പറഞ്ഞോട്ടെ..ഈ മാധ്യമ പ്രവർത്തകരെ കുറിച്ച് പറഞ്ഞോണ്ടാണ്...കെയുഡബ്യുജെ എന്നൊരു സംഘടന ജീവിച്ചിരിക്കുന്നുണ്ടെന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്. കാരണം ഇന്ന് അവരൊരു വാർത്താ കുറിപ്പ് ഇറക്കിയിട്ടുണ്ട്. ദേശാഭിമാനിക്ക് നേരേയും, മാധ്യമ പ്രവർത്തർക്ക് നേരേയും നടന്ന കയ്യേറ്റങ്ങളിൽ ശക്തമായ പ്രതിഷേധം. അങ്ങനെയൊരു സംഘടനയുണ്ടല്ലോ...മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, മാധ്യമ പ്രവർത്തകരുടെ വീടുകളിൽ കടന്നുകയറി., പോസ്റ്റർ ഒട്ടിക്കുമ്പോൾ, മാധ്യമപ്രവർത്തകരുടെ ജോലി കളയണം എന്ന് ആവശ്യപ്പെട്ട് അവരെ ഭീഷണിപ്പെടുത്തുമ്പോൾ, മാധ്യമപ്രവർത്തകർ വഴിനടക്കില്ല എന്ന് വെല്ലുവിളിക്കുമ്പോൾ, കേരളത്തിൽ, കെയുഡബ്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല'.
'ഇന്ന് ദേശാഭിമാനിയുടെ നേരേ ആക്രമണം നടന്നു, മാധ്യമ പ്രവർത്തകർക്ക് നേരേ ആക്രമണം നടന്നു എന്നൊക്കെ പ്രതികരിക്കാൻ, ഈ അടിമ സംഘടന, അതേ, കേരളത്തിലെ അടിമ മാധ്യമ സംഘടന തയ്യാറായതിൽ എനിക്കുള്ള പ്രത്യേക സന്തോഷം, അറിയിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു.'-വിനു വി ജോൺ
വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയും പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ ഇന്ന് പ്രസ്താവിച്ചിട്ടുണ്ട്. വാർത്ത സമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങൾ തനിക്ക് അനിഷ്ടമാവുമ്പോൾ അസംബന്ധം പറയരുതെന്നും വാർത്ത സമ്മേളനത്തിൽ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല.
മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്