- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി; പ്രസ്താവന വിവാദമായത് നിമിഷങ്ങൾക്കം; അബദ്ധം മനസിലായതോടെ തിരുത്താൻ അനുമതി തേടി വീണജോർജ്ജ്; സാങ്കേതിക പിഴവെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാന അടിക്കടി ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലും അത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നിയമസഭയിലെ പ്രസ്താവന വിവാദത്തിൽ.പ്രസ്താവന വിവാദത്തിലേക്കെത്തിയതോടെ തിരുത്താൻ അനുമതി നേടിയിരിക്കുകയാണ് മന്ത്രി.കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി രേഖാമൂലം ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്. ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ തിരുത്താനുള്ള ശ്രമവുമായി മന്ത്രി നീക്കം തുടങ്ങി.
സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഡോക്ടർമാർക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി പരാമർശിച്ചത്.എന്നാൽ പ്രസ്താവന കൈവിട്ടതോടെ സഭയിലെ ഉത്തരത്തിൽ സാങ്കേതിക പിഴവ് ഉണ്ടായതാണെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. അക്രമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തിരുത്തും. ഇതിനായി സ്പീക്കറുടെ അനുമതി തേടും. ആശയക്കുഴപ്പം ഉണ്ടായതാണ് തെറ്റായ മറുപടി നൽകാനിടയായത്. ഉത്തരം തിരുത്തി നൽകിയതാണ്. പഴയത് അപ് ലോഡ് ചെയ്ത് വിനയായി എന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസിൽ ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കുന്നത്. പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം ഒരുവിഭാഗം നൽകിയ മറുപടി തിരുത്തി. എന്നാൽ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് സഭയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇതാണ് വിഷയത്തിലുണ്ടായ സാങ്കേതിക പിഴവെന്നാണ് വിശദീകരണം.
നിലവിൽ ഡോക്ടർമാർക്കെതിരേ രോഗികളിൽ നിന്നും രോഗികളുടെ ബന്ധുക്കളിൽ നിന്നുമുണ്ടാകുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമാണ്. ഡോക്ടർമാർക്കെതിരെയും ആരോഗ്യപ്രവർത്തകർക്കെതിരെയും അതിക്രമം തടയാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നുമായിരുന്നു മന്ത്രിയുടെ വിവാദ മറുപടി .
ഡോക്ടർമാർക്കെതിരേ അതിക്രമങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ ആരോഗ്യമന്ത്രിയുടെ വിചിത്ര മറുപടി മെഡിക്കൽ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പിന്നാലെയാണ് മറുപടി തിരുത്താനുള്ള നടപടിയിലേക്ക് ആരോഗ്യവകുപ്പ് നീങ്ങിയത്.
അതേസമയം ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സർക്കാരിന് കത്ത് നൽകിയിരുന്നു. ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ 43 അതിക്രമങ്ങളാണ് ഉണ്ടായത്. ഡോക്ടർമാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവർത്തകരും പലതരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ