ഡാർജിലിങ്: ഗൂർഖാ ലാൻഡ് സംസ്ഥാനം രൂപീകരിക്കുന്നതിനായി അവസാന പോരാട്ടതിന് ഒരുങ്ങാൻ ഡാർജിലിങ്ങിലെ ജനങ്ങളോട് ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) മേധാവി ബിമൽ ഗുരുങ്ങിന്റെ ആഹ്വാനം.

ഇതോടെ മേഖലയിൽ സംഘർഷ സാധ്യത കൂടുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായി 400 അർധസൈനികരെക്കൂടി കേന്ദ്രം ഡാർജിലിങ്ങിലേക്ക് അയച്ചിട്ടുണ്ട്. ഇതോടെ അർധസൈനികരുടെ എണ്ണം 1400 ആയി. സ്ഥിതി വളരെ മോശമാണെന്നും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ റൂട്ട് മാർച്ച് നടത്തുകയും ചെയ്തു.

'ഗൂർഖ ലാൻഡ് എന്ന നമ്മുടെ സ്വപ്നം നേടുന്നതിനായി ജയിക്കുക അല്ലെങ്കിൽ മരിക്കുക എന്ന പോരാട്ടത്തിന് തയാറാവണംഎന്നാണ് ജിജെഎമ്മിന്റെ ആഹ്വാനം. ജനങ്ങളെല്ലാം അവസാന പോരാട്ടത്തിന് ഒരുങ്ങണമെന്നും' അജ്ഞാത കേന്ദ്രത്തിൽ നിന്നും ബിമൽ നൽകിയ സന്ദേശത്തിൽ പറയുന്നു. ഈ സന്ദേശം മലയോരമേഖലയിൽ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. ജിജെഎം നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഒട്ടേറെ ആയുധങ്ങൾ കണ്ടെടുത്തതിനു പിന്നാലെയാണ് ബിമൽ ഗുരുങ്ങിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ജിജെഎം മേഖലയിൽ ആരംഭിച്ച അനിശ്ചിതകാല സമരം പലയിടത്തും അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരും പൊലീസും പരസ്പരം കല്ലേറു നടത്തി. പ്രക്ഷോഭകാരികൾ മിറിക്കിലെ പഞ്ചായത്ത് ഓഫിസിന് തീയിട്ടു. ലോഥ്മയിൽ പ്രാഥമിക ഹെൽത്ത് സെന്ററിനും തീയിട്ടുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഗൂർഖാ ലാൻഡ് സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ജെഎപി നേതാക്കളും പ്രതികരിച്ചു.

പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനത്തിനു വേണ്ടി വാദിച്ചുവന്ന ഗൂർഖാ ജനമുക്തി മോർച്ച (ജിജെഎം) സംസ്ഥാനം വേണമെന്ന ആവശ്യം മാറ്റിവച്ച് കൂടുതൽ അധികാരമുള്ള പ്രാദേശിക സ്വയംഭരണ സമിതിക്കു സമ്മതിച്ചതോടെ നേരത്തെ 15 വർഷമായി ബംഗാളിലെ ഡാർജിലിങ്ങിൽ നടന്നിരുന്ന പ്രക്ഷോഭം അവസാനിച്ചിരുന്നു. എന്നാൽ ഈയിടെ വീണ്ടും പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉന്നയിച്ചു ജിജെഎം രംഗത്തിറങ്ങിയിരിക്കുകയാണ്.