- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വൻ സംഘർഷം; കല്ലാക്കുറിച്ചിയിലും ചിന്നസേലത്തും നിരോധനാജ്ഞ; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടർ; പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ
ചെന്നൈ: സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സംഘർഷമുണ്ടായ തമിഴ്നാട്ടിലെ കല്ലാക്കുറിച്ചിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷമുണ്ടായ മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കല്ലാക്കുറിച്ചി ജില്ലാ കളക്ടർ പി.എൻ. ശ്രീധർ അറിയിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാലാണ് കല്ലാക്കുറിച്ചി, ചിന്നസേലം മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമീപജില്ലകളിൽനിന്ന് കൂടുതൽ പൊലീസിനെയും ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും തമിഴ്നാട് ഡി.ജി.പി. സി. ശൈലേന്ദ്രബാബുവും പ്രതികരിച്ചു. ആദ്യം കുറച്ചുപേരാണ് സ്കൂളിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇവരെ നേരിടാൻ പൊലീസ് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ പിന്നീട് ഇവർ കൂടുതൽപേരെ സംഘടിപ്പിച്ച് സ്കൂളിലേക്ക് വരികയാണുണ്ടായതെന്നും ഡി.ജി.പി. പറഞ്ഞു.
ചിന്നസേലത്തെ ശക്തി മെട്രിക്കുലേഷൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ഞായറാഴ്ച വൻസംഘർഷത്തിൽ കലാശിച്ചത്. സ്കൂളിലേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് പേർ സ്കൂളിലെ ബസുകളും മറ്റുവാഹനങ്ങളും അടിച്ചുതകർത്തു. പത്തിലേറെ ബസുകളും മൂന്ന് പൊലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി.
പെൺകുട്ടിയുടെ സ്വദേശമായ കടലൂരിൽനിന്നടക്കം നിരവധി പേരാണ് ചിന്നസേലത്തേക്ക് സമരത്തിൽ പങ്കെടുക്കാനെത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനപ്രകാരം നിരവധി യുവാക്കളും എത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
കഴിഞ്ഞ ദിവസമാണ് രണ്ട് അദ്ധ്യാപകർ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിനി സ്വാകാര്യ സ്കൂളിലെ ഹോസ്റ്റൽ കെട്ടിടടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇന്നലെ മരിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
തന്റെ മരണത്തിന് കാരണം രണ്ട് അദ്ധ്യാപകരുടെ മാനസികപീഡനമാണെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുഅദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് പ്രതിഷേധം ആളിപ്പടരുകയായിരുന്നു. കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം
ന്യൂസ് ഡെസ്ക്