ന്യൂഡൽഹി: സായുധസേനകളിലേക്ക് നാലുവർഷത്തേക്കു നിയമനം നൽകുന്ന കേന്ദ്രസർക്കാരിന്റെ നിർദിഷ്ട 'അഗ്നിപഥ്' പദ്ധതിക്കെതിരേ പ്രതിഷേധം കടുക്കുന്നു. ബിഹാറിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. പ്രതിഷേധക്കാർ ട്രെയിൻ ബോഗിക്ക് തീയിട്ടു. റെയിൽ, റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്. കണ്ണീർ വാതകം ഉൾപ്പെടെയുള്ളവ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് പിരിട്ടുവിട്ടത്.

ബിഹാറിലെ ബാബ്വയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീ വച്ചു. ഇന്റർസിറ്റി എക്സ്‌പ്രസിന്റെ ചില്ലുകൾ തകർത്തു. ജെഹനാബാദിൽ ട്രെയിൻ തടഞ്ഞ പ്രതിഷേധക്കാർ നീക്കം ചെയ്യാനെത്തിയ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനായി പൊലീസ് ഇവർക്ക് നേരെ തോക്കു ചൂണ്ടി. നവാഡയിൽ ടയറുകൾ കത്തിച്ചായിരുന്നു പ്രതിഷേധം.

ഇവിടെനിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനിൽ അക്രമം അഴിച്ചുവിടുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങളും വിളിക്കുന്നതും കാണാം. റെയിൽവേ ട്രാക്കിൽ പുഷ് അപ്പ് എടുത്തും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു.

നാല് വർഷത്തേക്ക് മാത്രം നിയമനം നൽകിയ ശേഷം നിർബന്ധിത വിരമിക്കലാണ് അഗ്‌നിപഥ് സ്‌കീമിൽ പറയുന്നത്. ഇവർക് പെൻഷ്ൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. മുസഫർപുരിലെ ഹൈവേയും ബക്സറിലെ റെയിൽപ്പാളവും പ്രതിഷേധക്കാർ ഉപരോധിച്ചു.

അഗ്നിപഥ് പദ്ധതിപ്രകാരം നാലുവർഷം 'അഗ്നിവീർ' ആകുന്നവരിൽ 25 ശതമാനം പേർക്കേ സ്ഥിരനിയമനം ലഭിക്കൂ. ഇത് തങ്ങളുടെ തൊഴിൽസാധ്യതയെ ബാധിക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.

ലഖ്നൗ-ബറൗണി ദേശീയപാതയിൽ ഇവർ ടയർ കൂട്ടിയിട്ടു കത്തിച്ചു. കരസേനാ റിക്രൂട്ട്മെന്റ് റാലി നടക്കാറുള്ള ചക്കർ മൈതാനത്തിനടുത്തും ഇതേ രീതിയിലുള്ള പ്രതിഷേധമുണ്ടായി. നാലുവർഷം പൂർത്തിയാക്കുന്ന 'അഗ്നിവീറുക'ൾക്ക് മറ്റു ജോലികളിൽ 20-30 ശതമാനം സംവരണമേർപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു

അതേ സമയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി ലഫ്റ്റ്‌നന്റ് ജനറൽ ബി.എസ്.രാജു രംഗത്തെത്തി. അഗ്‌നിവീർമാരെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. അടുത്ത 6 മാസം കൊണ്ട് കാൽലക്ഷം അഗ്‌നിവീർ സൈനികരെ നിയമിക്കുമെന്നും കരസേനാ ഉപമേധാവി വ്യക്തമാക്കി. തൊട്ടടുത്ത വർഷം 15,000 പേരെ നിയമിക്കും.

അടുത്ത 10 വർഷത്തിനുള്ളിൽ സേനയുടെ 25 ശതമാനവും അഗ്‌നിവീർ സൈനികർ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്ധതിയെ അനുകൂലിച്ച് കരസേനാ ഉപമേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സേനയുടെ ശരാശരി പ്രായം 26 ആക്കി കുറയ്ക്കാൻ അഗ്‌നിപഥ് പദ്ധതി സഹായിക്കുമെന്നും ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു.

അഗ്‌നിപഥ് പദ്ധതി

ഹ്രസ്വകാല സൈനിക സേവനത്തിനുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ തുടക്കം കുറിച്ച അഗ്‌നിപഥ്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്‌നിപഥ് പ്രഖ്യാപിച്ചത്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തെ സേവനത്തിന് ശേഷവും ഇവർക്ക് സൈന്യത്തിൽ സ്ഥിര സേവനത്തിനായി അപേക്ഷിക്കാൻ കഴിയും.

തുടക്കത്തിൽ പുരുഷന്മാർക്കാവും നിയമനമെങ്കിലും ഭാവിയിൽ യുവതികൾക്കും അവസരം പ്രതീക്ഷിക്കാം. ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർണായകമായ നിർദ്ദേശം.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 8.72 ലക്ഷം ഒഴിവുകളുള്ളതായി കേന്ദ്രം ഈ വർഷമാദ്യം പാർലമെന്റിൽ അറിയിച്ചിരുന്നു. രണ്ട് വർഷത്തിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലവസരങ്ങൾ കൂട്ടാനുള്ള കേന്ദ്രത്തിന്റെ നിർണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.