കാസർകോട്: മനുഷ്യർ മൃഗങ്ങളേക്കാൾ കൂടുതൽ ഭീഷണി നേരിടുന്നത് പാമ്പുകളിൽ നിന്നാണ്. വന്യജീവികളിൽ നിന്നും കൃഷിനാശമാണ് കൂടുതലായി ഉണ്ടാകാറുള്ളതെങ്കിൽ മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാണ് പാമ്പുകൾ. വർഷന്തോറും പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരും മരിക്കുന്നവരും നിരവധിയാണ്.

പാമ്പിൻ വിഷത്തിൽ ഏറ്റവും വീര്യം കൂടിയ ഒന്നാണ് അണലി വിഷം. അണലിയടെ കടിയേറ്റ് മരിക്കുന്നവർ നിരവധിയാണ്. ഇനി വരുന്ന മാസങ്ങളിലാണ് അണലി കടിയുടെ എണ്ണം കൂടുക. അതായത് മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് അണലി കടി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാരണം ഈ മാസങ്ങളിലാണ് അണലി പ്രസവിക്കുന്നത്. പ്രസവിച്ചു കിടക്കുന്ന അണലികൾ താമസിക്കുന്ന ആവാസ വ്യവസ്ഥകളിലേക്ക് കടന്നു ചെല്ലുന്നത് വളരെ അപകടകരമാണ്.ഈ സമയങ്ങളിൽ അണലി കുഞ്ഞുങ്ങൾ വളരെ സജീവമായിരിക്കും. മാത്രമല്ല പ്രസവിച്ചു കിടക്കുന്ന സ്ഥലത്തേക്ക് മനുഷ്യർ കടന്നു ചെല്ലുന്നത് അവരെ പ്രകോപിക്കുകയും ചെയ്യും. അതുകൊണ്ട് അത്തരം മേഖലകളിലേക്ക് കടന്ന് ചെല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബ്രിട്ടനിലെ പ്രസിദ്ധമായ ഹെർപ്പറ്റോളജിക്കൽ ബുള്ളറ്റിനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പെരിയ കേന്ദ്ര സർവകലാശാലയിൽ ഗവേഷകനായ കണ്ണൂർ തളാപ്പിലെ മഞ്ചക്കണ്ടി ആർ.റോഷ്നാഥിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.