തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ മരിച്ച മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന്റെ അനുസ്മണം ഓൺലൈനായി നടത്തി. വിപിൻ ചന്ദ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവർ പങ്കെടുത്തു.

വിപിൻ ചന്ദിന്റെ വേർപാടിലൂടെ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. മാധ്യമ ലോകത്തെ സൗമ്യമുഖമായിരുന്നു വിപിനെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും വിപിന്റെ സഹപ്രവർത്തകയുമായിരുന്ന വീണ ജോർജ് ഓർമ്മിച്ചു. വിപിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്ന കാര്യം ഉൾപ്പടെ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വിപിന് ചന്ദിന് അനുസ്മരണം ഒരുക്കിയ സൗഹൃദ കൂട്ടായ്മയ്ക്ക് ഭാര്യ ശ്രീദേവി നന്ദി അറിയിച്ചു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷൻ കെ.പി. റെജി, എം.ജി. സർവകലാശാല ജേർണലിസം വിഭാഗം പ്രിൻസിപ്പൽ ഡോ. ലിജിമോൾ ജേക്കബ്, മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഷാലു മാത്യു, മാധ്യമപ്രവർത്തകരായ എം.എസ്. ശ്രീകല, അനുപമ, റിബിൻ രാജു, അഞ്ജന ശശി, സിനു കെ. ചെറിയാൻ, ധനിത് ലാൽ, അരവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.

വിപിൻ ചന്ദിന്റെ സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയായ വിപിൻ കോവിടാനന്തരം ന്യുമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.