തൃശൂർ: സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ജീവിതം അവസാനിപ്പിച്ച വിപിൻ മലയാളികളുടെ ഹൃദയം ഉലച്ചിരുന്നു. സഹോദരനെ നഷ്ടപ്പെട്ട് നിൽക്കുന്ന വിപിന്റെ സഹോദരി വിദ്യക്കും കുടുംബത്തിനും താങ്ങായി ഇനി താൻ ഉണ്ടാവുമെന്നാണ് പ്രതിശ്രുത വരൻ നിധിൻ പറയുന്നത്. വിവാഹത്തിൽ നിന്നും പിന്നോട്ടില്ലെന്നും നിധിൻ വ്യക്തമാക്കി. അവളെ ഞാൻ ഇഷ്ടപ്പെട്ടത് പണം മോഹിച്ചല്ല. വിദേശത്തുള്ള ജോലി പോയാലും പ്രശ്നമില്ല. വിദ്യയെ വിവാഹം ചെയ്തതിന് ശേഷമേ മടങ്ങി പോകുന്നുള്ളു. ജനുവരി ആദ്യ ആഴ്ചയിൽ തിരിച്ചെത്തണം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ 41 ചടങ്ങ് കഴിഞ്ഞ് വിവാഹം നടത്തിയതിന് ശേഷമേ മടക്കമുള്ളു. അച്ഛനില്ലാത്ത കുട്ടിയാണ്. ഇപ്പോൾ ആങ്ങളയുമില്ല. ഇനി അവൾക്ക് ഞാനുണ്ട് എല്ലാമായി, നിധിൻ പറഞ്ഞു.

രണ്ടര വർഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഷാർജയിൽ എസി മെക്കാനിക്ക് ആണ് നിധിൻ. രണ്ടാഴ്ച മുൻപാണ് നാട്ടിൽ എത്തിയത്. പണവും സ്വർണവും ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും ബാങ്കിൽ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകയ്യോടെ വിടാനാകില്ലെന്നുമാണ് വിപിൻ പറഞ്ഞത്. ഫോട്ടോയെടുക്കാനായി വരാൻ തിങ്കളാഴ്ച നിധിനോട് വിപിൻ പറഞ്ഞിരുന്നു. സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്തു. അതിന് ശേഷം വിദ്യയെ ജൂവലറിയിൽ എത്തിക്കാൻ വിപിൻ പറഞ്ഞു. വിദ്യയെ അമ്മയ്ക്കൊപ്പം ജൂവലറിയിലാക്കി നിധിൻ കയ്പമംഗലത്തെ വീട്ടിലേക്ക് മടങ്ങി.

എന്നാൽ ബാങ്കിൽ നിന്ന് പണം വാങ്ങി വരാമെന്ന് പറഞ്ഞ വിപിൻ മടങ്ങി വരാതിരുന്നതോടെ നിധിനെ വിദ്യ വിളിച്ചു. വിപിനെ നിധിൻ വിളിച്ചിട്ടും എടുത്തില്ല. ഇതോടെ നിധിൻ വിദ്യയുടെ വീട്ടിലേക്ക് എത്തി. എന്നാൽ വിപിൻ ആത്മഹത്യ ചെയ്തെന്ന വിവരമാണ് അറിയാനായത്. മരപ്പണിക്കാരനായിരുന്ന അച്ഛൻ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചപ്പോൾ കുടുംബഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ നാട്ടുകാർക്കാകെ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ സാമ്പത്തികപ്രതിസന്ധി മൂലം അടുത്ത ആഴ്‌ച്ച നിശ്ചയിച്ചിരുന്ന സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയാണ് വിപിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്.

അച്ഛൻ മരിച്ച ശേഷം വിപിൻ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയാണ് വിപിൻ കുടുംബം നോക്കിയിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ കാര്യമാകെ പരിങ്ങലിലായിരുന്നു. കോവിഡൊക്കെ ഒന്ന് ഒതുങ്ങിതുടങ്ങിയപ്പോൾ അടുത്തുള്ള ഒരു സർവീസ് സെന്ററിൽ വിപിൻ ജോലിക്ക് പോയിതുടങ്ങിയിരുന്നു. സഹോദരിയുടെ വിവാഹശേഷം അമ്മയേയും കൊണ്ട് തിരുവനന്തപുരത്തേയ്ക്ക് മാറണമെന്നും അവിടെ ഒരു ജോലി നോക്കണമെന്നും വിപിൻ പറഞ്ഞിരുന്നതായി വാർഡ് കൗൺസിലറായ രാജൻ പള്ളൻ ഓർക്കുന്നു.

അതേസമയം വായ്പ ബാങ്ക് നിരസിച്ചതിനെ തുടർന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ജീവനൊടുക്കിയ വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് ഒന്നിച്ചിരുന്നു. പെൺകുട്ടിക്ക് വിവാഹ സമ്മാനമായി അഞ്ച് പവൻ നൽകുമെന്ന് കല്യാൺ ജുവലേഴ്‌സും മൂന്ന് പവൻ സമ്മാനമായി നൽകുമെന്ന് മലബാർ ഗോൾഡും അറിയിച്ചു. പെൺകുട്ടിയുടെ വിവാഹം നടത്താൻ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് തൃശൂരിലെ മജ്‌ലിസ് പാർക്ക് ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു.