- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡിനെത്തിയത്ത് മകളുടെ വിവാഹദിനത്തിൽ; അഞ്ചുവട്ടം മുഖ്യമന്ത്രി പദം അലങ്കരിച്ച വീരഭദ്രനെ പിടിച്ചതിൽ ഞെട്ടി കോൺഗ്രസ്; പ്രതികാരം രാഷ്ട്രീയം വൻ ചർച്ചയാകുന്നു
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി വീർഭദ്ര സിങ്ങിനും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതിവിരുദ്ധ നിയമപ്രകാരം സിബിഐ കേസെടുത്തു. ഷിംലയിലും ഡൽഹിയിലും സിങ്ങിന്റെ വസതികളിൽ റെയ്ഡ് നടത്തി. ഖനി വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ കോൺഗ്രസ് അന്വേഷണമാവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു സിബിഐ നടപടി. സിങ്ങ

ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി വീർഭദ്ര സിങ്ങിനും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതിവിരുദ്ധ നിയമപ്രകാരം സിബിഐ കേസെടുത്തു. ഷിംലയിലും ഡൽഹിയിലും സിങ്ങിന്റെ വസതികളിൽ റെയ്ഡ് നടത്തി. ഖനി വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ കോൺഗ്രസ് അന്വേഷണമാവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു സിബിഐ നടപടി. സിങ്ങിന്റെ രണ്ടാമത്തെ മകൾ മീനാക്ഷി സിങ്ങിന്റെ വിവാഹദിനത്തിൽത്തന്നെയായിരുന്നു കേസും റെയ്ഡും. രണ്ടാം യുപിഎ സർക്കാരിൽ ഉരുക്കു മന്ത്രിയായിരിക്കെ (2009-11) വരവിൽ കവിഞ്ഞ് 6.1 കോടി രൂപ സമ്പാദിച്ചെന്ന ആരോപണമാണു കേസിനാധാരം. സിബിഐ ഇതേക്കുറിച്ചു നേരത്തേ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയിരുന്നു. സിങ്ങിനു പുറമേ പത്‌നി പ്രതിഭാ സിങ്, മകൻ വിക്രമാദിത്യ, മകൾ അപരാജിത എന്നിവരാണു പ്രതികൾ. ഷിംലയിലെയും ഡൽഹിയിലെയും വസതികൾ ഉൾപ്പെടെ 11 ഇടങ്ങളിൽ സിബിഐ ഒരേസമയം റെയ്ഡ് നടത്തി.
വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനു ഷിംലയിലെ സങ്കടമോചൻ ക്ഷേത്രത്തിലേക്കു സിങ്ങും കുടുംബാംഗങ്ങളും പുറപ്പെട്ടതിനു പിന്നാലെയാണു സിബിഐ സംഘം ഔദ്യോഗിക വസതിയിൽ റെയ്ഡ് നടത്തിയത്. പിന്നീടു വീട്ടിൽ സൽക്കാരത്തിന് അതിഥികളെത്തിച്ചേർന്നപ്പോഴും റെയ്ഡ് തുടരുകയായിരുന്നു. കേന്ദ്രമന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ് 6.1 കോടി രൂപ സമ്പാദിച്ചെന്നും ഇതു തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ സിങ് എൽഐസി പോളിസികളിൽ നിക്ഷേപിച്ചെന്നുമാണു കേസ്. വരവിലേറെ സ്വത്തുണ്ടെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെതിരെ അപ്‌ലറ്റ് ട്രിബ്യൂണലിൽ സിങ് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഡൽഹി ഹൈക്കോടതിയിലും കേസുണ്ട്. രണ്ടിലും തീർപ്പായിട്ടില്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്തു റെയ്ഡ് നടത്താൻ സിബിഐ തീരുമാനിക്കുകയായിരുന്നു.
സിബിഐയെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ ഏറ്റവും മോശം ഉദാഹരണമായാണു സിങ്ങിനെതിരായ നീക്കത്തെ കോൺഗ്രസ് കാണുന്നത്. രണ്ട് ബിജെപി നേതാക്കൾക്കു നേരെയാണു കോൺഗ്രസ് പ്രധാനമായും വിരൽചൂണ്ടുന്നത്: ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ഹിമാചലിൽ നിന്നുള്ള യുവനേതാവ് അനുരാഗ് ഠാക്കൂർ. മുൻ യുപിഎ സർക്കാരിന്റെ കാലത്തു തന്നെ സിങ്ങിനെതിരെ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ജയ്റ്റ്‌ലി അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനു കത്തെഴുതിയിരുന്നു. ബിസിസിഐ സെക്രട്ടറിയായ അനുരാഗ് ഠാക്കൂറിനും പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രേംകുമാർ ധുമലിനുമെതിരെ കോൺഗ്രസ് അടുത്തകാലത്ത് അഴിമതിയാരോപണമുന്നയിച്ചതു ബിജെപിയെ പ്രകോപിപ്പിക്കുകയും ചെയ്തു. ധുമൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മകന്റെ പിന്തുണയോടെ ക്രിക്കറ്റ് സ്‌റ്റേഡിയം സ്വകാര്യ വ്യക്തികൾക്കു നൽകിയെന്നായിരുന്നു ആരോപണം. മുലായം സിങ് യാദവ്, മായാവതി, മമത ബാനർജി തുടങ്ങിയവരെയും കേന്ദ്ര സർക്കാർ വിവിധ കേസുകളിൽ സിബിഐയെ ഉപയോഗിച്ചു ഭയപ്പെടുത്തുകയാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അഞ്ചുതവണ മുഖ്യമന്തിയായ സിങ് ഇതുവരെ പദവിയിലിരുന്നത് 19 വർഷം. പലവട്ടം കേന്ദ്രമന്ത്രിയുമായി. രണ്ടാം യുപിഎ സർക്കാരിൽ ഉരുക്ക്, ചെറുകിട ഇടത്തരം വ്യവസായ വകുപ്പുകളിൽ ക്യാബിനറ്റ് മന്ത്രി. 2012ൽ കേന്ദ്രമന്ത്രിയായിരിക്കുമ്പോഴാണ് അഞ്ചാം വട്ടവും ഹിമാചൽ മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പു തോറ്റ ഇന്ദിരാഗാന്ധിക്കെതിരെ ജനതാ സർക്കാർ 1978ൽ കൈക്കൊണ്ടതിനു സമാനമായ നടപടികളിലൂടെയാണു ബിജെപി സർക്കാർ നീങ്ങുന്നതെന്നു പ്രതികരിച്ച കോൺഗ്രസ് നേതൃത്വം വീർഭദ്ര സിങ്ങിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. സിബിഐയെ ഉപയോഗിച്ചു പ്രതിപക്ഷത്തെ ഒതുക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിന്റെ 'കൗണ്ട്ഡൗൺ' തുടങ്ങിക്കഴിഞ്ഞെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുന്നറിയിപ്പു നൽകി. എന്നാൽ സിബിഐ കേസിന്റെ പശ്ചാത്തലത്തിൽ വീർഭദ്ര സിങ് രാജിവച്ച് അന്വേഷണം നേരിടണമെന്നു ബിജെപി ആവശ്യപ്പെട്ടു. വരുംദിനങ്ങളിൽ രാഷ്ട്രീയാന്തരീക്ഷം കൂടുതൽ കലുഷിതമാകുമെന്ന സൂചനയാണുള്ളത്.
സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്ന കോൺഗ്രസ് രാജ്യതാൽപര്യത്തിനെതിരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജനവിരുദ്ധ പരിഷ്‌കാരങ്ങൾക്കു മുതിർന്നാൽ സർക്കാരിനു മുന്നിൽ കോൺഗ്രസ് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നായിരുന്നു ഇതിനോടു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ 45,000 കോടി രൂപയുടെ അഴിമതിയാരോപണം രാജസ്ഥാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് ഉന്നയിച്ചിരുന്നു. ഛത്തീസ്‌ഗഡിലെ റേഷൻ, സഹകരണ ബാങ്ക് കുംഭകോണങ്ങൾ, മധ്യപ്രദേശിലെ വ്യാപം അഴിമതി, മോദി ഗേറ്റ് തുടങ്ങിയ പ്രശ്‌നങ്ങളിലും ബിജെപി മുഖ്യമന്ത്രിമാർക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുണ്ട്. ബിജെപി മുഖ്യമന്ത്രിമാർക്കെതിരായ ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്.
എന്നാൽ ഹിമാചൽ മുഖ്യമന്ത്രിക്ക് എതിരായ നടപടിയിൽ രാഷ്ട്രീയമില്ലെന്നാണ് ബിജെപിയുടെ നിലപാട്. കൂടുതൽ നടപടികൾ പല കോൺഗ്രസ് നേതാക്കളും ഭയക്കുന്നതിനാലാണ് ഇതിൽ രാഷ്ട്രീയം ആരോപിക്കുന്നതെന്നും അവർ പറയുന്നു.

