ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ വി.ആർ.കൃഷ്ണ തേജ ആദ്യമായി പുറത്തിറക്കിയത്. കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. അവധി ആണെന്നു കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണം എന്നായിരുന്നു കുറിപ്പിലെ ഉപദേശം.

സ്വയം കളക്ടർമാമനായി മാറി അവധി പ്രഖ്യാപനം മാത്രമല്ല രക്ഷിതാക്കൾക്ക് ജോലിക്ക് പോവുമ്പോൾ കുട്ടികൾ ചേയ്യേണ്ട കാര്യങ്ങളും തന്റെ കുറിപ്പിലൂടെ സ്നേഹപൂർവം ഉപദേശിക്കുകയാണ് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കൃഷ്ണ തേജയുടെ പുതിയ ഉത്തരവിൽ. രക്ഷിതാക്കൾക്ക് ഉമ്മ കൊടുക്കണമെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വരണമെന്ന് അവരോട് പറയണമെന്നും കളക്ടറുടെ അവധി പ്രഖ്യാപന പോസ്റ്റിൽ പറയുന്നു.

അപ്രതീക്ഷിതമായി ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തെത്തിയ കൃഷ്ണ തേജ വ്യത്യസ്തമായ സമീപനരീതിയിലൂടെ ജനങ്ങളെ കൈയിലെടുക്കുകയാണ്. മഴക്കാല ദുരിതങ്ങൾക്കിടെ കുട്ടികളോടുള്ള കരുതൽ വ്യക്തമാക്കുന്ന കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം ഇട്ട ഫേയ്‌സ് ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെയാണ് ഇന്നും അദ്ദേഹം സമാനരീതിയിലുള്ള അവധിപ്രഖ്യാപനം നടത്തിയത്.

മഴക്കാലമായതുകൊണ്ട് അച്ഛനമ്മമാർ ജോലിക്ക് പോവുമ്പോൾ ബാഗിൽ കുട, മഴക്കോട്ട്, എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. പോകുന്നത് മുൻപ് അവർക്ക് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നുണ്ടെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വൈകിട്ട് നേരത്തെ വീട്ടിൽ വരണമെന്ന് സ്നേഹത്തോടെ പറയണമെന്നും ഉപദേശിക്കുന്നു കളക്ടർമാമൻ. നാളേയും അവധിയാണെന്നും എന്നുവെച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങൾ മറക്കല്ലേയെന്നും കൃഷ്ണ തേജ പറയുന്നു.

'പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കു ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ... സ്നേഹത്തോടെ' - കലക്ടർ എന്നായിരുന്നു വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ പുറത്തിറക്കിയ ഉത്തരവിനൊപ്പം പങ്കുവച്ച കുറിപ്പ്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുടുംബത്തോടുള്ള കരുതൽ കുട്ടികളെ ഓർമ്മിച്ച് കളക്ടർ മാമൻ സാമൂഹ്യ മാധ്യമത്തിൽ കുറിപ്പിട്ടത്.

കളക്ടർ വേറെ ലെവലെന്ന് കമന്റ്ബോക്സിൽ പോസ്റ്റിനോടുള്ള പ്രതികരണങ്ങൾ തുരുതുരെ വന്ന് കൊണ്ടിരിക്കുകയാണ്. വലിയ രീതിയിൽ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. സൂക്ഷിച്ച് വണ്ടിയോടിക്കണമെന്നുള്ള ഉപദേശം വെങ്കിട്ടരാമനെ ഉദ്ദേശിച്ചാണോയെന്നും ആളുകൾ കമന്റിൽ ചോദിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്സിനെ പ്രതിഷേധത്തെ തുടർന്ന് മാറ്റിയതോടെയാണ് അപ്രതീക്ഷിതമായി കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായത്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി കഴിഞ്ഞ ദിവസമാണ് വി.ആർ.കൃഷ്ണ തേജയെ പുതിയ ആലപ്പുഴ കലക്ടറായി നിയമിച്ചത്.