ബെർലിൻ: വിവാഹമോചനത്തിന് ഭാര്യയ്ക്ക് സ്വത്തിന്റെ പാതി നൽകണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ വീട്ടിലുള്ള വസ്തുക്കളെല്ലാം മുറിച്ചു നൽകിയെന്നുള്ള ഭർത്താവിന്റെ കഥ വ്യാജമാണെന്ന് തെളിഞ്ഞു. ജർമനിയിലെ ഒരു ഓൺലൈൻ ലീഗൽ മാഗസിന്റെ പരസ്യത്തിനായി മെനഞ്ഞ തന്ത്രമായിരുന്നു ഈ പോസ്റ്റ് എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

വിവാഹമോചനത്തിനായി ഭാര്യയ്ക്ക് സ്വത്തിന്റെ പകുതി നൽകുന്നതിനായി വീട്ടിലുള്ള വസ്തുക്കൾ എല്ലാം തന്നെ പാതി മുറിച്ച് നൽകിയതിനെ കുറിച്ചുള്ള വാർത്തയാണ് കഴിഞ്ഞ ദിവസം ലോകമാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. കാറുൾപ്പെടെയുള്ള സ്വത്തുക്കൾ യുവാവ് കത്തി കൊണ്ട് മുറിക്കുന്നതിന്റെ വീഡിയോ വരെ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ജൂൺ 16നാണ് ഫോർ ലോറ എന്ന തലക്കെട്ടിലുള്ള ഒന്നര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. അത്യപൂർവമായ ഈ വിവാഹമോചനത്തിന്റെ കഥ അഞ്ചു ദിവസത്തിനകം അമ്പതു ലക്ഷത്തിലേറെ പേർ കാണുകയും ചെയ്തിരുന്നു.

12 വർഷത്തെ തങ്ങളുടെ ദാമ്പത്യം വേർപിരിയുന്നു എന്നു പറഞ്ഞാണ് യുവാവ് ഓരോ വസ്തുക്കളും മുറിക്കുന്നത്. തന്റെ അയൽവാസിയായ യുവാവുമായി ഭാര്യ ഇഷ്ടത്തിലായെന്നും കോടതി വിധി പ്രകാരം തന്റെ സ്വത്തിന്റെ പാതി ലോറയ്ക്ക് മുറിച്ചു നൽകുകയാണെന്നും പറഞ്ഞാണ് കട്ടിൽ, കസേര, കാർ, ഐ ഫോൺ തുടങ്ങിയവ കട്ടിങ് ടൂൾ ഉപയോഗിച്ച് മുറിച്ചത്. മുറിച്ചവയിൽ ഭാര്യയ്ക്കുള്ളതുകൊടുത്തു കഴിഞ്ഞുവെന്നും തന്റെ പാതി ഇ-ബേയിൽ വിൽക്കാൻ വച്ചിട്ടുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

എന്നാൽ തങ്ങളുടെ പരസ്യതന്ത്രമായിരുന്നു ഇതെന്ന് വ്യക്തമാക്കിക്കൊണ്ട് ജർമനിയിലെ ഒരു ഓൺലൈൻ ലീഗൽ മാഗസിൻ രംഗത്തെത്തിയതോടെയാണ് ഇതുവ്യാജമാണെന്നു തെളിഞ്ഞത്. ഭാവിയിൽ വിവാഹമോചനം മുന്നിൽക്കണ്ട് ദമ്പതികൾ മുൻകരുതലുകൾ സ്വീകരിക്കാറില്ലെന്നും ഇതിനെക്കുറിച്ച് ആൾക്കാർക്കിടയിൽ ബോധവത്ക്കരണം നടത്താനുമാണ് ഇത്തരത്തിലൊരു പരസ്യം തയാറാക്കിയെന്നുമാണ് സ്ഥാപനം വിശദീകരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള പരസ്യം കൊണ്ട് ആൾക്കാരുടെ മനസിൽ ഇടംപിടിക്കാൻ സാധിക്കാറില്ലെന്നും അതുകൊണ്ടു പുതുമയുള്ള ഒരു മാർഗം സ്വീകരിച്ചുവെന്നും കമ്പനി അധികൃതർ വെളിപ്പെടുത്തി.

അതേസമയം ഇ-ബേയിൽ വിൽക്കാനിട്ടിരിക്കുന്ന ഈ വസ്തുക്കൾ യഥാർഥത്തിലുള്ളതാണെന്നും ഇവ വാങ്ങിക്കാൻ താത്പര്യം കാട്ടി ഏറെപ്പേർ മുന്നോട്ടു വരുന്നുണ്ടെന്നും സ്ഥാപനം അറിയിച്ചു. ഈ വസ്തുക്കൾ വിറ്റു കിട്ടുന്ന പണം ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്നും ഇവർ പറയുന്നു. അതേസമയം വിവാഹമോചന വാർത്തയും വീഡിയോയും വ്യാജമാണെന്നു തെളിഞ്ഞെങ്കിലും ഇ-ബേയിൽ കച്ചവടത്തിന് വച്ചിരിക്കുന്ന വസ്തുക്കളുടെ വിലയിൽ ഇടിവൊന്നും ഉണ്ടായിട്ടില്ല. കാറിന്റെ ലേലത്തുക ഇപ്പോൾ തന്നെ 1,000 യൂറോയ്ക്കു മുകളിൽ എത്തിയിട്ടുണ്ട്.