നമ്മുടെ നാട്ടിൽ പത്താം ക്ലാസ് ഇന്നും വിദ്യാർത്ഥികൾക്ക് പേടി സ്വപ്‌നമാണ്.പത്താംക്ലാസ് പ്രധാനപ്പെട്ടതാണ് അല്ലെന്നല്ല പറഞ്ഞുവരുന്നത്.പക്ഷെ ഈ ഭയക്കുന്ന അത്രയൊക്കെ പത്താംക്ലാസ് ഉണ്ടോ.. അതോ പത്താംതരം മാത്രമാണോ വിജയത്തിന്റെ അടിസ്ഥാനം.അല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഒരു മാർക്‌സ് കാർഡ്.

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ പത്താം ക്ലാസ് പരീക്ഷ എത്ര മാർക്കോടെ പാസായിട്ടുണ്ടാകും? അതും ഇംഗ്ലീഷും കണക്കും സയൻസുമൊക്കെ. ..ഉയർന്ന മാർക്ക് ഉറപ്പായിരിക്കും. എന്നാൽ പത്താം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷും കണക്കുമൊക്കെ 'ജസ്റ്റ് പാസായ' ഒരു ഐ.എ.എസ് ഓഫീസറുണ്ട്. അദ്ദേഹത്തിന്റെ പത്താം ക്ലാസിലെ മാർക്ക്ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

തുഷാർ ഡി സുമേര എന്ന ഐ.എ.എസ് ഓഫീസറുടെ പത്താം ക്ലാസിലെ റിസൽട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്താം ക്ലാസിലെ പരീക്ഷയിൽ ആദ്ദേഹത്തിന് പാസാകാൻ ആവശ്യമായ മാർക്ക് മാത്രമാണ് ലഭിച്ചത്. 100 മാർക്കിന്റെ പരീക്ഷയിൽ ഇംഗ്ലീഷിന് 35 മാർക്കും കണക്കിന് 36 മാർക്കും മാത്രമാണ് നേടാനായത്. സയൻസിലാകട്ടെ 38 മാർക്കും.

മറ്റൊരു ഐ.എ.എസ് ഓഫീസറായ അവനിഷ് ശരണാണ് ഇത് പങ്കുവെച്ചത്. സുമേരയുടെ ചിത്രവും പത്താം ക്ലാസിലെ മാർക്ക്ഷീറ്റും ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. നന്ദി പറഞ്ഞുകൊണ്ട് സുമേര ഇതിന് മറുപടി നൽകുകയും ചെയ്തു.

2012 ലാണ് തുഷാർ സുമേര ഐ.എ.എസ് ഓഫീസറാകുന്നത്. ആർട്സ് സ്ട്രീമിൽ ബിരുദം നേടിയ തുഷാർ സുമേര സ്‌കൂൾ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് യു.പി.എസ്.സി പരീക്ഷ പാസാകുന്നത്. നിലവിൽ ഗുജറാത്തിലെ ബറുച്ച് ജില്ലയിലെ കളക്ടറാണ് സുമേര.