- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതന്റെ അമ്മയെ ഓർക്കാനുള്ള ഏക ചിത്രമാണ്; ഒന്ന് കളറാക്കി തരാമോ; നിഖിലിന്റെ അപേക്ഷയ്ക്ക് സുഹൃത്ത് അഭിലാഷ് പകരം നൽകിയത് പുഞ്ചിരിയോടെയുള്ള അമ്മ വർണ്ണചിത്രം; നിഖിലിനൊപ്പം ചിത്രത്തെ മനസിലേറ്റി സോഷ്യൽ മീഡിയയും; വൈറലായ ചിത്രകാരനും ഉടമയും ആ കഥ പറയുമ്പോൾ
തിരുവനന്തപുരം: ട്രോൾ ഗ്രൂപ്പുകൾ വെറും കളിയാക്കലിനും ആക്ഷേപഹാസ്യത്തിനും മാത്രമൊക്കെയുള്ളതാണെന്നാണ് പൊതുവേയുള്ള ചിന്ത.എന്നാൽ അത്തരം ഗ്രൂപ്പുകൾക്കും ചില കഥകൾ പറയാനുണ്ടാകും. ചിരിക്കും ചിന്തക്കും അപ്പുറം മനുഷ്യമനസിനെ വല്ലാതെ സ്പർശിക്കുന്ന സുഹൃത്ത് ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ.ഫേസ്‌ബുക്കിലെ ശ്രദ്ധേയ ട്രോൾ ഗ്രൂപ്പായ ട്രോൾ മലയാളം മീമിനും പറയാനുള്ളത് അത്തരമൊരു കഥയാണ്.. അമ്മയുടെ ഓർമ്മകളിൽ ഒരു മകന്റെ മുഖത്ത് പുഞ്ചിരിവിരിയിച്ച കഥ.
കുറച്ച് ദിവസങ്ങൾ മുൻപാണ് ഗ്രൂപ്പിൽ ഒരു പോസ്റ്റ് വന്നത്. കോഴിക്കോട് സ്വദേശിയായ നിഖിൽ തന്റെ അമ്മയുടെ ഒരു പഴയ ഫോ്‌ട്ടോ പങ്കുവെച്ചു.ഒപ്പം ഒരു കമന്റും. ഇതെന്റെ മരിച്ചുപോയ അമ്മയുടെ ചിത്രമാണ് സുഹൃത്തുക്കളേ... ഈ ലോകത്ത് എന്റെ അമ്മയെ ഓർക്കാനുള്ള അവശേഷിക്കുന്ന ഏക ചിത്രം. ഇതൊന്നു കളറാക്കി തരാമോ...' കാണുന്ന ഏതൊരാൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയ്ക്കപ്പുറം ഒരു സവിശേഷതയും അ ചിത്രത്തിന് തോന്നിയെന്ന് വരില്ല. പക്ഷെ നിഖിലിനെ സംബന്ധിച്ചിടത്തോളം അതിന് തന്റെ ജീവനെക്കേൾ വിലയുണ്ടായിരുന്നു.അതുകൊണ്ടാണ് ഇത്തരമൊരു അഭ്യർത്ഥനയുമായി ഗ്രൂപ്പിലെത്തിയത്.
ട്രോൾ മലയാളം മീം എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ ഫൊട്ടോഷോപ്പ് പുലികൾക്ക് മുന്നിലേക്കാണ് ആ ചിത്രമെത്തിയത്. അപേക്ഷയുടെ തുടിപ്പ് അതേപടി നെഞ്ചേറ്റിയ ഗ്രൂപ്പ് മെമ്പറും തിരുവനന്തപുരം സ്വദേശിയുമായ അഭിലാഷ് പിഎസ് ഏവരെയും ഞെട്ടിച്ച് അ ചിത്രത്തെ കളറാക്കി നിഖിലിന് തിരിച്ചു നൽകി.കളറാക്കുക മാത്രമല്ല അഭിലാഷ് ചെയ്തത് മറിച്ച് അമ്മയുടെ ചിത്രത്തിൽ മനോഹരമായ ഒരു പുഞ്ചിരികൂടെ അങ്ങ് ചേർത്തു.നിഖിലിനെപ്പോലെ ചിത്രം കാണിന്ന ഏതൊരാളെയും ഞെട്ടിച്ചതായിരുന്നു അഭിലാഷിന്റെ ക്രിയേറ്റിവിറ്റി.
നമ്മൾ കാരണം ഒരാളെങ്കിലും സന്തോഷിച്ചാൽ ഒരു മുഖത്തെങ്കിലും പുഞ്ചിരി വിതറാനായാൽ അതല്ലേ വല്യ കാര്യം. ഫൊട്ടോഷോപ്പും എഡിറ്റിംഗും റീസ്റ്റോറേഷനുമൊക്കെ ഞങ്ങക്ക് ഈ ലോക്ഡൗണിൽ നേരമ്പോക്കായിരുന്നു. അതിന് ഇപ്പോ ഒരു അർത്ഥം കൈവന്നിരിക്കുന്നു. വൈറാലായ തന്റെ ചിത്രത്തെക്കുറിച്ച് അഭിലാഷ് പറയുന്നു. ഞാൻ കാരണം ഒരു മകന് അവന്റെ അമ്മയുടെ ഓർമ്മകളെ വീണ്ടും തിരികെ കിട്ടിയിരിക്കുന്നു അത് തന്നെ വലിയ സന്തോഷം.ഞാൻ ഫോട്ടോഷോപ്പ് എക്‌സപേർട്ട് ഒന്നുമല്ല. ജസ്റ്റ് ബേസിക്‌സ് പഠിച്ചുവെന്ന് മാത്രം.ബാക്കിയൊക്കെ സ്വന്തമായി ഇരുന്ന പഠിച്ചതാണ്.
ഞങ്ങൾകുറച്ച് കലാകാരന്മാരുടെ പരീക്ഷണ കേന്ദ്രമാണ് ട്രോൾ മലയാളം മീം ഫേസ്‌ബുക്ക് ഗ്രൂപ്പ്. ശരിക്കും പറഞ്ഞാൽ ലോക്ഡൗണിലെ നേരമ്പോക്ക്. ചിത്രങ്ങൾ മിഴിവുള്ളതും ആകർഷകവുമായ രീതിയിൽ എഡിറ്റിങ് ചെയ്ത് പോസ്റ്റ് ചെയ്യും. ആരാണ് ഏറ്റവും നന്നായി ചെയ്യുന്നതെന്നുള്ള മത്സരം തന്നെ ഞങ്ങൾക്കിടയിലുണ്ട്. കൂട്ടത്തിൽ പൊടിക്ക് ട്രോളുകളും ഉണ്ട്. പരസ്പരം കളിയാക്കാനുള്ള അവസരം പോലും വിട്ടുകളയില്ല. കാർട്ടൂൺ, സേവ് ദി ഡേറ്റ് കാരിക്കേച്ചർ അങ്ങനെ പരിപാടികൾ വേറെയുമുണ്ട്.അഭിലാഷ് പറയുന്നു.
പിക്ചർ കളർ റീസ്റ്റോറേഷൻ മേഖലയിൽ ഞാൻ അങ്ങനെ കൈവെച്ചിട്ടില്ല. പക്ഷേ പതുക്കെ പതുക്കെ പഠിച്ചെടുക്കുകയായിരുന്നു. ഒരിക്കൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം റീസ്റ്റോർ ചെയ്ത് കളറാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. മറ്റൊരാളുടെ പോസ്റ്റിൽ കമന്റായാണ് ചിത്രം പോസ്റ്റ് ചെയ്തത്. അന്ന് പോസ്റ്റിനേക്കാൾ ലൈക്കും ഷെയറും എന്റെ കമന്റ് ചിത്രത്തിനു കിട്ടി. സംഭവം വൈറലായപ്പോൾ വേറെ ഏതോ ഒഹരു മഹാൻ എന്റെ ചിത്രം അടിച്ചോണ്ടു പോയി സ്വന്തം ക്രെഡിറ്റിൽ പോസ്റ്റാക്കി. പക്ഷേ നിരാശപ്പെട്ടില്ല അങ്ങിനെ ഒരു അനുഭവവും അഭിലാഷ് പങ്കുവെക്കുന്നത്.
ഇതിനിടയിലാണ് നിഖിലിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെടുന്നത്. അതന്റെ ഉള്ളിൽ വല്ലാതെ കൊണ്ടു. എന്നാൽ പിന്നെ ഒന്നു പരീക്ഷിച്ച് നോക്കാമെന്നായി.അങ്ങനെയാണ് ഞാൻ ആ ചിത്രത്തിൽ എഡിറ്റിങ്ങിന് ഒരുങ്ങിയത്. ഒരു രാത്രി മുഴുവനും ഇരുന്നു. അഡോബ് ഫൊട്ടോഷോപ്പ്, റെമിനി എന്നു പേരുള്ള റീസ്റ്റോറേഷൻ- കളറിങ് ആപ്ലിക്കേഷൻ, പിക്സ് ആർട്ട് എന്നിങ്ങനെ മൂന്ന് ആപ്പുകളാണ് ഉപയോഗിച്ചത്. ഇതെല്ലാം ഒരു പോലെ ചെയ്ത ശേഷം അവസാനത്തെ ആ ചിരി ഫൊട്ടോഷോപ്പിൽ സെറ്റ് ചെയ്തു. അഭിമാനത്തോടെ പറയട്ടെ ആ ചിത്രത്തിൽ ഫൊട്ടോഷോപ്പ് ഉണ്ടെന്ന് കണ്ടാൽ പറയില്ല. അത്രയ്ക്കും റിയൽ ആയി അത് പൂർത്തിയാക്കാനായി.
ഒരു രാത്രി ഗ്രൂപ്പിൽ തന്നെ രണ്ട് ചിത്രങ്ങളും ചേർത്ത് പോസ്റ്റ് ചെയ്തു. ബ്ലാക്ക് ആൻഡ് വൈറ്റും കളറും.പിറ്റേദിവസവും ജോലിത്തിരക്ക് കൊണ്ട് ഗ്രൂപ്പിൽ ആക്റ്റാവായില്ല. പക്ഷേ സംഭവം വേറെ ലെവലിൽ വൈറലായെന്ന് സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞത്. നിഖിൽ ബ്രോയുടെ അമ്മയ്ക്കു വേണ്ടിയുള്ള റിക്വസ്റ്റും എന്റെ ഫൈനൽ എഡിറ്റിംഗു ചേർത്തുവച്ച് ഗ്രൂപ്പായ ഗ്രൂപ്പുകളിൽ മുഴുവൻ ചിത്രം കയറിയിറങ്ങി. എല്ലായിടത്തു നിന്നും മനസു നിറയ്ക്കുന്ന കമന്റുകൾ. പക്ഷേ എന്റെ ഹൃദയം നിറച്ചത് ആ മകന്റെ കമന്റാണ്. ജീവിച്ചിരുന്നപ്പോൾ പോലും എന്റെ അമ്മ ചിരിച്ചിട്ടില്ലെന്ന് പുള്ളി പറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു.അഭിലാഷ് പറയുന്നു.
കാട്ടായിക്കോണം സ്വദേശിയായ അഭിലാഷ് ഐടിഐയിൽ വെൽഡിങ് സ്പെഷ്യലായി പഠിച്ചിറങ്ങിയശേഷം സ്വാകാര്യ കമ്പനിയിൽ കേബിൾ ഇലക്ട്രിക്കൽ ജീവനക്കാരനായി ജോലി നോക്കുകയാണ്. അച്ഛൻ പരേതനായ പങ്കജാക്ഷൻ, അമ്മ ഷൈലജ.ജോലിത്തിരക്കുകൾക്കിടയിലുള്ള ചെറിയ വലിയസന്തോഷങ്ങളാണ് അഭിലാഷിന് ഈ എഡിറ്റിങ് പരീക്ഷണങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ