പച്ചക്കറി വാങ്ങലും വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങളൊക്കെ വാങ്ങുന്നത് ഭാര്യയുടെ മാത്രം ജോലിയായി കാണുന്നവരാണ് അധികം ഭർത്താക്കന്മാരും. ഇനിയെങ്ങാനും സാധനം വാങ്ങിക്കാൻ മാർക്കറ്റിലേക്ക് വിട്ടാലോ, എന്നാൽ പിന്നെ ബാക്കി പറയാത്തതാണ് നല്ലത്. ഒന്നും മര്യാദയ്ക്ക് നോക്കി വാങ്ങുകയുമില്ല. ഇത്തരത്തിലുള്ള ഭർത്താക്കന്മാർ ശ്രദ്ധിക്കാൻ വേണ്ടി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റ് ഇതാണ്.

ഇറ എന്ന ഭാര്യ തന്റെ ഭർത്താവിനു നൽകിയ പച്ചക്കറി ലിസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ചുമ്മാ അരി, ഉള്ളി, പച്ചമുളക് എന്നിങ്ങനെ എഴുതിക്കൊടുക്കുകയല്ല മിടുക്കിയായ ആ ഭാര്യ ചെയ്തത്, മറിച്ച് ഓരോ സാധനവും എങ്ങനെ നോക്കി വാങ്ങണമെന്നും എത്രവേണമെന്നും ചിത്രം സഹിതം എണ്ണം പറഞ്ഞ് ലിസ്റ്റാക്കി നൽകി.

അതിൽ ഏറ്റവും രസകരമായിരിക്കുന്നത് മുളകു വാങ്ങേണ്ട രീതിയാണ്, കടുംപച്ച നിറത്തിലുള്ള നീളത്തിലുള്ള മുളകു വാങ്ങണമെന്നും വളഞ്ഞിരിക്കുന്നതു വാങ്ങേണ്ടെന്നും ചിത്രങ്ങൾ അടക്കം വരച്ചുകൊടുത്തിട്ടുണ്ട്. മാത്രവുമല്ല ഫ്രീ ആയി കിട്ടുമെങ്കിൽ അത് ചോദിക്കാനും ഭാര്യയുടെ ഓർഡറുണ്ട്.

ബാക്കി പച്ചക്കറികളുടെ വിവരണവും രസകരമാണ്. തക്കാളി വാങ്ങുമ്പോൾ ചിലതു മഞ്ഞയും ചിലതു ചുവപ്പും വാങ്ങണം, ഓട്ടയുള്ളതോ ചീഞ്ഞു തുടങ്ങിയതോ കൊണ്ടുവരാനേ പാടില്ല. ഉള്ളിയുടെ കാര്യമാണെങ്കിൽ ചെറുതേ വാങ്ങാവൂ, അതും നല്ല ഉരുണ്ടതായിരിക്കണം, വെണ്ടയ്ക്ക ഒരുപാടു സോഫ്റ്റും ഹാർഡും ആവരുത്, പെട്ടെന്നു മുറിക്കാൻ പറ്റുന്നതും ആകണം. തന്റെ ഭർത്താവിനു നൽകിയ ടാസ്‌ക് എന്ന പേരിലാണ് ഇറ ഈ ലിസ്റ്റ് ട്വിറ്ററിൽ പങ്കുവച്ചത്.

രസകരമായ ഈ പച്ചക്കറി ലിസ്റ്റു കണ്ടവരാകെ അന്തം വിട്ടിരിക്കുകയാണ്. ഇറയുടെ ഈ ലിസ്റ്റ് കണ്ട് ചില ഭാര്യമാർ ഈ രീതി പരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മറ്റൊരു കൂട്ടർ കമന്റായി പറഞ്ഞിരിക്കുന്നത് വിപണിയിൽ ലഭ്യമാകുന്ന മുഴുവൻ പച്ചക്കറികളും ഇങ്ങനെ ഡയഗ്രം സഹിതം പങ്കുവെക്കാമോ എന്ന് ഇറയോടു ചോദിക്കുന്നവരുമുണ്ട്. എന്തുതന്നെയായാലും ഈ ഒരൊറ്റ പച്ചക്കറി ലിസ്റ്റ് കൊണ്ട് താരമായി മാറിയിരിക്കുകയാണ് ഈ യുവതി.

വൈറലായ ഇറയുടെ ട്വിറ്റർ പോസ്റ്റ് കാണാം