മുംബൈ: സ്‌ക്രാപ് മെറ്റീരിയിലുകൾ കൊണ്ട് വിസ്മയങ്ങൾ ഒരുക്കുന്നവരുണ്ട്.പലപ്പോഴും ഇത്തരം നിർമ്മിതികൾ വേണ്ടത്ര ശ്രദ്ധ നേടാറില്ല.ചില ഭാഗ്യവാന്മാർക്കാകട്ടെ അവരുടെ നിർമ്മിതികൾ കണ്ണിൽ പെടുന്നത് ചില പ്രമുഖരുടെതായിരിക്കും.അത്തരത്തിൽ ഒരു ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി ദത്താത്രയ ലോഹറിനെ.ആനന്ദ് മഹീന്ദ്രയാണ് ലോഹറിന്റെ കരവിരുതിനെ പ്രശംസിച്ച് രംഗത്ത് വന്നത്.പ്രശംസ മാത്രമല്ല സ്‌ക്രാപ്പ് മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ച ഫോർ വീലറിന്റെ വീഡിയോയും അദ്ദേഹം
പങ്കുവെച്ചിട്ടുണ്ട്.

തന്റെ മകന്റെ ആഗ്രഹം നിറവേറ്റുന്നതിനായാണ് ഇദ്ദേഹം വാഹനം നിർമ്മിച്ചിരിക്കുന്നത്. വെറും 60000 രൂപ മുതൽമുടക്കിലാണ് ഈ നൂതന സൃഷ്ടി പണികഴിപ്പിച്ചിരിക്കുന്നത്.ഈ വീഡിയോ ആണ് ആനന്ദ് മഹിന്ദ്ര ഷെയർ ചെയ്തിരിക്കുന്നത്. ''ഇത് വാഹന നിർമ്മാണ റെഗുലേഷൻസ് ഒന്നും പാലിക്കുന്നില്ലെങ്കിലും ആളുകളുടെ കഴിവിനെ അഭിനന്ദിക്കുന്നത് ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല. മൊബിലിറ്റിയോടുള്ള അവരുടെ അഭിനിവേശം അഭിനന്ദിക്കേണ്ട ഒന്നുതന്നെയാണ് എന്നും ആനന്ദ് മഹിന്ദ്ര വീഡിയോയ്ക്ക് ഒപ്പം കുറിച്ച് വെച്ചു.

 

45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തിൽ നിന്നുള്ള ദത്താത്രയ ലോഹർ എന്ന കമ്മാരൻ വാഹനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്നതും കാണാം. ഇരുചക്രവാഹനങ്ങളിൽ സാധാരണയായി കാണുന്ന കിക്ക്-സ്റ്റാർട്ട് മെക്കാനിസവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കാർ ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനമാണിത്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനാൽ വാഹനം പുറത്തേക്ക് ഓടുന്നതിൽ നിന്ന് പ്രാദേശിക അധികാരികൾ വിലക്കാൻ സാധ്യതയുണ്ടെന്നും ആനന്ദ് മഹീന്ദ്ര മറ്റൊരു ട്വീറ്റിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നൂതനമായ ഈ സൃഷ്ടിക്ക് പ്രതിഫലമായി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ദത്താത്രയ ലോഹറിന് ഒരു ബൊലേറോ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രചോദനമായി ഈ സൃഷ്ടി മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നിയമങ്ങൾ ലംഘിക്കുന്നതിനാൽ വാഹനം ഓടുന്നതിൽ നിന്ന് പ്രാദേശിക അധികാരികൾ അദ്ദേഹത്തെ തടയാൻ സാധ്യതയുണ്ട്. ആ വാഹനത്തിന് പകരമായി ഞാൻ അദ്ദേഹത്തിന് വ്യക്തിപരമായി ഒരു ബൊലേറോ വാഗ്ദാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾ മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കാൻ അവസരവും നൽകും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിലും നിരവധി ആളുകൾ അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഹിസ്റ്റോറിക്കാനോ ചാനലാണ് യുട്യൂബിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.