തിരുവനന്തപുരം: ദേശീയ പണിമുടക്ക് ഒന്നാം ദിവസവും രണ്ടാം ദിവസവും കേരളത്തിൽ ഹർത്താലായി മാറിയല്ലോ. പണിമുടക്ക് വിജയിപ്പിക്കാൻ അനുകൂലികൾ പെടാപ്പാട് പെട്ടപ്പോൾ പൊതുജനവും വലഞ്ഞു. പലയിടത്തും അക്രമങ്ങളും അരങ്ങേറി. ഓട്ടോയുടെ കാറ്റഴിച്ച് വിടുക, ചില്ല് അടിച്ചുപൊട്ടിക്കുക തുടങ്ങിയ കലാ പരിപാടികളും നടന്നു. ഏതായാലും, രണ്ടുദിവസം വീട്ടിലിരുന്ന മലയാളികൾ, സംഭവങ്ങളുടെ വീഡിയോകൾ വൈറലാക്കി.

പണിമുടക്കിന്റെ പേരിൽ സാധാരണക്കാരെ വഴി തടയുന്ന പലർക്കും എന്തിനാണ് പണിമുടക്കെന്നോ ഹർത്തലെന്നോ അറിയില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയും സാഷ്യൽമീഡിയയിൽ വൈറലായി. ഹർത്താൽ എന്തിനാണെന്ന് ചോദിച്ച ബൈക്ക് യാത്രികനോട് ഉത്തരം മുട്ടിനിൽക്കുമ്പോൾ ഒരു 'ഹോൺ' കാത്തുരക്ഷിച്ച സഖാവാണ് ട്രോളുകളിലെ പുതിയ താരം.

ഹർത്താൽ എന്തിനുള്ളതാണെന്ന് വഴിതടയാനെത്തിയ യുവാവിനോട് യാത്രക്കാരന്റെ ചോദ്യം. അതിന് മുന്നിൽ തന്നെ പ്രവർത്തകൻ ഒന്ന് പരുങ്ങി. 'എല്ലാത്തിനും, അതുകാണ്ട് ഈ സമരത്തോട് അനുകൂലിക്കണം' എന്ന ഒഴുക്കൻ മറുപടി യുവാവ് നൽകി. എന്തിന് വേണ്ടിയാണ് ഇന്ന് ഇത് നടത്തുന്നത് എന്ന് പറഞ്ഞുതരുമോ എന്നായി അടുത്ത ചോദ്യം. ഇതോടെ എന്തിനാണ് ഈ പണിമുടക്ക് എന്ന് വിശദീകരിക്കാൻ പോലും അറിയാത്ത വഴി തടയൽ സമരക്കാരനെ ഒരു 'ഹോൺ' രക്ഷിക്കുകയായിരുന്നു.

അതുവഴി കടന്ന് പോയ വാഹനത്തിന്റെ ഹോൺ കേട്ടപാടെ ചെവിപൊത്തി ഒരു മിനിറ്റേയെന്ന് പറഞ്ഞ് ചോദ്യങ്ങളിൽ നിന്നും യുവാവ് ഓടി രക്ഷപെട്ടു. വീഡിയോ വൈറലായതോടെ 'ഹോൺ രക്ഷിച്ച സഖാവ് സോഷ്യൽ മീഡിയയിൽ ചിരിക്ക് വകയൊരുക്കി. സമരക്കാരെ നേരിടാൻ, ഇത് നല്ല ബെസ്റ്റ് തന്ത്രമാണെന്നും ചിലരൊക്കെ കമന്റ് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് കൂടി വായിക്കാം:

സമരാനുകൂലികളേ, നിങ്ങൾ ഈ സഹോദരനെ മാതൃകയാക്കണം.

രണ്ടു ദിവസത്തെ ദേശീയ കേരളാ പണിമുടക്ക് എന്തിനെന്ന കാര്യത്തിൽ എൽഡിഎഫ് കൺവീനർ ശ്രീമാൻ എ വിജയരാഘവനും ഈ സഹോദരനും ഒരേ ജ്ഞാനവും ഉത്തമ ബോധ്യവുമാണ് ഉള്ളതെന്നാണ് എന്റെയൊരിത്. എന്നാലും നാം കണ്ട മിക്ക സമരാനുകൂലികളിൽ നിന്നും വ്യത്യസ്തമായി, എത്ര സുന്ദരമായാണ് ഈ സഹോദരൻ ആൾക്കാരോട് സംവദിക്കുന്നത്. ഭീഷണിപ്പെടുത്തലില്ല, അക്രമ വാസനയില്ല, ആക്രോശങ്ങളില്ല. തികച്ചും സൗഹൃദപരമായ പെരുമാറ്റം, അങ്ങേയറ്റം മാന്യമായ അഭ്യർത്ഥന, ചോദ്യങ്ങളെ നേരിടാനുള്ള പക്വത, കാര്യങ്ങൾ വിശദീകരിക്കാനുള്ള സൗമനസ്യം, ഹൃദയാകർഷകമായ പുഞ്ചിരി ഒക്കെയും അംഗീകരിക്കപ്പെടേണ്ടതു തന്നെ. പിന്നെ, മറ്റൊരു വാഹനത്തിന്റെ ഹോൺ പെട്ടെന്നു മുഴങ്ങിയപ്പോൾ അദ്ദേഹത്തിന് പൊടുന്നനെ രംഗം വിടേണ്ടിവന്നു എന്നുമാത്രം.

വഴിതടയാനോ വാഹനത്തിന്റെ കാറ്റഴിച്ചു വിടാനോ ആൾക്കാരെ ആക്രമിക്കാനോ ഒന്നും ശ്രമിക്കാത്ത ഈ സഹോദരൻ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെന്നല്ല, നാട്ടിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാതൃകയാണ്. അതിനെക്കുറിച്ച് ഞാൻ കൂടുതൽ വിശദീകരിക്കാം. ഇന്നത്തെ... അങ്ങേയറ്റം പ്രക്ഷുബ്ധമായ... സാമൂഹ്യാന്തരീക്ഷത്തിൽ... നമ്മുടെ യുവത്വം... ഏ?... എന്താ?... ഞാനോ?... ഒരീന്റ്റേ...