കണ്ണൂർ: വിവാഹ ചടങ്ങുകൾ എന്നും ആഘോഷങ്ങളുടെ വേദിയാണ്. വേണ്ടപ്പെട്ടവരുടെ ഒത്തുചേരലിന്റെ, കൂട്ടായ്മയുടെ ആഹ്ലാദ നിമിഷങ്ങൾ. ഒരു കുടുംബത്തിന്റെ സന്തോഷത്തിൽ ഒരു നാടാകെ പങ്കുചേരുന്ന നിമിഷങ്ങൾ.

പാട്ടും ഡാൻസും സൊറ പറച്ചിലുമെല്ലാമായി എല്ലാവരും ഒത്തുകൂടുന്ന ദിവസം. അത്തരം ആഘോഷ ദിനത്തിൽ കണ്ണൂരിലെ ഒരു കല്യാണ വീട്ടിൽ നിന്നുള്ള വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ആഘോഷം പൊടിപൊടിക്കുന്നത് കല്യാണവീട്ടിലെ കലവറയിലാണ്.

വധുവിന്റെ കല്യാണവീട്ടിലെ കലവറയിലെ ആളുകൾ ചേർന്ന് ചുവടുവെക്കുന്നതിന്റെ അതിമനോഹരമായ കുറച്ച് നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തകർത്തു ഓടിക്കൊണ്ടിരിക്കുന്നത്. നാട്ടിപുറത്തെ കല്യാണ വീടുകളെ ഓർമിപ്പിക്കുന്ന കുറച്ച് നിമിഷങ്ങൾ എന്നാണ് ആളുകളെ ഇതിനെ വിശേഷിപ്പിച്ചത്.

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് പാചകക്കാരും വിളമ്പുകാരും ചേർന്ന് ചുവടുകൾ വെച്ച് ആഘോഷിക്കുന്നത്. പണികളുടെ തിരക്കിനിടയിലും കല്യാണം അങ്ങ് ആഘോഷിക്കുകയാണ് ഇവർ. കണ്ണൂർ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടിൽ നിന്ന് പകർത്തിയതാണ് ഈ വീഡിയോ. എൽ.ജെ.എം. വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഷിജിൽ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്.

''ജനുവരിയിൽ നടന്ന കല്യാണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. രണ്ട് ദിവസം മുമ്പാണ് താൻ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞ് വധുവിന്റെ വീട്ടുകാർക്ക് ആൽബവും വീഡിയോയും കൈമാറിയിരുന്നു. അതിനുശേഷം ഈ അടുത്ത് വീഡിയോ ഒന്നുകൂടെ എടുത്ത് കണ്ടപ്പോഴാണ് ഈ ഭാഗം ശ്രദ്ധയിൽ പെട്ടതെന്നും ഇതേ പാട്ട് കല്യാണവീട്ടിൽ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇടുന്നതിന് മുമ്പ് കുറച്ചുകൂടി വ്യക്തത വരുന്നതിന് ഒറിജനൽ പാട്ട് കൂട്ടിച്ചേർക്കുകയായിരുന്നു എന്ന് ഷിജിൽ പറഞ്ഞു.

പക്ഷെ വളരെ പെട്ടന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തിയത്. വീഡിയോ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല എന്നും ഷിജിൽ പറയുന്നു. എന്തുതന്നെയാണെങ്കിലും കല്യാണക്കലവറയിലെ കല്യാണ നിമിഷങ്ങൾ ആളുകൾക്ക് അങ്ങ് ഇഷ്ടപ്പെട്ടു.

 
 
 
View this post on Instagram

A post shared by LJM WEDDINGS (@ljmw_eddings)