മുംബൈ: മുംബൈ നഗരത്തിലൂടെ സ്‌കൂട്ടറിൽ ചുറ്റിക്കറങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും. മുംബൈയിലെ മാധ് ദ്വീപുകളിലൂടെയാണ് ദമ്പതിമാർ ഇരുചക്രവാഹനവുമായി കറങ്ങിയത്. ഒട്ടും ജാഡയില്ലാതെ സ്‌കൂട്ടറിൽ ചുറ്റിക്കറങ്ങുന്ന താരദമ്പതികളെ കണ്ട് ആരാധകരും ഒന്ന് ഞെട്ടി.

ഇരുവരും സ്‌കൂട്ടറിൽ സവാരി നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കറുത്ത ടി ഷർട്ടും പാന്റും അണിഞ്ഞായിരുന്നു അനുഷ്‌ക. പച്ച ഷർട്ടും കറുത്ത പാന്റുമായിരുന്ന കോലിയുടെ വേഷം. പിന്നാലെ കൂടിയ മാധ്യമങ്ങളെ താരങ്ങളും മുഷിപ്പിച്ചില്ല. റൈഡിന് ശേഷം എല്ലാവരുടെയും ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്.

 
 
 
View this post on Instagram

A post shared by ETimes (@etimes)

സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌ക. ആദ്യ കുഞ്ഞ് ജനിച്ച ശേഷമാണ് അനുഷ്‌ക ഇടവേളയെടുത്തത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നിത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ബയോ പിക്കിലാണ് അനുഷ്‌ക ഇനി അഭിനയിക്കുക. 2018ൽ റിലീസായ സീറോയിലാണ് അനുഷ്‌ക അവസാനമായി അഭിനയിച്ചത്.

ഏഷ്യാകപ്പിനുള്ള ഒരുക്കത്തിലാണ് വിരാട് കോലി. മോശം ഫോമിലൂടെ കടന്നുപോകുന്ന കോലി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും പിന്നാലെ നടന്ന സിംബാബ്വെ പര്യടനത്തിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു. ചെറിയ ഇടവേളയെടുത്തത് കോലിക്ക് ഗുണം ചെയ്യുമെന്നും താരത്തിന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. ഈ മാസം 28ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.