- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ മരം വീണ് ബോധം നഷ്ടപ്പെട്ടു; മരിച്ചെന്ന് നാട്ടുകാർ; അവശ നിലയിലായ യുവാവിനെ തോളിലേറ്റി നടന്ന് വനിതാ ഇൻസ്പെക്ടറുടെ രക്ഷാപ്രവർത്തനം; വീഡിയോ വൈറൽ; ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം
ചെന്നൈ: കനത്ത മഴയിൽ വീണ മരത്തിനടിയിൽ കുടുങ്ങി അബോധാവസ്ഥയിലായ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇൻസ്പെക്ടർ. അവശനിലയിലായ 28കാരൻ ഉദയകുമാറിനെ തന്റെ തോളിൽ തൂക്കിയാണ് ടി.പി.ചത്രം ഇൻസ്പെക്ടറായ രാജേശ്വരി ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ചെന്നൈ കീഴ്പാക്കം ശ്മശാനത്തിൽ ജോലിക്കാരനാണ് ഉദയകുമാർ. കനത്ത മഴയെ തുടർന്ന് മരംവീഴുകയും അതിനടിയിൽ ഉദയകുമാർ കുടുങ്ങുകയുമായിരുന്നു. കനത്തമഴയും തുടരുന്നതിനാൽ മരത്തിനടിയിൽപ്പെട്ട ഉദയകുമാർ അബോധാവസ്ഥയിലായി. ഇയാൾ മരിച്ചതായി പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ ഇൻസ്പെക്ടർ രാജേശ്വരിയും സംഘവും മരത്തിനടിയിൽ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു. അപ്പോഴാണ് ഇയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടൻ തന്നെ ഉദയകുമാറിനെ രാജേശ്വരി തന്റെ തോളിൽ ചുമന്ന് അതുവഴിവന്ന ഓട്ടോയിൽ കയറ്റിവിടുകയും ചെയ്തു. ഈ സമയമെല്ലാം രാജേശ്വരി ചെരുപ്പില്ലാതെയാണ് ആ ചെളിയിൽ നടന്നത്.
ഇപ്പോൾ ഉദയകുമാർ കീഴ്പാക്കം സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധിപ്പേർ പ്രശംസിച്ചു. വനിത ഇൻസ്പെക്ടർ 'സിങ്കപ്പെണ്ണായി' നിറഞ്ഞുനിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Inspiring
- Dr.Ravi (@imravee) November 11, 2021
Hats off
❤❤❤#ChennaiRains #ChennaiRain #chennaifloods pic.twitter.com/GS4xIRzezx
ടി പി ചത്രം മേഖലയിൽ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവർത്തനം. അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി ഇൻസ്പെക്ടർ നടന്നുനീങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്.
ആശുപത്രിയിൽ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം തേടി നടക്കുകയാണ് ഇൻസ്പെക്ടർ. ഒടുവിൽ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിടുന്നതാണ് വീഡിയോയിൽ ഉള്ളത്.
ടി പി ചത്രം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേശ്വരിയാണ് അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി നടന്ന ആശുപത്രിയിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്.
ചെന്നൈയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 2015ലെ വെള്ളപ്പൊക്കത്തേക്കാൾ രൂക്ഷമാണ് ഇത്തവണ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ്, റെയിൽ, വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു.
#WATCH | Chennai, Tamil Nadu: TP Chatram Police Station's Inspector Rajeshwari carries an unconscious man, on her shoulders, to an autorickshaw in a bid to rush him to a nearby hospital.
- ANI (@ANI) November 11, 2021
Chennai is facing waterlogging due to incessant rainfall here.
(Video Source: Police staff) pic.twitter.com/zrMInTqH9f
ആദ്യ പ്രളയത്തിന്റെ ദുരിതം ഒഴിയും മുൻപേയാണ് തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട രണ്ടാം ന്യൂനമർദത്തിൽ തമിഴകം പ്രതിസന്ധി നേരിടുന്നത്. ചെന്നൈയിൽ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറുകയാണ്. നഗരത്തിലെ 65,000 വീടുകളിൽ വൈദ്യുതി നിലച്ചു. ഇരുചക്ര വാഹനത്തിൽ പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടാണു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ തുടരുകയാണ്. മോശം കാലാവസ്ഥ കാരണം രാജ്യാന്തര സർവീസുകൾ അടക്കം എട്ടു വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ് റദ്ദാക്കി. 1.15 മുതൽ 6 മണി വരെ ലാൻഡിങ് അനുവദിക്കില്ല. പുറപ്പെടലുകൾക്കു തടസ്സമില്ല. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബെംഗളുരുവിലേക്കും വഴിതിരിച്ചു വിടും.
ചെന്നൈ അടക്കം 10 ജില്ലകളിൽ റെഡ് അലർട്ട് (അതിതീവ്ര മഴ മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 11 ജില്ലകളിൽ ഇന്നു സ്കൂളുകൾക്കും കോളജുകൾക്കും അവധിയാണ്. രക്ഷാപ്രവർത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിവിധ ജില്ലകളിൽ വിന്യസിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ അപായസന്ദേശം നൽകാൻ 434 'സൈറൺ ടവറുകൾ' സ്ഥാപിച്ചു. കൂടാതെ. മൊബൈൽ ഫോൺ സിഗ്നൽ ഉറപ്പാക്കാൻ വാഹനങ്ങളിൽ സ്ഥാപിച്ച 50 ഫോൺ ടവറുകളും തയാറാക്കി. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. മുന്നൂറോളം വീടുകൾ തകർന്നിട്ടുണ്ട്. കൃഷിനാശവും രൂക്ഷമാണ്.
ശക്തമായ മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. വാണിജ്യ കേന്ദ്രങ്ങളായ ടി നഗർ, പാരിസ്, തേനാംപേട്ട്, ജനവാസ കേന്ദ്രങ്ങളായ അണ്ണാനഗർ, കെകെ നഗർ, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂർ, ആവടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ നഗരജീവിതം സ്തംഭിച്ചു. പ്രധാന റോഡുകളും അടിപ്പാതകളും അടച്ചു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
കെകെ നഗർ സർക്കാർ ആശുപത്രി പൂർണമായും മുങ്ങി. ക്രോംപേട്ട് സർക്കാർ ആശുപത്രിയിലും വെള്ളം കയറി. റോഡുകളിലും വെള്ളം കയറിയതിനാൽ 1,000 സർക്കാർ ബസുകൾ സർവീസ് നിർത്തി. ടാക്സി, ഓട്ടോ സർവീസുകളും ഭാഗികമാണ്. ചെന്നൈ സെൻട്രൽ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലെത്തിയ പലരും വീടുകളിലെത്താനാകാതെ കുടുങ്ങി.
കനത്ത മഴയെത്തുടർന്ന് ദക്ഷിണ റെയിൽവേ ഇന്നത്തെ സബർബൻ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ട്രാക്കിൽ വെള്ളം കയറിയതോടെ ചെന്നൈ സെൻട്രൽ - തിരുവള്ളൂർ റൂട്ടിലെ സർവീസ് നിർത്തി. ചെന്നൈ സെൻട്രൽ - ആർക്കോണം, ചെന്നൈ സെൻട്രൽ - ഗുമ്മിഡിപുണ്ടി സുല്ലൂർപേട്ട, ചെന്നൈ ബീച്ച് - ചെങ്കൽപേട്ട്, ചെന്നൈ ബീച്ച് - വേളാച്ചേരി സെക്ഷനുകളിലെ സബർബൻ ട്രെയിനുകളുടെ ഇടവേള വർധിപ്പിച്ചു. 30 മുതൽ 45 മിനിട്ട് വരെയുള്ള ഇടവേളകളിലേ ട്രെയിനുകളെത്തൂ. ട്രെയിൻ സർവീസ് സംബന്ധിച്ച വിവരങ്ങൾക്ക് ഹെൽപ് ലൈനുകളിൽ വിളിക്കാം: 8300052104/ 044 25330952/044 25330953
മറുനാടന് മലയാളി ബ്യൂറോ