തിരുവനന്തപുരം: ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായ മെഹറുന്നീസ. ഭാര്യ വീട്ടിലിരിക്കെ രഹസ്യ മണവാളൻ ആകാൻ ഇറങ്ങിത്തിരിച്ച യുവാവിന് മാട്രിമോണിയലിൽ ഇരുന്നു എട്ടിന്റെ പണിയായ മറുപടി നൽകിയത് ഈ മെഹറുന്നീസയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം മെഹറുന്നീസയും മെഹറുന്നീസയുടെ മാട്രിമോണിയൽ ആയ പാലക്കാടുള്ളതായി നൽകിയ പരസ്യവുമാണ്. 60 ദിവസത്തിനുള്ളിൽ വിവാഹം ഏർപ്പാടാക്കാം എന്നാണ് തായി മാട്രിമോണിയൽ പരസ്യം നൽകിയത്.

ഈ പരസ്യത്തിൽ ആകൃഷ്ടനായാണ് ഒരു യുവാവ് വിളി തുടങ്ങിയത്. യുവാവിന്റെ ആവശ്യം വിചിത്രമായിരുന്നു. ഒരുബന്ധം വേണം. അത് ഭാര്യ അറിയാതെ വേണം. പുതിയ ഭാര്യയ്ക്ക് ചെലവിനു കൊടുക്കില്ല. വീട്ടിലേക്ക് കൊണ്ടുപോകില്ല. ഈ ബന്ധം സ്വന്തം ഭാര്യാ അറിയാതെയിരിക്കുകയും വേണം. ഫോൺ കോളുകൾ നിരന്തരം വന്നപ്പോൾ ഈ ആവശ്യം മെഹറുന്നീസ അവഗണിക്കുകയായിരുന്നു. പിന്നീട് ഫോൺ എടുത്ത് യുവാവിന് എട്ടിന്റെ മറുപടി നൽകി.

യുവാവിന് മാത്രമല്ല അറുപത് ദിവസത്തിനുള്ളിൽ വിവാഹം. യുവാവിന്റെ ഭാര്യയ്ക്കും അറുപത് ദിവസത്തിനുള്ളിൽ ഞങ്ങൾ വരനെ നൽകും. അതിനു ഭാര്യയുടെ ഫോൺ നമ്പർ മാത്രം മതി. യുവാവ് വേറൊരു ബന്ധവുമായി പോകുമ്പോൾ ഭാര്യ വെറുതെ വീട്ടിൽ ഇരിക്കേണ്ടല്ലോ/ അതിനു അവർക്കും ഒരു ബന്ധം ഞങ്ങൾ നൽകാം. ഇതോടെ വിരണ്ടു സ്ഥലം വിട്ട യുവാവ് പിന്നീട് വിളിച്ചതേയില്ല. ഈ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ചുട്ട മറുപടി നൽകിയ മെഹറുന്നീസയെ ഞങ്ങൾ കണ്ടുപിടിക്കുകയായിരുന്നു. വിവരണം ഇനി മറുനാടനോട് മെഹറുന്നീസ പറഞ്ഞത്:

കോഴിക്കോട് വടകര സ്വദേശിയാണ് ഞാൻ. തായ് മാട്രിമോണിയലിൽ താമസവും ഭക്ഷണവും അവർ നൽകും. അതിനാലാണ് വടകര നിന്ന് തായി മാട്രിമോണിയലിൽ ഞാൻ ജോലിക്കാരിയായത്. ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ജോലിക്ക് ചേർന്നിട്ട്. ഒരിക്കൽ യുവാവിന്റെ ഫോൺ വന്നു. പിന്നീടും വന്നു. വിചിത്രമായ ആവശ്യം ഉന്നയിക്കുന്ന യുവാവിന് മറുപടി അനിവാര്യമാണെന്ന് എനിക്ക് തോന്നി. വിചിത്രമായ ആവശ്യമാണ് യുവാവ് നിരത്തിയത്. ഭാര്യ വീട്ടിലുണ്ട്. പക്ഷെ അവൾ അറിയാതെ ഒരു യുവതിയെ കൂടി വേൾക്കണം. ഈ ഇടപാട് ഭാര്യ അറിയാതെയായിരിക്കണം. പക്ഷെ യുവതിയെ നല്ലതു പോലെ നോക്കും. ചെലവ് ഒക്കെ നൽകും. ഇതാണ് യുവാവിന്റെ ആവശ്യം.

ഈ ആവശ്യം കേട്ട് എനിക്ക് തന്നെ അമ്പരപ്പ് അടക്കാനായില്ല. യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെച്ചെങ്കിലും അയാൾ അതിനു ഒരുക്കമല്ലായിരുന്നു, മാട്രിമോണിയൽ എന്ന് പറഞ്ഞാൽ അത് അവിഹിതത്തിനുള്ള വഴിയല്ലാ എന്ന് പറഞ്ഞിട്ടും പിന്നീടും വിളി തുടർന്നപ്പോഴാണ് അത് സ്വന്തം ബുദ്ധിശക്തി ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അത് ഒരു കലക്കൻ മറുപടിയാകുമെന്നോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമെന്നോ ഒന്നും ഓർത്തതുമില്ല- മെഹറുന്നീസ പറയുന്നു. മെഹറുന്നീസ സ്വന്തം സുഹൃത്തിനു തമാശ രൂപത്തിൽ അയച്ച ഈ ശബ്ദ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

യുവാവിന്റെ ചോദ്യവും മെഹറുന്നീസയുടെയും മറുപടി ഇപ്രകാരം.:

തായ് മാട്രിമോണിയൽ അല്ലേ? 60 ദിവസത്തിനുള്ളിൽ കല്യാണം എന്നറിഞ്ഞിട്ടു വിളിക്കുകയാണ്. 60 ദിവസത്തിനുള്ളിൽ വിവാഹം നടക്കുമോ?
അതെ ശരിയാകും-മെഹറുന്നീസയുടെ മറുപടി.

ആൺകുട്ടികൾക്ക് പെൺകുട്ടികളെയും തിരിച്ചും നൽകും

കുറെ മാട്രിമോണിയലിൽ ഞാൻ പരസ്യം നൽകിയിട്ടുണ്ട്. 2000-3000 വാങ്ങുക എന്നല്ലാതെ കാര്യം നടക്കില്ല.

ഇല്ല . ഞങ്ങൾ ചാർജായി 300 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ.

അത് ശരി. രണ്ടാം വിവാഹം ഉണ്ടോ?

രണ്ടാം വിവാഹവും മൂന്നാം വിവാഹവും ഉണ്ട്.

എനിക്ക് ഭാര്യ അറിയാതെ കെട്ടാനാണ്. വീട്ടിലേക്ക് കൊണ്ടുപോവില്ല. ചെലവ് എല്ലാം നടത്തും. പക്ഷെ വിവാഹം ഭാര്യ അറിയാൻ പാടില്ല/ ഈ രീതിയിലുള്ള ബന്ധങ്ങൾ കിട്ടുമോ?

ഭാര്യ വിവാഹ മോചിതയാണോ?
അല്ല. ഭാര്യാ വീട്ടിലുണ്ട്.

എന്നാൽ ഞങ്ങൾക്ക് കുഴപ്പമില്ല. ഭാര്യ വീട്ടിലുണ്ടല്ലോ? ആദ്യം സാറിന്റെ നമ്പർ, വിശദാശാംശങ്ങൾ നൽകുക. എന്നിട്ടു ഭാര്യയുടെ നമ്പർ നൽകുക. നിങ്ങളുടെ വിവാഹം അറുപത് ദിവസങ്ങൾക്കുള്ളിൽ ശരിയാക്കുമ്പോൾ ഒപ്പം ഭാര്യയ്ക്ക് കൂടി ഞങ്ങൾ അറുപത് ദിവസത്തിനുള്ളിൽ ഒരു ചെറുക്കനെ കൂടി ഞങ്ങൾ ശരിയാക്കി നൽകും.
അയ്യോ? യുവാവിന്റെ പ്രതികരണം.

സാറിനു അനുയോജ്യമായ പെൺകുട്ടിയെ ഞങ്ങൾ നൽകും. പക്ഷെ സാറിന്റെ ഭാര്യ ഒറ്റയ്ക്ക് അല്ലെ. അവർക്കും അനുയോജ്യനായ ചെറുക്കനെ ഞങ്ങൾ കണ്ടെത്തി നൽകും.

നിങ്ങളുടെ നമ്പർ നൽകൂ.

നൽകുന്ന നമ്പർ പരസ്യത്തിലുള്ള നമ്പർ തന്നെ,

ഈ നമ്പറിൽ വിളിക്കൂ. സാറിനും ഭാര്യയ്ക്കും ഞങ്ങൾ യോജ്യരായവരെ നൽകാം.

ഇതോടെ യുവാവ് സംഭാഷണം മാറ്റുന്നു.

ഞാൻ ചോദിച്ചത് എനിക്കല്ല.എന്റെ സുഹൃത്തിനാണ് നിങ്ങൾ തെറ്റിദ്ധരിക്കരുത്.
പക്ഷെ ഇതൊന്നും മെഹറുന്നീസ ശ്രദ്ധിക്കുന്നില്ല. സാറിന്റെ ആവശ്യം പറഞ്ഞു. ഞങ്ങൾ സാറിനും ഭാര്യയ്ക്കും ആലോചന ശരിയാക്കി നൽകാം.

ഞാൻ ഈ കാര്യം അവനോട് പറയാം. അവൻ എല്ലാ കാര്യങ്ങളും നോക്കി ചെയ്യട്ടെ. അവന്റെ നമ്പർ പിന്നെ നൽകാം.

നമ്പർ പിന്നീട് നൽകാം എന്ന് പറഞ്ഞ യുവാവ് പിന്നെ വിളിക്കുകയോ, സുഹൃത്തിന്റെ നമ്പർ നൽകുകയോ ചെയ്തില്ല. മെഹറുന്നീസ നൽകിയ മറുപടിയിൽ ജീവനും കൊണ്ടോടിയ യുവാവിന്റെ ഒരു വിവരവും പിന്നീട് ലഭിച്ചില്ല. മെഹറുന്നീസ സ്വന്തം സുഹൃത്തിനു പിന്നീട് നൽകിയ ഈ ശബ്ദ സന്ദേശമാണ് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വൈറൽ ആയി മാറുകയും ചെയ്തത്.