- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാ തലമുറയെയും പ്രചോദിപ്പിക്കാൻ കഴിയുന്ന താരമെന്ന് സച്ചിൻ; നന്ദി പറഞ്ഞ് ഗാംഗുലി; കഠിനാധ്വാനത്തിന്റെ ഫലമെന്ന് ദ്രാവിഡ്; നൂറാം ടെസ്റ്റിനൊരുങ്ങുന്ന കിങ് കോലിക്ക് ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

മൊഹാലി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ എന്ന് വിലയിരുത്തപ്പെടുന്ന വിരാട് കോലിയുടെ നൂറാം ടെസ്റ്റിനാണ് വെള്ളിയാഴ്ച മൊഹാലിയിൽ തുടക്കമാകുന്നത്. 100 ടെസ്റ്റുകൾ കളിക്കുന്ന 12-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് കിങ് കോലി. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോലിയുടെ അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റിൽ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അർധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയിൽ 7962 റൺസ് നേടിയിട്ടുണ്ട്.
അയൽക്കാരായ ശ്രീലങ്കയെ ഇന്ത്യ നേരിടാനിറങ്ങും മുമ്പ് കിങ് കോലിക്ക് ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറും, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും , ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും വിവി എസ് ലക്ഷ്മണുമടക്കം മുൻ ഇന്ത്യൻ താരങ്ങളുടെ നീണ്ടനിര തന്നെ കോലിക്ക് ആശംസകൾ നേർന്നു. സച്ചിന്റെ വീഡിയോ ആശംസ തന്നെയായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.
കോലിയെ കുറിച്ച് ആദ്യമായി കേട്ടത് ഓസിസ് പര്യടനത്തിനിടെ: സച്ചിൻ
'എത്ര വിസ്മയകരമായ നേട്ടമാണിത്. ഞങ്ങൾ ഓസ്ട്രേലിയൻ പര്യടനം നടത്തുമ്പോൾ വിരാട് കോലിയെ കുറിച്ച് ആദ്യമായി കേട്ടത് ഞാനോർക്കുന്നു. നിങ്ങളുടെ ടീം അണ്ടർ 19 ലോകകപ്പ് മലേഷ്യയിൽ കളിക്കുമ്പോൾ ഞങ്ങളുടെ സംഘത്തിലെ താരങ്ങൾ നിങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കേട്ടു. ടൂർണമെന്റിൽ കണ്ടിരിക്കേണ്ട ബാറ്ററാണ് കോലി എന്നായിരുന്നു വാക്കുകൾ. അതിന് ശേഷം ഞങ്ങൾ ഒന്നിച്ച് ഇന്ത്യൻ ജേഴ്സിയിൽ കളിച്ചു. എപ്പോഴും കാര്യങ്ങൾ പഠിച്ചെടുക്കാൻ ആഗ്രഹിക്കുന്ന കോലിയെ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്' എന്നിങ്ങനെ നീളുന്ന സച്ചിന്റെ ആശംസ.
'കഴിഞ്ഞ വർഷങ്ങളിൽ താങ്കളുടെ ബാറ്റിങ് കാണുന്നത് ചന്തമായിരുന്നു. കണക്കുകൾക്ക് അതിന്റെ സ്ഥാനമുണ്ട്. എന്നാൽ എല്ലാ തലമുറയെയും പൂർണമായും പ്രചോദിപ്പിക്കാൻ കഴിയുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ കരുത്ത്. ഇന്ത്യൻ ക്രിക്കറ്റിന് കോലിയുടെ വില മതിക്കാനാവാത്ത സംഭാവന ഇതാണെന്നും' സച്ചിൻ കൂട്ടിച്ചേർത്തു.
ഏതൊരു ക്രിക്കറ്ററുടെയും കരിയറിലെ വലിയ നേട്ടം: ഗാംഗുലി
'100 ടെസ്റ്റുകൾ കളിക്കുക ഏതൊരു ക്രിക്കറ്ററുടെയും കരിയറിലെ വലിയൊരു നേട്ടമാണിത്. രാജ്യത്തിനായി കളിച്ച് തുടങ്ങുമ്പോൾ മനസിലുണ്ടാകുന്ന ഏറ്റവും വലിയ സ്വപ്നമാണത്. 100 ടെസ്റ്റുകൾ കളിക്കുന്നതിന്റെ അനുഭവം എനിക്കുമുണ്ട്. അത് എത്രത്തോളം മഹത്തരമാണ് എന്ന് അതിനാൽ എനിക്കറിയാം. മുൻതാരവും നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റും എന്ന നിലയിൽ കോലിക്ക് ആശംസകൾ നേരുന്നതായും' സൗരവ് ഗാംഗുലി പറഞ്ഞു. കോലിയുടെ കരിയറിനെ പരുവപ്പെടുത്തിയ കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കും നന്ദി പറയാനും ദാദ മറന്നില്ല.
കോലിയുടെ കഠിനാധ്വാനത്തിന്റെ ഫലം: ദ്രാവിഡ്
'വിരാട് കോലിക്ക് തന്റെ നേട്ടങ്ങളിൽ അഭിമാനിക്കാം. എപ്പോഴും കോലിയിൽ വലിയ പ്രതീക്ഷയും സമ്മർദവുണ്ട്. എന്നിട്ടും 50 ബാറ്റിങ് ശരാശരി നേടാനായി. എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. ലോകത്തെ എല്ലായിടത്തും തിളങ്ങി. ഒരു താരം കൂടി 100 ടെസ്റ്റുകൾ കളിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിനും ഇത് അഭിമാന നിമിഷമാണിത്. എളുപ്പം സാധിക്കുന്ന കാര്യമല്ലിത്. കോലിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതിനാൽ കോലി ഈ നേട്ടത്തിന് വളരെ അർഹനാണ്' എന്നും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ.
വലിയ അഭിമാനം: വിവി എസ് ലക്ഷ്മൺ
'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും ഉന്നത തലത്തിൽ കളിക്കാനാകുന്നത് ഏതൊരു ക്രിക്കറ്ററുടേയും വലിയ അഭിമാനമാണ്. മാത്രമല്ല, 100 മത്സരങ്ങൾ കളിക്കാനാവുക വിസ്മയ നേട്ടാണ്. വിരാട് കോലിക്ക് ആശംസകൾ നേരുന്നു. 100-ാം ടെസ്റ്റിൽ സെഞ്ചുറി നേടി ഓർമ്മകൾ കൂടുതൽ മനോഹരമാക്കാൻ കഴിയട്ടെ. തുടർന്നും ഞങ്ങൾക്കൊക്കെ അഭിമാനമാകാൻ കോലിക്ക് കഴിയുമെന്നതിൽ സംശയമില്ല' എന്നും വിവി എസ് ലക്ഷ്മൺ പറഞ്ഞു.
തന്റെ പതിവ് ശൈലിയിലായിരുന്നു ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗിന്റെ ആശംസ. സ്റ്റാർ സ്പിന്നർ ഹർഭജൻ സിംഗും കോലിയെ പ്രശംസിച്ചു. 100 ടെസ്റ്റ് ക്ലബിലേക്ക് കോലിയെ സ്വാഗതം ചെയ്ത ഭാജി ഇന്ത്യൻ മുൻ നായകനെ ചാമ്പ്യൻ പ്ലെയർ എന്ന് വിശേഷിപ്പിച്ചു.
കരിയറിലെ നൂറാം ടെസ്റ്റിൽ വിരാട് കോലിയെ കാത്തിരിക്കുന്നത് വലിയ നാഴികക്കല്ലാണ്. ക്രിക്കറ്റിന്റെ വലിയ ഫോർമാറ്റിൽ 8000 റൺസ് ക്ലബിലെത്താൻ 38 റൺസ് കൂടി മതി കോലിക്ക്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ , രാഹുൽ ദ്രാവിഡ് , സുനിൽ ഗാവസ്‌കർ വീരേന്ദർ സെവാഗ് വിവി എസ് ലക്ഷ്മൺ തുടങ്ങിയവരുള്ള എലൈറ്റ് പട്ടികയിൽ ആറാമനായാണ് കോലി ഇടംപിടിക്കുക.
മൊഹാലിയിലെ ആദ്യ ഇന്നിങ്സിൽ 38 റൺസ് കണ്ടെത്തിയാൽ 8000 റൺസ് പൂർത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും. സച്ചിൻ ടെൻഡുൽക്കർ(154 ഇന്നിങ്സ്), രാഹുൽ ദ്രാവിഡ്(158 ഇന്നിങ്സ്), വീരേന്ദർ സെവാഗ്(160 ഇന്നിങ്സ്), സുനിൽ ഗാവസ്‌കർ (166 ഇന്നിങ്സ്) എന്നിങ്ങനെയാണ് കോലിക്ക് മുന്നിലുള്ളവരുടെ കണക്ക്. കോലിയാവട്ടെ ടെസ്റ്റിൽ 168 ഇന്നിങ്സുകളാണ് ഇതുവരെ കളിച്ചത്.
2017ൽ അവസാന ഇന്ത്യൻ പര്യടനത്തിന് ശ്രീലങ്കൻ ടീം എത്തിയപ്പോൾ ബാറ്റുകൊണ്ട് ഗംഭീര പ്രകടനം കോലി പുറത്തെടുത്തിരുന്നു. മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചുറികൾ സഹിതം കോലി 610 റൺസ് അടിച്ചുകൂട്ടി. നാഗ്പൂരിൽ 213ഉം ഡൽഹിയിൽ 243ഉം റൺസ് കോലി പേരിലാക്കി. ലങ്കയ്ക്കെതിരെ ഹാട്രിക് സെഞ്ചുറിയും പൂർത്തിയാക്കി കോലി പരമ്പരയുടെ താരമായിരുന്നു.
വിരാട് കോലിയുടെ കരിയറിലെ ചരിത്ര മത്സരത്തിൽ ഗാലറിയിൽ അൻപത് ശതമാനം കാണികളെ പ്രവേശിപ്പിക്കും. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ലങ്കയ്ക്കെതിരെ ലക്നോവിൽ നടന്ന ആദ്യ ട്വന്റി 20 യിൽ കാണികളെ പ്രവേശിപ്പിച്ചില്ലായിരുന്നെങ്കിൽ ധരംശാലയിൽ നടന്ന രണ്ട് മത്സരങ്ങളിൽ ആരാധകരെ ഗാലറിയിൽ കടത്തിയിരുന്നു.


