ദുബായ്: ട്വന്റി20 ലോകകപ്പിൽ ധോനി മെന്ററായി വരുന്നതിൽ സന്തോഷമെന്ന് വിരാട് കോഹ് ലി. രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് അറിയില്ലെന്നും കോഹ് ലി പറഞ്ഞു. ട്വന്റി20 ലോകകപ്പിന് മുൻപായുള്ള വാർത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ പ്രതികരണം.

ദ്രാവിഡ് പരിശീലകനായി വരുന്നതിനെ കുറിച്ച് അറിയില്ല. അക്കാര്യത്തിൽ ആരുമായും ഇതുവരെ വിശദമായ ചർച്ചകൾ നടന്നിട്ടില്ല എന്നും കോഹ്ലി പ്രതികരിച്ചു. ടീമിന്റെ ആത്മവീര്യം ഉയർത്താൻ ധോനി മെന്ററായി എത്തുന്നതിലൂടെ കഴിയും. ധോനിയുടെ പ്രായോഗിക നിർദേശങ്ങളും വിലയിരുത്തലുകളും ടീമിന് ഗുണമാവും എന്നും കോഹ് ലി പറഞ്ഞു.

ക്യാപ്റ്റനായിരുന്ന സമയത്തും ധോനി ഞങ്ങളുടെ മെന്ററായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരുടെ കരിയറിന്റെ തുടക്കമായിരുന്നു അത്. ഇപ്പോൾ അതേ റോളിലേക്ക് ധോനി തിരികെ വരുന്നു. ധോനിയുടെ സാന്നിധ്യം യുവ താരങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ടീമിലേക്ക് തിരിച്ചെത്തുന്നതിൽ ധോനിയും ആവേശത്തിലാണെന്ന് കോഹ് ലി പറഞ്ഞു.