- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരാജയത്തിന് പാക്ക് താരങ്ങളെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു; ഇഷാനെക്കുറിച്ചുള്ള ചോദ്യത്തിന് എന്ത് പറയണം എന്നറിയില്ലെന്ന് മാധ്യമപ്രവർത്തകന് മറുപടി; സഹതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തി വിരാട് കോഹ്ലി
ദുബായ്: ക്രിക്കറ്റിൽ ആക്രമണോത്സുകതയിൽ കൊഹ്ലി ഒരു മോഡലാണ്. 'ഇങ്ങോട്ട് ചൊറിയാൻ വരുന്നവരെ' വെറുതേവിടില്ലെന്നു മാത്രമല്ല വേണ്ടിവന്നാൽ അങ്ങോട്ട് ചെന്ന് പണികൊടുക്കുകയും ചെയ്യും. അത് ക്രിക്കറ്റ് ഗ്രൗണ്ടിൽ മാത്രമല്ല സ്റ്റേഡിയതത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് ആയാലും കോഹ്ലിയുടെ രീതി അത് തന്നെയായിരുന്നു. ഇന്നലെവരെ എന്ന് പറയുന്നതാകു ശരി.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടേറ്റ കനത്ത തോൽവിക്കു പിന്നാലെ ആരാധകർ കണ്ടു ശീലിച്ച കൊഹ്ലിയെയല്ല മൈതാനത്ത് കണ്ടത്.ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി പാക്കിസ്ഥാനോട് തോറ്റ ഇന്ത്യൻ നായകൻ എന്ന ചീത്തപേര് സമ്പാദിച്ചപ്പോഴും തന്റെ എതിരാളികളുടെ സന്തോഷത്തിൽ പങ്കുച്ചേരാൻ ഇന്ത്യൻ നായകൻ മറന്നില്ലെന്നതാണ് കൗതുകം. ഇന്ത്യക്കെതിരായി വിജയറൺ നേടിയ ശേഷം മതിമറന്ന് ആഘോഷിക്കുന്ന പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാനെ ചേർത്തുപിടിക്കുന്ന കൊഹ്ലിയുടെ ചിത്രം ടിവി ചാനലുകളിലും സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിക്കുകയാണ്.
ഇവിടെക്കൊണ്ടും തീർന്നില്ല ഈ മാറ്റം. തുടർന്ന് പത്രസമ്മേളനത്തിലും കൊഹ്ലിയുടെ പെരുമാറ്റത്തിലെ ഈ മാറ്റം ശ്രദ്ധേയമായിരുന്നു. ഇഷാൻ കിഷന് പകരം രോഹിത് ശർമ്മയെ കളിപ്പിക്കാനുള്ള തീരുമാനം തിരിച്ചടിച്ചോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് വളരെ സംയമനത്തോടെയാണ് കൊഹ്ലി മറുപടി നൽകിയത്. പത്രപ്രവർത്തകന്റേത് വളരെ ധീരമായ ഒരു ചോദ്യമാണെന്ന് പറഞ്ഞ കൊഹ്ലി ഈ ചോദ്യത്തിന് എന്ത് മറുപടി നൽകണമെന്ന് തനിക്ക് അറിയില്ലെന്നും തുറന്ന് പറഞ്ഞു. പത്രപ്രവർത്തകൻ ഒരു വിവാദം ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നേരത്തെ പറഞ്ഞാൽ താൻ അതിന് അനുസരിച്ച് മറുപടി നൽകാമെന്നും കൊഹ്ലി വ്യക്തമാക്കി. കൊഹ്ലിയെ പ്രകോപിപ്പിച്ച് വാർത്തയുണ്ടാക്കാനുള്ള മാധ്യമപ്രവർത്തകന്റെ ശ്രമമായിരുന്നു ആ ചോദ്യമെന്നത് വ്യക്തമായിരുന്നു.
പഴയ കൊഹ്ലിയായിരുന്നെങ്കിൽ ആ പത്രസമ്മേളന മുറി ഒരു യുദ്ധക്കളമായി മാറുമായിരുന്നു. എതിരാളികൾ ആരായിരുന്നാലും അവരെ കടിച്ചുകീറാൻ നിൽക്കുന്ന കൊഹ്ലിയെയല്ല ഇന്നലത്തെ ഈ രണ്ട് സംഭവത്തിലും കണ്ടത്. ഏത് വിഷമഘട്ടത്തിലും കൂൾ ആയി നിൽക്കുന്ന ഒരു ഇന്ത്യൻ നായകനെ ഇതിനു മുമ്പ് കണ്ടത് ധോണിയിലായിരുന്നു. ധോണി ടീമിന്റെ ഉപദേശകനായി എത്തിയതിനു ശേഷമാണ് കൊഹ്ലിയിൽ ഈ മാറ്റം കാണുന്നതെന്നതും ഒരുപക്ഷേ യാദൃശ്ചികമാകാം. കുറച്ചു കാലങ്ങൾക്കു മുമ്പ് ഇതുപോലെ പ്രകോപനപരമായ ഒരു ചോദ്യം ചോദിച്ച വിദേശപത്രപ്രവർത്തകനെ വേദിയിലേക്ക് വിളിച്ച് അയാൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അയാളെകൊണ്ട് തന്നെ പറയിപ്പിച്ച മറ്റൊരു ധോണിയായിരുന്നു ഇന്നലത്തെ കൊഹ്ലി.
സ്പോർട്സ് ഡെസ്ക്