ന്യൂഡൽഹി: വിരാട് കോലിയുടെ ടെസ്റ്റ് നായക സ്ഥാനവും ഉടൻ തെറിച്ചേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിന്റെ നായകൻ വിരാട് കോലിയാണ്. ഈ പരമ്പരയിൽ കോലിയെ നിലനിർത്തും. എന്നാൽ അതിന് ശേഷം കോലിയെ മാറ്റാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റിൽ നിന്ന് പരിക്ക് മൂലം ഉപനായകൻ രോഹിത് ശർമ്മയും പിന്മാറിയിട്ടുണ്ട്. ഇതിന് പിന്നിലും ബിസിസിഐയുടെ തന്ത്രപരമായ നീക്കമാണെന്നാണ് സൂചന. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായി രോഹിത് ശർമ്മയെ ദക്ഷിണാഫ്രിക്കാൻ പര്യടനത്തിന് ശേഷം നിയമിക്കാനാണ് സാധ്യത. രോഹിത്തിനെ സേഫ് സോണിൽ നിലനിർത്താൻ കൂടിയാണ് പരിക്കിലെ പിന്മാറ്റം എന്നും സൂചനയുണ്ട്.

ട്വന്റി ട്വന്റി നായക സ്ഥാനം കോലി ഒഴിഞ്ഞത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ക്യാപ്ടനായി തുടരണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കോലി നിരാകരിക്കുകയായിരുന്നു. ഇതിനെ അച്ചടക്ക ലംഘനമായി കണ്ടാണ് ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയത്. ഏകദിനത്തിനും 20-20ക്കും ഒരു നായകൻ എന്ന ഫോർമുലയാണ് ബിസിസിഐ അവതരിപ്പിച്ചത്. എന്നാൽ ബിസിസിഐയെ വെല്ലുവിളിക്കും പോലെ ഏകദിന ടീമിൽ നിന്നും കോലി പിന്മാറി. രോഹിത് ശർമ്മയ്ക്ക് കീഴിൽ കളിക്കാനുള്ള താൽപ്പര്യക്കുറവാണ് കോലി പ്രകടിപ്പിച്ചതെന്ന് ബിസിസിഐ വിലയിരുത്തുന്നു. ഏകദിന ടീമിൽ നിന്ന് പിന്മാറുന്നതിന് കുടുംബത്തിനൊപ്പം ചെലവഴിക്കാനാണെന്ന ന്യായമാണ് കോലി പറയുന്നത്. എന്നാൽ ഇതിനെ ബിസിസിഐ മതിയായ ന്യായീകരണമായി കാണുന്നില്ല. കോലിക്ക് മതിയായ വിശ്രമം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഏകദിന ടീം പ്രഖ്യാപിച്ച ശേഷമുള്ള കോലിയുടെ പിന്മാറ്റം അച്ചടക്ക ലംഘനമാണ്. ടീമിൽ കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ കോലിക്ക് നേരത്തെ അക്കാര്യം ബിസിസിഐ അറിയിക്കാമായിരുന്നു. അങ്ങനെ വന്നിരുന്നുവെങ്കിൽ ടീമിലേ ഉൾപ്പെടുത്തുമായിരുന്നില്ല. ക്യാപ്ടൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന്റെ പകയാണ് ടീമിൽ നിന്ന് പിന്മാറുന്നതിന് കാരണമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ താമസിയാതെ ടെസ്റ്റ് ടീമിൽ നിന്നും കോലിയെ ഒഴിവാക്കാൻ സാധ്യത ഏറെയാണ്. ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടാത്ത പക്ഷം ഇതുണ്ടാകും. വിജയം നേടിയാൽ വിവാദം ഒഴിവാക്കാൻ കോലിയെ നായകനായി തുടരാൻ അനുവദിച്ചേക്കും.

ദക്ഷിണാഫ്രിക്കയിൽ രോഹിത് ശർമ്മ ടെസ്റ്റ് കളിക്കില്ല. ഫലത്തിൽ ദക്ഷിണാഫ്രിക്കയിലെ വേഗത ഏറിയ പിച്ചുകളെ ഒഴിവാക്കാൻ രോഹിത്തിന് കഴിയുകയും ചെയ്യുന്നു. പേരു ദോഷമില്ലാതെ തന്നെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത്തിന് കഴിയുകയും ചെയ്യും. കോച്ച് രാഹുൽ ദ്രാവിഡും കോലിയും നല്ല ബന്ധത്തിൽ അല്ല. ദക്ഷിണാഫ്രിക്കയിലും ഇത് തുടർന്നാൽ അതും ബിസിസിഐ ഗൗരവത്തോടെ എടുക്കും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ പ്രത്യേക താൽപര്യത്തിലാണ് പരിശീലക സ്ഥാനം ദ്രാവിഡ് ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ ദ്രാവിഡിന് ടീമിൽ മുൻതുക്കമുണ്ടാകും. ഇതും ഇന്ത്യൻ ക്രിക്കറ്റിലെ പ്രശ്‌നങ്ങളെ സ്വാധീനിക്കുമെന്ന വിലയിരുത്തൽ സജീവമാണ്.

അതായത് കോലിക്ക് കടുത്ത പരീക്ഷണമാണ് ദക്ഷിണാഫ്രിക്കയിലെ പരമ്പര. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വളരെ അധികം ഞെട്ടിച്ചാണ് ഏകദിന ക്യാപ്റ്റൻസി റോൾ കോലിക്ക് നഷ്ടമായത്. രോഹിത് ശർമ്മയെ ടി :20 ക്ക് പിന്നാലെ ഏകദിന ഫോർമാറ്റിലും നായകനായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചപ്പോൾ എല്ലാ അർഥത്തിലും കോലിയെ അപമാനിച്ചുവെന്നുള്ള വിമർശനവും ശക്തമായി. അതിനു ശേഷം രോഹിത് ശർമ്മ നായകനായി എത്തുന്ന സാഹചര്യത്തെ വിശദമാക്കി മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി രംഗത്തു വന്നിപുന്നു. വലിയ ടൂർണമെന്റുകളിൽ എങ്ങനെ കിരീടം നേടണമെന്ന് അറിയാവുന്ന നായകനാണ് രോഹിത് എന്നും പറഞ്ഞ ഗാംഗുലി വിരാട് കോലിയുടെ സേവനത്തെയും വാനോളം പുകഴ്‌ത്തിയിരുന്നു.

വലിയ ടൂർണമെന്റുകളിൽ എങ്ങനെ ടീമിനെ നയിക്കണമെന്നും എങ്ങനെ എല്ലാം കാര്യങ്ങൾ മികവോടെ പ്ലാൻ ചെയ്യണമെന്നും രോഹിത് ശർമ്മക്ക് നല്ലത് പോലെ അറിയാമെന്നും പറഞ്ഞ സൗരവ് ഗാംഗുലി അദ്ദേഹത്തിൽ വളരെ അധികം പ്രതീക്ഷകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർക്കുള്ളതെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. ''ലിമിറ്റഡ് ഓവർ ടീമിന്റെ നായകൻ എന്നുള്ള നിലയിൽ രോഹിത് ശർമ്മയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. കൂടാതെ തന്റെ ക്യാപ്റ്റൻസി മികവ് എന്തെന്ന് പല തവണ രോഹിത് തെളിയിച്ചതാണ്. പ്രതിസന്ധി സമയത്തും നന്നായി ടീമിനെ നയിക്കാനുള്ള വഴി അദ്ദേഹത്തിന് അറിയാം. ആ വിശ്വാസമാണ് അദ്ദേഹത്തെ ടീമിന്റെ നായകനാക്കി മാറ്റാനുള്ള കാരണവും. കൂടാതെ വലിയ ടൂർണമെന്റുകളിൽ എങ്ങനെ മുന്നേറണമെന്നതും കിരീടം കരസ്ഥമാക്കണമെന്നതും രോഹിത്തിന് അറിയാം. ഐപില്ലിൽ 5 കിരീടങ്ങൾ നേടി അദ്ദേഹം അത് തെളിയിച്ചു കഴിഞ്ഞതാണ്.വിരാട് കോലി പോലും കളിക്കാതെ ഏഷ്യ കപ്പ് കിരീടം നമ്മൾ നേടിയത് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിലാണ്.''ഗാംഗുലി വാചാലനായിരുന്നു. ഇതെല്ലാം കോലിക്കുള്ള സന്ദേശം കൂടിയായിരുന്നു.

സൗത്താഫ്രിൻ പര്യടനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വളരെ അധികം നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മൂന്ന് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറെ നാളുകൾക്ക് ശേഷം ഒരു ടെസ്റ്റ് പരമ്പര ജയമാണ് സൗത്താഫ്രിക്കൻ മണ്ണിൽ ലക്ഷ്യമിടുന്നത്. ഇതിന് കോലിക്ക് കഴിഞ്ഞില്ലെങ്കിൽ ടെസ്റ്റ് ക്യാപ്ടൻ പദവിയും രോഹിത്തിനെ തേടിയെത്തും. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്ത് എന്ന വാർത്തയും എത്തുന്നത്. മുംബൈയിൽ നടന്ന പരിശീലന സെഷനിടെയേറ്റ പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ എയെ നയിച്ച പ്രിയങ്ക് പഞ്ചാലിനെ രോഹിത്തിന് പകരം ടീമിലുൾപ്പെടുത്തി. ബിസിസിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ത്രോഡൗൺ സ്‌പെഷ്യലിസ്റ്റായ രാഘവേന്ദ്രയെറിഞ്ഞ ബോൾ കൊണ്ടാണ് രോഹിത്തിന് പരിക്കേറ്റത്. ബൗൺസറിൽ ഷോട്ടിനു ശ്രമിക്കവെയാണ് രോഹിത്തിന്റെ കൈയിൽ പന്തുകൊണ്ടത്. വേദന കാരണം രോഹിത് പരിശീലനം തുടർന്നില്ലെന്നാണ് റിപ്പോർട്ട്. ഈ മാസം 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. 16ന് ടീം ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കും. നിലവിൽ ടെസ്റ്റ് പരമ്പരയിൽ നിന്ന് മാത്രമാണ് രോഹിത്തിനെ മാറ്റി നിർത്തിയിരിക്കുന്നതെങ്കിലും പൂർണ്ണ ഫിറ്റല്ലെങ്കിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും താരത്തിന് നഷ്ടമാകും. പക്ഷേ ഏകദിനത്തിന് ഇനിയും ഒരു മാസമുണ്ട്. അതുകൊണ്ട് തന്നെ ടീം ഇന്ത്യയെ നയിക്കാൻ രോഹിത് എത്തും.