മുംബൈ: ബിസിസിഐയുടെ വിരട്ടൽ ഏറ്റു. ഏകദിന പരമ്പരയിൽ കളിക്കാമെന്ന് ബിസിസിഐയെ വിരാട് കോലി അറിയിച്ചതായി സൂചന. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലി മാധ്യമങ്ങളെ കാണുന്നത് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നിർദ്ദേശ പ്രകാരമാണ്. ഏകദിനത്തിൽ കളിക്കുമെന്നും അറിയിക്കും. രവിശാസ്ത്രി ഇന്ത്യൻ കോച്ചായിരുന്നപ്പോൾ എല്ലാം തീരുമാനിച്ചതും നടപ്പാക്കിയതും കോലിയായിരുന്നു. പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തുമ്പോൾ സ്ഥിതി മാറുകയാണ്. ദ്രാവിഡിനെ ടീമിന്റെ സ്റ്റിയറിങ് ഏൽപ്പിക്കുകയാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി.

പരിശീലകൻ രാഹുൽ ദ്രാവിഡുംവാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഏകദിന നായകപദവി നഷ്ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹിത്ത് ശർമ്മയുമായി ഭിന്നതയിലെന്നും ഏകദിന പരമ്പരയിൽ നിന്ന് പിന്മാറുമെന്നും വാർത്തകളെത്തി. ബിസിസിഐയെ കോലി ഇക്കാര്യം അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഈ വാർത്ത വന്ന ശേഷം കോലി പരസ്യ പ്രതികരണമൊന്നും നടത്തിയില്ല. ഇതിനിടെ ഏകദിന പരമ്പരയിൽ നിന്നുള്ള കോലിയുടെ പിന്മാറ്റത്തെ അച്ചടക്ക ലംഘനമായി കാണുമെന്ന നിലപാടിലേക്ക് ബിസിസിഐ എത്തി. ഇക്കാര്യം അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. ടെസ്റ്റ് ക്യാപ്ടൻസിയിൽ നിന്നും കോലിയെ മാറ്റാനായിരുന്നു ഗാംഗുലിയുടെ നീക്കം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വിരാട് കോലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനിൽക്കുന്നതെന്നാണ് സൂചന. ഇക്കാര്യം കോലി ബിസിസിഐയെ അറിയിച്ചു എന്നായിരുന്നു റിപ്പോർട്ട്. കോലിയെ ഏകദിന നായകപദവിയിൽ നിന്ന് നീക്കിയതിന് പ്രതികാരമാണ് ഈ നടപടിയെന്നും വിലയിരുത്തലെത്തി. ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനുൾപ്പെടെ രംഗത്തു വന്നു.

'താരങ്ങൾ വിശ്രമം എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഏത് സമയത്ത് ഇത്തരം തീരുമാനം എടുക്കുന്നു എന്നതാണ് പ്രധാനം. രോഹിത്തിനും കോലിക്കും ഇടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കാൻ മാത്രമേ തീരുമാനം സഹായിക്കൂ' എന്ന് അസ്ഹർ ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഏതെങ്കിലും ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയില്ലെന്നും അസ്ഹർ പറഞ്ഞു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ അസ്ഹർ ബിസിസിഐ അംഗവുമാണ്. ഗാംഗുലിയുമായും അടുപ്പവുമുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഉപനായകൻ രോഹിത് ശർമ്മ പരിക്കിനെ തുടർന്ന് കളിക്കില്ല. ഞായറാഴ്ച മുംബൈയിൽ നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെ രോഹിത് ശർമ്മയുടെ വലത് തുടയ്ക്ക് പരിക്കേൽക്കുകയായിരുന്നു എന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ടെസ്റ്റ് പരമ്പരയിൽ രോഹിത്തിന്റെ പകരക്കാരനായി പ്രിയങ്ക് പാഞ്ചലിനെ സെലക്ടർമാർ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നിലും ബിസിസിഐയുടെ തന്ത്രപരമായ നീക്കമാണെന്നാണ് സൂചന. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായി രോഹിത് ശർമ്മയെ ദക്ഷിണാഫ്രിക്കാൻ പര്യടനത്തിന് ശേഷം നിയമിക്കാനാണ് സാധ്യത. രോഹിത്തിനെ സേഫ് സോണിൽ നിലനിർത്താൻ കൂടിയാണ് പരിക്കിലെ പിന്മാറ്റം എന്നും സൂചനയുണ്ട്.

ട്വന്റി ട്വന്റി നായക സ്ഥാനം കോലി ഒഴിഞ്ഞത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ക്യാപ്ടനായി തുടരണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കോലി നിരാകരിക്കുകയായിരുന്നു. ഇതിനെ അച്ചടക്ക ലംഘനമായി കണ്ടാണ് ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയത്. ഏകദിനത്തിനും 20-20ക്കും ഒരു നായകൻ എന്ന ഫോർമുലയാണ് ബിസിസിഐ അവതരിപ്പിച്ചത്. എന്നാൽ ബിസിസിഐയെ വെല്ലുവിളിക്കും പോലെ ഏകദിന ടീമിൽ നിന്നും കോലി പിന്മാറി. രോഹിത് ശർമ്മയ്ക്ക് കീഴിൽ കളിക്കാനുള്ള താൽപ്പര്യക്കുറവാണ് കോലി പ്രകടിപ്പിച്ചതെന്ന് ബിസിസിഐ വിലയിരുത്തുന്നു. ഏകദിന ടീമിൽ നിന്ന് പിന്മാറുന്നതിന് കുടുംബത്തിനൊപ്പം ചെലവഴിക്കാനാണെന്ന ന്യായമാണ് കോലി പറയുന്നത്. എന്നാൽ ഇതിനെ ബിസിസിഐ മതിയായ ന്യായീകരണമായി കാണുന്നില്ല. കോലിക്ക് മതിയായ വിശ്രമം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഏകദിന ടീം പ്രഖ്യാപിച്ച ശേഷമുള്ള കോലിയുടെ പിന്മാറ്റം അച്ചടക്ക ലംഘനമാണ്. ടീമിൽ കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ കോലിക്ക് നേരത്തെ അക്കാര്യം ബിസിസിഐ അറിയിക്കാമായിരുന്നു. അങ്ങനെ വന്നിരുന്നുവെങ്കിൽ ടീമിലേ ഉൾപ്പെടുത്തുമായിരുന്നില്ല. ക്യാപ്ടൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന്റെ പകയാണ് ടീമിൽ നിന്ന് പിന്മാറുന്നതിന് കാരണമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ താമസിയാതെ ടെസ്റ്റ് ടീമിൽ നിന്നും കോലിയെ ഒഴിവാക്കാൻ സാധ്യത ഏറെയാണ്. ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടാത്ത പക്ഷം ഇതുണ്ടാകും. വിജയം നേടിയാൽ വിവാദം ഒഴിവാക്കാൻ കോലിയെ നായകനായി തുടരാൻ അനുവദിച്ചേക്കും. ഇത് മനസ്സിലാക്കിയാണ് ഏകദിന ടീമിൽ കോലി കളിക്കാൻ സമ്മതിക്കുന്നത്.