- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധോണിയിൽ നിന്ന് ക്യാപ്റ്റൻ പദവിയേറ്റെടുത്തത് അപ്രതീക്ഷിതമായി; വിദേശ പിച്ചുകളെ ഭയന്ന ഇന്ത്യക്ക് വിജയം ശീലമാക്കിയ നായകൻ; കൈ പിടിച്ച് ഉയർത്തിയത് ലോകത്തെ ഒന്നാം നമ്പറിലേക്ക്; തിരിച്ചടിയായത് കഴിഞ്ഞ രണ്ടുവർഷക്കാലത്തെ ഫോം ഔട്ടും ബിസിസിഐയുമായുള്ള അസ്വാരസ്യങ്ങളും; എനിക്കെന്റെ ടീമിനെ വഞ്ചിക്കാൻ കഴിയില്ലെന്ന് ട്വീറ്റ്; ഞെട്ടിച്ച തീരുമാനമെന്ന് മുതിർന്ന താരങ്ങളും
തിരുവനന്തപുരം: ചില ഇതിഹാസങ്ങളുടെ കരിയർ അങ്ങിനെയാണ്. കളിക്കളത്തിൽ അസാമാന്യ പ്രകടനം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചാലും എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ തന്റെ സ്ഥാനങ്ങൾ ഒക്കെയും ഉപേക്ഷിക്കേണ്ടി വരുന്ന അതിജീവനത്തിന്റെ ഘട്ടങ്ങൾ.പ്രത്യേകിച്ചും ക്രിക്കറ്റിനെ സംബന്ധിച്ച് ഇത്തരം ഉദാഹരണങ്ങൾ നിരവധിയാണ്.അതിലേക്കാണ് ഇന്ത്യയുടെ കിങ്ങ് കോഹ്ലിയും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.കോഹ്ലിയുടെ കഴിവിൽ ആർക്കും സംശയമില്ല.തന്റെ പ്രകടനത്തിലുടെ കോഹ്ലി പലതവണ അത് തെളിയിച്ചതുമാണ്.
പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോഹ്ലിയുടെ കാര്യത്തിൽ ഒന്നും അങ്ങ് ശരിയാവുന്നില്ല. ടെസ്റ്റിൽ ഉൾപ്പടെ ഒരു സെഞ്ച്വറി പിറന്നിട്ട് വർഷം രണ്ടായി.ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനും തൊട്ടതെല്ലാം പിഴക്കുന്നു.ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം സമയത്തിലുടെയാവാം കോഹ്ലി ഇപ്പോൾ കടന്നുപോകുന്നത്. അതിനെയൊക്കെ ഊട്ടിയുറപ്പിച്ച് ഒടുവിൽ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനവും രാജിവെച്ചിരിക്കുന്നു.
തന്റെ ബാറ്റിങ് മികവ് കൊണ്ട് മാത്രമല്ല ആരാധകർ കോലിക്ക് കിങ് എന്നൊരു വിളിപ്പേര് കൂടെ നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ മഹാ വിജയങ്ങളിലേക്ക് നയിച്ചതിന്റെ പകിട്ടും കോലിക്കുണ്ട്. ടെസ്റ്റിൽ ഇന്ത്യയെ ലോക ഒന്നാം നമ്പറിൽ എത്തിച്ച കോലി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ടീമിനെ എത്തിച്ചതിലും നിർണായക പങ്കുവഹിച്ചു. 2014ൽ ആണ് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിരാട് കോലി എത്തുന്നത്. ഓസ്‌ട്രേലയയിൽ വച്ച് ധോണി പാതി വഴിയിൽ ക്യാപ്റ്റൻസി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ കോലിയിൽ ഇന്ത്യ പുതിയ കപ്പിത്താനെ കണ്ടു.
68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി അതിൽ 40 എണ്ണത്തിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് വിരാടുള്ളത്. വിജയതൃഷ്ണയുള്ള അവസാനം വരെ വിജയത്തിനായി പോരാടുന്ന ഒരു സംഘത്തെ വാർത്തെടുക്കാൻ ആയി എന്നുള്ളതാണ് വിരാട കാലത്തിന്റെ ഏറ്റവും മികച്ച സവിശേഷത.
പക്ഷെ ഏതാനും വർഷങ്ങളായി കോഹലിയുടെ കരിയറിൽ എടുത്തു പറയാനുള്ള നേട്ടങ്ങളൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ഐ.സി.സി ടൂർണമന്റെ് പോലും അദ്ദേഹത്തിനു കീഴിൽ ടീമിന് നേടാനായിട്ടില്ല. ഇന്ത്യയുടെ റൺ മെഷീന് 2019നു ശേഷം അന്താരാഷ്ട്ര ക്രക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനു മൂന്നോടിയായാണ് കോഹലി ട്വന്റി 20 നായക സ്ഥാനം രാജിവെക്കുന്നത്. പിന്നാലെ ബി.സി.സിഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കി. ഇതിനെ ചൊല്ലി വിവാദങ്ങളും ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന ലക്ഷ്യവുമായാണ് ഇത്തവണ ഇന്ത്യൻ ടീം വിമാനമിറങ്ങിയത്. ആദ്യ ടെസ്റ്റ് അനായാസം ജയിച്ച, ഇന്ത്യ ബാക്കിയുള്ള രണ്ടു മത്സരങ്ങളും അവർക്കു മുന്നിൽ അടിയറവെച്ചു. പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്ത ഞെട്ടിച്ച് താരം ടെസ്റ്റ് ക്രിക്കറ്റ് നായക സ്ഥാനവും രാജിവെക്കുന്നത്.
ടി20 ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച കോലിയെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീം തെരഞ്ഞെടുപ്പിനൊടുവിൽ ഏകദിന നായക സ്ഥാനത്തു നിന്ന് സെലക്ടർമാർ പുറത്താക്കുകയായിരുന്നു. രോഹിത് ശർമയെ ഏകദിന നായകനായി തെരഞ്ഞെടുക്കുന്നുവെന്ന ഒറ്റവരിയിൽ ബിസിസിഐ ആ തീരുമാനത്തെ ഒതുക്കി. കോലിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ കൂടെ അനുവാദത്തോടെയാണ് തീരുമാനമെടുത്തതെന്നും വ്യക്തിപരമായി അദ്ദേഹത്തോട് സംസാരിച്ചുവെന്നും പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിഷയം മയപ്പെടുത്തിയെങ്കിലും അടുത്ത ട്വിസ്റ്റ് കോലിയുടെ വാർത്താസമ്മേളനമായിരുന്നു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തൊട്ടു മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള തീരുമാനം സെലക്ടർമാർ ടീം തെരഞ്ഞെടുപ്പിന് ശേഷം അവസാനമാണ് അറിയിച്ചതെന്നും തന്നോട് ആരും ഇതേക്കുറിച്ച് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ കോലി, ഗാംഗുലിയുടെ ഉത്തരം മുട്ടിച്ചു.എന്നാൽ പിന്നാലെ പല മുതിർന്ന താരങ്ങളും കോഹ്്‌ലിയെ എതിർത്ത് രംഗത്ത് വന്നു.
പക്ഷെ ഇതൊന്നും കോഹ്്‌ലിയെന്ന താരത്തിന്റെയും ക്യാപ്റ്റന്റെയും പകിട്ട് കുറക്കുന്നില്ല.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ നാലാമത്തെ ക്യാപ്റ്റൻ കൂടിയാണ് കോലി. 68 മത്സരങ്ങളിൽനിന്ന് 40 വിജയങ്ങളാണ് കോലിയുടെ സംഭാവന. 17 മത്സരങ്ങൾ തോറ്റപ്പോൾ 11 എണ്ണം സമനിലയിൽ അവസാനിച്ചു. 109 ടെസ്റ്റുകളിൽനിന്ന് 53 വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 77 ടെസ്റ്റുകളിൽനിന്ന് 48 വിജയങ്ങളുമായി ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്, 57 ടെസ്റ്റുകളിൽനിന്ന് 41 വിജയങ്ങളുമായി ഓസ്‌ട്രേലിയയുടെ തന്നെ സ്റ്റീവ് വോ എന്നിവർ മാത്രമാണ് ക്യാപ്റ്റന്മാരെന്ന നിലയിൽ ടെസ്റ്റ് വിജയങ്ങളുടെ കണക്കിൽ കോലിക്കു മുന്നിലുള്ളത്.
ഇന്ത്യൻ നായകന്മാരുടെ കൂട്ടത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് വിജയക്കണക്കിൽ ബഹുദൂരം മുന്നിലാണ് കോലി. രണ്ടാം സ്ഥാനത്തുള്ള കോലിയുടെ മുൻഗാമി കൂടിയായ ധോണിക്ക് 60 ടെസ്റ്റുകളിൽനിന്ന് നേടാനായത് 27 വിജയങ്ങൾ. ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി 49 ടെസ്റ്റുകളിൽനിന്ന് 21 വിജയങ്ങളുമായി മൂന്നാമതുണ്ട്.
എനിക്കെന്റെ ടീമിനെ വഞ്ചിക്കാൻ കഴിയില്ല.. വികാരാധീനനായി പടിയിറക്കം
തന്റെ കളിയോടും കളിക്കളത്തോടും കോഹ്ലി കാണിച്ച ആത്മാർത്ഥ അദ്ദേഹത്തിന്റെ ട്വീറ്റിലും പ്രകടമാണ്.ഏഴ് വർഷത്തെ കഠിനാധ്വാനമാണ്, ടീമിനെ ശരിയായ ദിശയിൽ നയിക്കാനുള്ള കഷ്ടപ്പാടും കഠിനമായ പരിശ്രമവുമായിരുന്നു എല്ല ദിവസവും. പൂർണ്ണ സത്യസന്ധതയോടെയാണ് ഞാൻ എന്റെ ജോലി ചെയ്തത്, ഒന്നും ബാക്കിവച്ചിട്ടുമില്ല. എല്ലാകാര്യവും ഒരു ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടിവരും, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ആ ഘട്ടം ഇപ്പോഴാണ്. ഈ യാത്രയിൽ ഒരുപാട് ഉയർച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരിക്കലും പരിശ്രമത്തിനോ വിശ്വാസത്തിനോ കുറവുണ്ടായിട്ടില്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും എന്റെ 120 ശതമാനവും നൽകിയിട്ടുണ്ട് എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്, എനിക്കത് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എനിക്കറിയാം അതല്ല ശരിയെന്ന്. എനിക്ക് ഇക്കാര്യത്തിൽ പൂർണ്ണ ബോധ്യമുണ്ട്. എനിക്കെന്റെ ടീമിനെ വഞ്ചിക്കാൻ കഴിയില്ല.
ഇത്രയും നീണ്ട കാലയളവിൽ എന്റെ രാജ്യത്തെ നയിക്കാൻ അവസരം നൽകിയതിന് ബിസിസിഐയോട് എന്റെ നന്ദി. ആദ്യ ദിനം മുതൽ ടീമിനായുള്ള എന്റെ കാഴ്ചപാടുകൾക്കൊപ്പം നിന്ന, ഒരു ഘട്ടത്തിൽ പോലും വിട്ടുകളയാതിരുന്ന ടീം അംഗങ്ങൾക്കും നന്ദി. നിങ്ങളാണ് ഈ യാത്ര എന്നെന്നും ഓർത്തിരിക്കാവുന്നതും മനോഹരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങളെ മുന്നോട്ട് നയിച്ച, ഈ വണ്ടിയുടെ എഞ്ചിനായ രവി ഭായ്ക്കും സപ്പോർട്ട് ടീമിനും നന്ദി. അവസാനമായി എന്നിലെ ക്യാപ്റ്റനെ വിശ്വസിച്ച ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ കഴിവുള്ള വ്യക്തിയാണ് ഞാൻ എന്ന് കണ്ടെത്തിയ എം എസ് ധോനിക്ക് ഒരു വലിയ നന്ദി.എന്നാണ് കോഹ്ലി കുറിച്ചത്.
തന്റെ ജീവിതത്തിലെ മോശദിനമെന്ന് രവിശാസ്ത്രി
പലരും ഞെട്ടലോടെയാണ് കോലിയുടെ തീരുമാനത്തെ എതിരേറ്റത്. മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, മുൻ താരങ്ങളായ വസിം ജാഫർ, സുരേഷ് റെയ്ന, ഇർഫാൻ പത്താൻ എന്നിവരെല്ലാം തീരുമാനത്തോട് പ്രതികരിച്ചു.
ഇതിൽ ശാസ്ത്രിയുടെ ട്വീറ്റ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ മോശം ദിവസങ്ങളിലൊന്നാണെന്ന് ശാസ്ത്രി കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''വിരാട്, നിങ്ങൾക്ക് തലയുയർത്തി തന്നെ മടങ്ങാം. നായകനെന്ന നിലയിൽ നിങ്ങളൊരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. തീർച്ചയായും ഇന്ത്യൻ ടീമിനൊപ്പം വിജയകരമായിരുന്നു നിങ്ങളുടെ ക്യാപ്റ്റൻസി. തീർച്ചയായും ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ. ഇന്നെനിക്ക് മോശം ദിവസാണ്. കാരണം, നമ്മളൊരുമിച്ച് കെട്ടിപ്പടുത്തതാണ് ഇന്നത്തെ ഇന്ത്യൻ ടീം.'' ശാസ്ത്രി കുറിച്ചിട്ടു.
ജാഫറും കോലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് സംസാരിച്ചു. ''കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത് മുതൽ ഇന്ത്യ ഓവർസീസ് സാഹചര്യങ്ങളിൽ ജയിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ വിദേശത്ത് തോൽക്കുന്നത് കാണുമ്പോൾ വിഷമമാണ്. കോലി എത്രത്തോളം ഇന്ത്യൻ ടീമിനെ മുന്നോട്ട് കൊണ്ടുപോയി, അല്ലെങ്കിൽ മാറ്റി എന്നതിനുള്ള ഉദാഹരണമാണിത്. അഭിനന്ദനൾ.'' ജാഫർ കുറിച്ചിട്ടു.
കോലിയുടെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് റെയ്ന വ്യക്തമാക്കി. ''കോലിയുടെ തീരുമാനം ഞെട്ടലുണ്ടാക്കുന്നു. അതിനെ ബഹുമാനിക്കുന്നു. ലോക ക്രിക്കറ്റിനും ഇന്ത്യക്കും അദ്ദേഹം ചെയ്തത് മഹത്തായ കാര്യമാണ്. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത അഗ്രസീവായ താരമാണ് കോലി. ഇന്ത്യക്ക് വേണ്ടി അദ്ദേഹത്തിന് ഇനിയും തിളങ്ങാനാവുമെന്ന് ഞാൻ കരുന്നുന്നു.'' റെയ്ന കുറിച്ചിട്ടു.
കോലിയുടെ സേവനത്തിന് പത്താനും നന്ദി പറഞ്ഞു. ''ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തെ നിശ്ചയിക്കുമ്പോൾ കോലിയുടെ പേര് ധാരാളമായിരുന്നു. ഫലത്തിൽ മാത്രമല്ല, നായകനെന്ന നിലയിലും അദ്ദേഹം സ്വാധീനം ചെലുത്തി.'' പത്താൻ ട്വിറ്ററിൽ കുറിച്ചിട്ടു.മുൻ താരങ്ങളായ ആകാശ് ചോപ്ര, പ്രഗ്യാൻ ഓജ, ഹർഭജൻ സിങ് എന്നിവരും തങ്ങളുടെ അഭിപ്രായം ട്വിറ്ററിൽ വ്യക്തമാക്കി.
ക്യാപ്റ്റൻസിയുടെ ഭാരമില്ലാത്ത കോഹ്ലിയെയാവും ഇനി കളിക്കളത്തിൽ കാണാനാവുക. ഇന്ത്യയ്ക്ക് ഇനി ഫെബ്രുവരിമാർച്ച് കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ ശ്രീലങ്കയ്‌ക്കെതിരെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് കളിക്കാനുള്ളത്. ഇതിൽ ആദ്യ ടെസ്റ്റിൽ കളിച്ചാൽ അത് കോലിയുടെ കരിയറിലെ 100ാം ടെസ്റ്റ് ആയിരിക്കും.ഈ ടെസ്റ്റിൽ തന്റെ കേളിമികവ് കൊണ്ട് ആരാധാകരെ കൈയിലെടുക്കുന്ന കോഹ്ലിയെ കാണാനാകുമെന്ന് നമുക്ക് പ്ര്തീക്ഷിക്കാം.
സ്പോർട്സ് ഡെസ്ക്