ന്യൂഡൽഹി: നായകസ്ഥാനത്തു നിന്നുമുള്ള പടിയിറക്കത്തിന് പിന്നാലെ വിരാട് കോലിയുടെ 'ഭാവി' ചർച്ചയാക്കി മുൻ താരങ്ങൾ. ദേശീയ ടീമിൽ കളിക്കാരൻ മാത്രമായി മാറുന്ന വിരാട് കോലി ഇനി മുതൽ താരതമ്യേന ജൂനിയറായ താരങ്ങൾക്കു കീഴിൽ കളിക്കാൻ സ്വയം ഒരുങ്ങേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ നായകൻ കൂടിയായ കപിൽ ദേവ് അഭിപ്രായപ്പെട്ടു. ഇതിനായി കോലി തന്റെ ഈഗോ മാറ്റിവയ്‌ക്കേണ്ടി വരുമെന്നും കപിൽ ദേവ് മുന്നറിയിപ്പു നൽകി.

സീനിയറായിരുന്ന സുനിൽ ഗാവസ്‌കർ തനിക്കു കീഴിൽ കളിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് കപിൽ കോലിക്കായി ഈ ഉപദേശം നൽകിയത്. താൻ കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ ജൂനിയർ താരങ്ങൾക്കു കീഴിലും കളിച്ചത് കപിൽ ചൂണ്ടിക്കാട്ടി.

'സാക്ഷാൽ സുനിൽ ഗാവസ്‌കർ എനിക്കു കീഴിൽ കളിച്ചിട്ടുണ്ട്. ഞാൻ കെ. ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴിൽ കളിച്ചു. എനിക്ക് യാതൊരുവിധ ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴിൽ കളിക്കാൻ തയാറാകേണ്ടിവരും. അത് അദ്ദേഹത്തെയും ഇന്ത്യൻ ക്രിക്കറ്റിനെയും സഹായിക്കുകയേ ഉള്ളൂ. പുതിയ ക്യാപ്റ്റനും താരങ്ങൾക്കും മാർഗനിർദ്ദേശം നൽകി നയിക്കാൻ വിരാട് ഉണ്ടാകണം. വിരാട് കോലിയെന്ന ബാറ്ററെ നഷ്ടമാക്കാൻ നമുക്കു കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട' കപിൽ ദേവ് പറഞ്ഞു.

അതേ സമയം നായക സ്ഥാനം മാറിയതിന്റെ പേരിൽ മാത്രം വിരാട് കോലിയിൽ എന്തെങ്കിലും മാറ്റം വരേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പുതിയ ക്യാപ്റ്റനു കീഴിൽ പുതിയൊരു കോലിയെ പ്രതീക്ഷിക്കാമോ എന്ന് ഒരു ചാനൽ ചർച്ചയിൽ ചോദ്യമുയർന്നപ്പോഴാണ് ഗംഭീർ ഇങ്ങനെ പ്രതികരിച്ചത്.

നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. രണ്ട് ലോകകപ്പുകളും നാല് ഐപിഎൽ കിരീടങ്ങളും ചൂടിയ ചരിത്രമുള്ള മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം വിരാട് കോലിക്കു കീഴിൽ കളിച്ചതും ഗംഭീർ ഉദാഹരണമായി എടുത്തുകാട്ടി.

'എന്ത് പുതുമയാണ് കോലിയിൽനിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ക്യാപ്റ്റൻ സ്ഥാനം ആർക്കും ജന്മാവകാശമായി ലഭിക്കുന്നതല്ല. മഹേന്ദ്രസിങ് ധോണി പോലും നായകസ്ഥാനം രാജിവച്ചശേഷം വിരാട് കോലിക്കു കീഴിൽ കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ മൂന്ന് ഐസിസി കിരീടങ്ങളും നാല് ഐപിഎൽ കിരീടങ്ങളും സ്വന്തമാക്കിയ ക്യാപ്റ്റനാണ് ധോണിയെന്ന് ഓർക്കണം' ഗംഭീർ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും ഇനിയും കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്നതിലും ടീമിന് വിജയം സമ്മാനിക്കുന്നതിലുമാകണം കോലിയുടെ ശ്രദ്ധയെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.

'വിരാട് കോലി തുടർന്നും പരമാവധി റൺസ് നേടാൻ ശ്രമിക്കണം. അതാണ് പ്രധാനപ്പെട്ടത്. ഇന്ത്യയ്ക്കായി കളിക്കുന്നത് നാം സ്വപ്നം കാണുമ്പോഴും ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത് ആരും സ്വപ്നം കാണാറില്ല. ഇന്ത്യയ്ക്കായി മത്സരങ്ങൾ ജയിക്കുന്നത് നാം സ്വപ്നം കാണും. അതൊക്കെ കോലിയെ സംബന്ധിച്ച് തുടർന്നും അങ്ങനെ തന്നെയായിരിക്കും. ടോസിങ്ങിനായി കളത്തിലേക്കു പോകുന്നതും ഫീൽഡിങ് മാറ്റങ്ങൾ വരുത്തുന്നതുമൊക്കെ ഒരുപക്ഷേ മാറിയേക്കാം. പക്ഷേ, കളത്തിലെ ആവേശവും ഊർജവുമെല്ലാം അതേപടി നിലനിൽക്കും. കാരണം, രാജ്യത്തിനായി കളിക്കുന്നത് എന്നും ആവേശകരമാണ്' ഗംഭീർ പറഞ്ഞു.

'ഇന്ത്യൻ ടീമിൽ കോലിയുടെ റോൾ അദ്ദേഹം ക്യാപ്റ്റനായിരുന്ന സമയത്തേതു തന്നെയായിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം വൺഡൗണായിത്തന്നെ ബാറ്റിങ്ങിനെത്തും. ഒട്ടേറെ റൺസ് നേടും. ഒരുപക്ഷേ, ഇന്ത്യൻ ബാറ്റിങ്ങിനെ താങ്ങിനിർത്തുന്ന ഇന്നിങ്‌സും കളിക്കും. കെ.എൽ. രാഹുലിനൊപ്പം രോഹിത് ശർമ തന്നെ തുടർന്നും ഓപ്പൺ ചെയ്യുമ്പോൾ കോലിയുടെ ഉത്തരവാദിത്തത്തിൽ എന്തു മാറ്റം വരാനാണ്?' ഗംഭീർ ചോദിച്ചു.

സ്വതന്ത്രമായി കളിക്കുന്നതിനായി ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ട വിരാട് കോലിയെ കപിൽ ദേവ് അഭിനന്ദിച്ചു. കോലിയുടേത് നല്ല തീരുമാനമാണെന്ന് കപിൽ പറഞ്ഞു.

'ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ കോലിയുടെ തീരുമാനം ഞാൻ സ്വാഗതം ചെയ്യുന്നു. ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ചതു മുതൽ കോലി കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയായി കോലിയെ സമ്മർദ്ദത്തിന് അടിപ്പെട്ട രീതിയിലാണ് കാണുന്നത്. അതുകൊണ്ട് സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിലൂടെ കോലി തിരഞ്ഞെടുത്തിരിക്കുന്നത്. നല്ല കാര്യം' കപിൽ ദേവ് പറഞ്ഞു.

'കോലി പക്വതയെത്തിയ മനുഷ്യനാണ്. ഈ സുപ്രധാനമായ തീരുമാനത്തിലെത്തുന്നതിനു മുൻപ് കോലി ഒരുപാട് ആലോചിച്ചിട്ടുണ്ടാകുമെന്ന് തീർച്ച. ഒരുപക്ഷേ, ക്യാപ്റ്റൻ സ്ഥാനം ആസ്വദിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ടാകില്ല. ഈ ഘട്ടത്തിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. നല്ല ഭാവി ആശംസിക്കുന്നു' കപിൽ പറഞ്ഞു.