ലണ്ടൻ: കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ ട്വ്ന്റി 20 പരമ്പര അതി നിർണായകമെന്ന് റിപ്പോർട്ടുകൾ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മോശം പ്രകടനം തുടരുന്ന കോലിക്ക് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സാധ്യത നിലനിർത്താൻ മികച്ച പ്രകടനം പുറത്തെടുത്തെ മതിയാവു.

ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ് അവസാന ടെസ്റ്റിൽ അദ്ദേഹം പൂർണ പരാജയമായി. ഇനി ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവർ പരമ്പരയാണ് കോലി കളിക്കുക. ഇന്ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ നിന്ന് കോലിക്ക് വിശ്രമം നൽകിയിരുന്നു. ശേഷിക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും കോലി കളിക്കുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിനു ശേഷം ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി 9 മാസം പിന്നിടുമ്പോൾ വിരാട് കോലിയുടെ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ കോലിക്കു പ്രകടനം മെച്ചപ്പെടുത്തിയേ മതിയാകൂ എന്നു ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

എന്നാൽ കോലിയുടെ കരിയറിൽ വഴിത്തിരിവായേക്കുന്ന പ്രധാന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവർ പരമ്പരയിൽ പ്രകടനം മോശമായാൽ താരത്തിന് പുറത്തേക്കുള്ള വഴി തെളിയുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

വാർത്തയിൽ പറയുന്നതിങ്ങനെ... ''വെസ്റ്റ് ഇൻഡീസിലേക്കുള്ള ടി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും. രോഹിത് ശർമ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനവദിച്ചേക്കും. വിരാട് കോലിയുടെ കാര്യത്തിൽ ടീം മാനേജ്മെന്റ് ഇപ്പോഴും തീരുമാനമെടുത്തില്ല. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിശ്ചിത ഓവർ പരമ്പര കോലിക്ക് നിർണായകമാണ്.'' ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകൾക്കു പിന്നാലെ വെസ്റ്റ്ഇൻഡീസിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും വിരാട് കോലി ഉൾപ്പെട്ടിട്ടില്ല. കോലിയെക്കൂടാതെ ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർക്കും പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഏകദിന പരമ്പരയ്ക്കു പിന്നാലെ വിൻഡീസിൽത്തന്നെ നടക്കുന്ന 5 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവർ ഇടംപിടിച്ചേക്കുമെന്നാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കോലിയുടെ കാര്യം അങ്ങനെയല്ലെന്നും റിപ്പോർട്ടിലുണ്ട്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 2,3 ട്വന്റി20 മത്സരങ്ങളിലും പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിലെയും കോലിയുടെ പ്രകടനമാകും ഇനിയുള്ള ഇന്ത്യയുടെ ട്വന്റി20 മത്സരങ്ങളിലെ കോലിയുടെ ഭാവി നിശ്ചയിക്കുക എന്നും റിപ്പോർട്ടിലുണ്ട്.

'വിൻഡീസിൽ നടക്കുന്ന ട്വന്റി20 പരമ്പരയിൽ രോഹിത്, പന്ത്, ഹാർദിക് എന്നിവർ ഉണ്ടാകും. ബുമ്ര ടീമിൽ ഉണ്ടാകാൻ സാധ്യത കുറവാണ്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ കോലി ഉൾപ്പെടുമോ എന്നറിയാൻ ടീം മാനേജ്‌മെന്റ് എന്തു തീരുമാനമാണ് എടുക്കുന്നത് എന്നതുവരെ കാത്തിരിക്കേണ്ടിവരും.

''എല്ലാ സെലക്ഷൻ മീറ്റിംഗിലും താരങ്ങൾ വർക്ക് ലോഡിനെ കുറിച്ച് സംസാരിക്കാറുണ്ട്. രോഹിത്, കോലി, ഹാർദിക്, ബുമ്ര, ഷമി എന്നിവരെല്ലാം വിശ്രമത്തെ കുറിച്ച് പറയാറുണ്ട്. നായകസ്ഥാനം ഏറ്റെടുത്ത ശേഷം രോഹിത് ചുരുക്കം ചില മത്സരങ്ങൾ മാത്രമാണ് കളിച്ചത്.

പാണ്ഡ്യ ദീർഘനാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. കോലിക്കും ആവശ്യമായ വിശ്രമം നൽകുന്നുണ്ട്. ഇവർ വിശ്രമം ആവശ്യപ്പെടുന്നതുകൊണ്ട് കൃത്യമായ ടീം കോംപിനേഷൻ ലഭിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്ഥിരമായി കളിച്ചത് റിഷഭ് പന്ത് മാത്രമാണ്.'' റിപ്പോർട്ടിൽ പറയുന്നു.