ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിലും ട്വന്റി 20 ലോകകപ്പിലും കളിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. മോശം ഫോമിലുള്ള കോലിയുടെ ഇന്ത്യൻ ടീമിലെ സ്ഥാനം തന്നെ ചർച്ചാവിഷയമായി നിൽക്കുമ്പോഴാണ് താരം നിലപാട് വ്യക്തമാക്കുന്നത്.

'ഏഷ്യാ കപ്പിലും ട്വന്റി 20 ലോകകപ്പിലും ഇന്ത്യൻ ടീമിന് കിരീടം നേടിക്കൊടുക്കുകയാണ് എന്റെ പ്രധാന ലക്ഷ്യം. അതിനായി എന്തിനും തയ്യാർ'- ഏഷ്യാ കപ്പിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് ഇറക്കിയ പ്രമോഷണൽ ട്വീറ്റിലൂടെയാണ് കോലി തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത മാസം 27 മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ്.

നിലവിൽ ടീം ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കോലി കുടുംബത്തോടൊപ്പം ലണ്ടനിൽ അവധിക്കാലം ചിലവഴിക്കുകയാണ്.ഇന്ത്യയുടെ അടുത്ത സിംബാബ്വേ പര്യടനത്തിൽ കോലി കളിക്കുമോ എന്ന് വ്യക്തമല്ല. സിംബാബ്വേയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങുക. ഓഗസ്റ്റ് 18, 20, 22 തിയതികളിലാണ് സിംബാബ്വേയിലെ മൂന്ന് ഏകദിനങ്ങൾ.

കരിയറിലെ ഏറ്റവും മോശം ഫോമിലാണ് മുപ്പത്തിമൂന്നുകാരനായ വിരാട് കോലി. 2019 നവംബറിന് ശേഷം കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിലും ഇംഗ്ലണ്ട് പര്യടനത്തിലുമൊക്കെ ഇന്ത്യയുടെ റൺമെഷീൻ തീർത്തും നിറംമങ്ങി. ഈ കോലിക്ക് ഇന്ത്യയുടെ ട്വന്റി 20 സ്‌ക്വാഡിൽ ഇനി സ്ഥാനമുണ്ടോ എന്ന് മുൻ താരങ്ങളുൾപ്പെടെ ചോദ്യമുയർത്തുകയും ചെയ്തിരുന്നു.

കോലിക്ക് പകരംവന്ന ദീപക് ഹൂഡയും സൂര്യകുമാർ യാദവും മിന്നും ഫോമിലാണ്. അതിനിടയിലാണ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ കളിക്കാനുള്ള സന്നദ്ധത കോലി പ്രകടിപ്പിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് ക്രിക്കറ്റ് നടക്കുക.